കൗൺസിൽ അലങ്കോലപ്പെടുത്തിയത് നേട്ടങ്ങളെപ്പറ്റി ചർച്ച നടക്കാതിരിക്കാനുള്ള കോൺഗ്രസ് ശ്രമം: മേയർ

Mail This Article
തൃശൂർ ∙ വികസന നേട്ടങ്ങളെപ്പറ്റി ചർച്ച നടക്കാതിരിക്കാനാണ് കൗൺസിൽ അലങ്കോലപ്പെടുത്താനുള്ള കോൺഗ്രസ് ശ്രമമെന്നും ബിജെപി കഥയറിയാതെ കോൺഗ്രസിന്റെ ബി ടീമാകാൻ ശ്രമിക്കുകയാണെന്നും മേയർ എം.കെ.വർഗീസ്. ഇന്നലെ അലങ്കോലപ്പെട്ട കൗൺസിലിൽ ജനോപകാരപ്രദമായ വിവിധ അജൻഡകൾ ഉണ്ടായിരുന്നെന്നും മേയർ പറഞ്ഞു.
കോർപറേഷൻ പരിധിയിൽ ഇത്തവണ വെള്ളക്കെട്ട് ഉണ്ടാകാതിരുന്നത് മഴക്കാല പൂർവ ശുചീകരണം സമയബന്ധിതമായി നടപ്പാക്കിയതിനു തെളിവാണ്. ഗാർബേജ് ഫ്രീ സിറ്റി ഫൈവ് സ്റ്റാർ റേറ്റിങ് അസസ്മെന്റ് ഡിവിഷനുകളിൽ നടന്നുവരുന്നത് തടസ്സപ്പെടുത്താനാണു കോൺഗ്രസ് ശ്രമം. ക്ഷമതയില്ലാത്ത നിർമാണങ്ങൾ നിയമാനുസൃതം പൊളിച്ചുകളയാനുള്ള നടപടി നടന്നുവരുന്നു.
ശുചീകരണ പ്രവർത്തനം ശക്തിപ്പെടുത്താൻ നൂറു താൽക്കാലിക ജീവനക്കാരെ എടുക്കുന്ന കാര്യം കൗൺസിലിൽ ചർച്ച ചെയ്യുന്നത് കോൺഗ്രസിന് സഹിക്കാനാകുന്നില്ല. അഞ്ഞൂറോളം താൽക്കാലിക ജീവനക്കാർക്കു സർക്കാർ നിർദേശപ്രകാരമുള്ള ശമ്പള വർധന നടപ്പാക്കിയത് അറിയിക്കാതിരിക്കാനാണു ശ്രമിക്കുന്നത്.ഒരു ആദിവാസി യുവാവിനു ജോലി ലഭിക്കാനുള്ള അവസരം ഇല്ലാതാക്കുന്നു. ഏപ്രിലിലെ അതിതീവ്ര മഴയിൽ അയ്യന്തോളിലെ മാരാർ കോൾ പടവു തകർന്ന് നൂറുകണക്കിനു ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചവർക്ക് ആനുകൂല്യം നൽകുന്നത് മറച്ചുവയ്ക്കാനാണു ശ്രമം.
കോർപറേഷന് ഐഎസ്ഒ അംഗീകാരം ലഭിക്കാൻ പൗരാവകാശരേഖ അംഗീകരിച്ച് പ്രിന്റ് ചെയ്യേണ്ടതുണ്ട്. ഇതു തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു. കാർഷിക സർവകലാശാലയിൽനിന്ന് 43.5 സെന്റ് ഭൂമി കോർപറേഷനു ലഭിക്കേണ്ടതും ഇല്ലാതാക്കുന്നു. 110 കെവി സബ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള അജൻഡ ഇന്നലത്തെ കൗൺസിൽ ചർച്ച ചെയ്യേണ്ടതുണ്ടായിരുന്നു. ലാലൂരിൽ നടപ്പാക്കുന്ന ‘ജലക്ഷമതയുള്ള തൃശൂർ’ പദ്ധതി മാസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും മേയർ പറഞ്ഞു.