പക്ഷികൾക്കു നല്ല കൊയ്ത്ത്; കർഷകർക്കു കഷ്ടകാലം

Mail This Article
പുത്തൻചിറ ∙ കൃഷിയിടങ്ങളിലേക്ക് മയിലും നീലക്കോഴിയും കൂട്ടമായി എത്താൻ തുടങ്ങിയതോടെ കർഷകർ ദുരിതത്തിൽ. കൃഷി ചെയ്ത പച്ചക്കറിയും നെല്ലും ഇവ കൂട്ടത്തോടെ തിന്നു തീർക്കുകയാണ്. കുന്നത്തേരി പാടത്താണ് വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം കൃഷി ചെയ്ത പച്ചക്കറി തൈകളും വിത്തും ഭൂരിഭാഗവും മയിലുകൾ തിന്നു തീർത്തു. അഞ്ചിലധികം മയിലുകൾ കൃഷിയിടങ്ങളിൽ എത്തുന്നുണ്ടെന്ന് കർഷകർ പറയുന്നു.
വാരമെടുത്തു നട്ട വിത്തും ചെടികളും ചിക്കിച്ചികഞ്ഞു കളഞ്ഞിട്ടുണ്ട്. ഒച്ചയുണ്ടാക്കിയും പാട്ടയിൽ കൊട്ടിയും ഇവയെ അകറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും വീണ്ടും തിരികെ എത്തുന്നതായും നാട്ടുകാർ പറയുന്നു. അടുത്തിടെയാണ് ഈ മേഖലയിൽ മയിലുകൾ കൂട്ടത്തോടെ എത്തിത്തുടങ്ങിയത്. പൊട്ടുവെള്ളരി വിത്തുകൾ, തളിർക്കൂമ്പുകൾ, ഏത്തവാഴകൾ എന്നിവയും ഇവ തീറ്റയാക്കുന്നു. നീലക്കോഴികളും നെൽപാടങ്ങളിൽ വ്യാപകമായിട്ടുണ്ട്. ഒരാഴ്ച മുൻപുണ്ടായിരുന്ന കനത്തമഴയിൽ പാടത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ഞാറുകൾ പകുതിയോളം നശിച്ചിരുന്നു. ശേഷിക്കുന്ന ഞാറാണ് നീലക്കോഴികൾ നശിപ്പിക്കുന്നത്.