കെട്ടിടങ്ങൾ അപകടാവസ്ഥയിൽ; മൗനം തുടർന്ന് മേയർ: പ്രതിഷേധം ശക്തമാക്കി കോൺഗ്രസും ബിജെപിയും

Mail This Article
തൃശൂർ ∙ നഗരത്തിൽ ഇരുമ്പു മേൽക്കൂര റോഡിലേക്കു നിലംപതിച്ച സംഭവത്തിനു ശേഷവും അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ കാര്യത്തിൽ മൗനം തുടരുന്നുവെന്നാരോപിച്ച് കൗൺസിൽ ഹാളിൽ മേയർ എം.കെ.വർഗീസിനെ വളഞ്ഞ് കോൺഗ്രസ്–ബിജെപി അംഗങ്ങളുടെ പ്രതിഷേധം. പതിവിൽ നിന്ന് വ്യത്യസ്തമായി കൗൺസിൽ യോഗം ആരംഭിച്ചുടൻ ഭരണപക്ഷത്തെ കൗൺസിലർമാരെ സംസാരിക്കാൻ അനുവദിച്ചതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലന്റെ നേതൃത്വത്തിൽ കൗൺസിലർമാർ മേയറുടെ ഇരിപ്പിടം വളഞ്ഞ് മുദ്രാവാക്യം വിളിച്ചു.
വിനോദ് പൊള്ളഞ്ചേരിയുടെ നേതൃത്വത്തിൽ ബിജെപി അംഗങ്ങളും ചേർന്നതോടെ ബഹളം കനത്തു. കോൺഗ്രസ് അംഗങ്ങൾ അജൻഡ കീറിയെറിഞ്ഞു. ജനങ്ങളുടെ ജീവനു വിലകൽപിക്കാത്ത മേയർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട പ്ലക്കാർഡുകളും ഡിവിഷനുകളിൽ പലയിടത്തും പൈപ്പിൽ വരുന്ന കലങ്ങിയ വെള്ളം കുപ്പിയിലാക്കിയതും ഉയർത്തിക്കാട്ടിയായിരുന്നു ബിജെപിയുടെ പ്രതിഷേധം. ഭരണപക്ഷ അംഗങ്ങൾ സീറ്റിലിരുന്ന് സ്റ്റീൽ ഗ്ലാസുകളും പാത്രങ്ങളും പരസ്പരം കൊട്ടിയും കൂക്കിവിളിച്ചും ശബ്ദമുണ്ടാക്കി പ്രതിപക്ഷ അംഗങ്ങളെ ചൊടിപ്പിച്ചു.
പ്രതിഷേധത്തിനിടയിലൂടെ അജൻഡ വായിച്ചു തുടങ്ങിയതോടെ മുദ്രാവാക്യം വിളിയും കനത്തു. പ്രതിഷേധം അവസാനിപ്പിച്ച് സീറ്റിലേക്കു മടങ്ങാൻ പലതവണ ആവശ്യപ്പെട്ടിട്ടും പിന്തിരിയാതെ വന്നപ്പോൾ ബെല്ലടിച്ച് യോഗം പിരിച്ചുവിട്ട് മേയർ ചേംബറിലേക്കു പോയി. കൗൺസിൽ ഹാളിൽ സമാന്തര യോഗം ചേർന്ന് കോൺഗ്രസ് അംഗങ്ങളും മേയറുടെ ചേംബറിനു മുൻപിൽ കുത്തിയിരുന്ന് ബിജെപി അംഗങ്ങളും പ്രതിഷേധം തുടർന്നു. കൗൺസിൽ യോഗം അലങ്കോലപ്പെട്ടതോടെ ഒട്ടേറെ വിവാദ വിഷയങ്ങളിൽ മറുപടി പറയേണ്ട സാഹചര്യത്തിൽ നിന്ന് ഭരണപക്ഷത്തിനു തടിതപ്പാനും കഴിഞ്ഞു.
മേയർക്ക് അലംഭാവരത്‌ന
∙ അഞ്ചിന അലംഭാവങ്ങളുടെ പേരിൽ മേയർക്ക് പ്രഥമ ഭാരത അലംഭാവരത്‌ന പുരസ്കാരം പ്രഖ്യാപിച്ചാണ് കോൺഗ്രസ് അംഗങ്ങൾ സമാന്തര കൗൺസിൽ യോഗം തുടർന്നത്. മേൽക്കൂര റോഡിൽ നിലംപതിച്ച സംഭവം, 271 കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്ന റിപ്പോർട്ട് ഉണ്ടായിട്ടും നടപടി സ്വീകരിക്കാതിരിക്കൽ, ഒരു കോടി രൂപ ചെലവിൽ കോർപറേഷൻ അങ്കണത്തിൽ സ്ഥാപിച്ച മൾട്ടിലവൽ കാർ പാർക്കിങ് സംവിധാനം തകർന്ന സംഭവം, 21.5 ലക്ഷം രൂപ ചെലവിൽ നിർമിച്ച് കോർപറേഷൻ അങ്കണത്തിൽ സ്ഥാപിച്ച കൊടിമരത്തിൽ ദേശീയപതാകയും ലേണിങ് സിറ്റിയുടെ ഭാഗമായി കോർപറേഷൻ ഗേറ്റിൽ ഒരുക്കിയ ഓപ്പൺ ലൈബ്രറി അലമാരകളും കാണാതായ സംഭവങ്ങൾ എന്നിവയെല്ലാം എണ്ണിപ്പറഞ്ഞാണ് രാജൻ ജെ.പല്ലൻ പുരസ്കാരം പ്രഖ്യാപിച്ചത്.
കോർപറേഷൻ കെട്ടിടത്തിന്റെ ഇരുമ്പു മേൽക്കൂര എംഒ റോഡിൽ നിലംപതിച്ച സംഭവത്തിൽ കുറ്റക്കാരനായ മേയർ രാജിവയ്ക്കുക, നിയമ നടപടികളിൽ വീഴ്ചവരുത്തിയ കോർപറേഷൻ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാരിലേക്ക് ശുപാർശ ചെയ്യുക, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുക, അപകടത്തിലുള്ള 271 കെട്ടിടങ്ങൾ ഉടൻ പൊളിച്ചുനീക്കുക എന്നീ ആവശ്യങ്ങളും കോൺഗ്രസ് ഉന്നയിച്ചു.
പ്രതിപക്ഷ ഉപനേതാവ് ഇ.വി.സുനിൽരാജ്, ജോൺ ഡാനിയൽ, ലാലി ജയിംസ്, കെ.രാമനാഥൻ, ശ്യാമള മുരളീധരൻ, മേഫി ഡെൽസൻ, വില്ലി ജിജോ, സിന്ധു ആന്റോ ചാക്കോള, നിമ്മി റപ്പായി, സുനിത വിനു, മേഴ്സി അജി, ലീല വർഗീസ്, ആൻസി ജേക്കബ്, റെജി ജോയ്, ജയപ്രകാശ് പൂവത്തിങ്കൽ, എ.കെ.സുരേഷ്, എൻ.എ.ഗോപകുമാർ, ശ്രീലാൽ ശ്രീധർ, എബി വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഇരുമ്പു മേൽക്കൂര റോഡിലേക്കു നിലംപൊത്തിയതും രണ്ടാഴ്ചയിൽ അധികമായി കുടിവെള്ള പൈപ്പിൽ കലങ്ങിയ വെള്ളം വരുന്നതും കൗൺസിലിൽ ചർച്ച ചെയ്യാതിരിക്കാനാണ് യോഗം അലങ്കോലമാക്കി മേയറും ഭരണനേതൃത്വവും ഒളിച്ചോടിയതെന്ന് ബിജെപി പാർലമെന്ററി പാർട്ടി നേതാവ് വിനോദ് പൊള്ളഞ്ചേരി ആരോപിച്ചു. കൗൺസിലർമാരായ എൻ.പ്രസാദ്, പൂർണിമ സുരേഷ്, വി.ആതിര, കെ.ജി.നിജി, എൻ.വി.രാധിക എന്നിവർ പ്രസംഗിച്ചു.