ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വിള്ളൽ

Mail This Article
കല്ലേറ്റുംകര∙ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലും മതിലിലും വിള്ളൽ. അപകട സാധ്യത ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യവുമായി റെയിൽവേ സ്റ്റേഷൻ വികസന സമിതി രംഗത്ത്. 2–ാം നമ്പർ പ്ലാറ്റ്ഫോമിന്റെ വടക്കേ അറ്റത്ത് ഒരുവർഷം മുൻപ് നീളംകൂട്ടി നിർമിച്ച ഭാഗത്താണ് ഏകദേശം 20 മീറ്റർ നീളത്തിൽ വിള്ളൽ സംഭവിച്ചിരിക്കുന്നത്. മതിലിനും പ്ലാറ്റ്ഫോമിനും ഇടയിൽ ആഴത്തിലാണു വിള്ളൽ.മതിലിന്റെയും പ്ലാറ്റ്ഫോമിന്റെയും പലഭാഗങ്ങളിലും കുറുകെയും വിള്ളലുകളുണ്ട്. ദിനംപ്രതി നിരവധി യാത്രക്കാർ ട്രെയിൻ കാത്തുനിൽക്കുന്ന ഭാഗമാണിത്.മണ്ണിട്ട് ഉയർത്തിയാണ് പ്ലാറ്റ്ഫോം നിർമിച്ചിരിക്കുന്നത്.
കോൺക്രീറ്റിങ്ങിൽ നിലവാരം കുറഞ്ഞതാകാം വിള്ളലിനു കാരണമെന്ന് യാത്രക്കാർ ആരോപിച്ചു. മതിലിൽ വിള്ളൽ വന്ന ഭാഗം മഴയിൽ നിലംപതിക്കുമെന്ന ആശങ്കയിലാണ് യാത്രക്കാർ. റെയിൽവേയുടെ 50 ലക്ഷം രൂപ ചെലവഴിച്ച് സ്റ്റേഷനിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 2–ാം നമ്പർ പ്ലാറ്റ്ഫോം ഉൾപ്പെടെ ടൈൽ വിരിച്ച് നവീകരിക്കാൻ പദ്ധതി ഉണ്ടായിരുന്നു. എന്നാൽ വിള്ളൽ യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടതോടെ ടൈൽ വിരിക്കുന്ന പണി നിർത്തിവയ്ക്കണമെന്ന് റെയിൽവേ സ്റ്റേഷൻ വികസന സമിതി ആവശ്യപ്പെട്ടു. ഇതോടെ നിർമാണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.