ഠാണാവിൽ റോഡ് ഇടിഞ്ഞു; നടക്കാൻ കഴിയാത്ത അവസ്ഥ

Mail This Article
ഇരിങ്ങാലക്കുട∙ ജലവിതരണ പൈപ്പിടാൻ ഠാണാ ജംക്ഷനിൽ വാട്ടർ അതോറിറ്റിയും കെഎസ്ടിപിയും ചേർന്ന് കുഴിയെടുത്ത ഭാഗം രണ്ടാഴ്ച പിന്നിട്ടിട്ടും മൂടാത്തതിനാൽ മഴയിൽ റോഡിന്റെ ഒരു വശം ഇടിഞ്ഞു. ഏറെ ഗതാഗതക്കുരുക്ക് നേരിടുന്ന ഇവിടെ നടപ്പാതയോടു ചേർന്നുള്ള ഭാഗത്താണ് കുഴിയെടുത്തത്. ഇതോടെ കാൽനട യാത്രക്കാർക്കു നടക്കാൻ കഴിയാത്ത അവസ്ഥയായി. മാർക്കറ്റിൽ നിർമാണം നടക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പും തൃശൂർ – കൊടുങ്ങല്ലൂർ റോഡ് നവീകരണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കുന്ന ജലവിതരണ പൈപ്പും സ്ഥാപിക്കാൻ രണ്ടാഴ്ച മുൻപാണ് റോഡ് പൊളിച്ചത്.
പൈപ്പുകൾ സ്ഥാപിച്ചശേഷം കുഴി മൂടിയെങ്കിലും ഇവിടെ വാഹനങ്ങൾ താഴുന്നത് പതിവായിരുന്നു. ഏറെ പ്രതിഷേധങ്ങൾക്കുശേഷം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചെങ്കിലും പൈപ്പുകളുടെ തുടർന്നുള്ള അറ്റകുറ്റപ്പണിക്കായി റോഡിനോടു ചേർന്ന് കുഴിച്ച ഭാഗം മൂടിയില്ല. ഇവിടെ അപായ സൂചനാ ബോർഡുകൾ സ്ഥാപിക്കാതെ ഒരു റിബൺ കെട്ടുക മാത്രമാണ് ചെയ്തത്. പൈപ്പുകൾ സ്ഥാപിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും യാതൊരു നിർമാണ പ്രവൃത്തികളും ഇവിടെ നടന്നിട്ടില്ല.