ADVERTISEMENT

ചാലക്കുടി ∙ അനാസ്ഥയ്ക്ക് വേഗം കൂടിയപ്പോൾ ദേശീയപാതയിൽ വാഹനങ്ങളുടെ നിര അനക്കമില്ലാതെ കിടന്നതു മണിക്കൂറുകൾ. ചിറങ്ങര കടക്കാനായി വാഹനങ്ങളുടെ നിര 10 കിലോമീറ്ററിലേറെ ദൂരെ ചാലക്കുടി ടൗണും പിന്നിട്ടു. 3 മണിക്കൂറിലേറെയാണ് യാത്രക്കാർ ദേശീയപാതയിൽ കുടുങ്ങിയത്. കുരുക്കു മറികടക്കാൻ കഴിയാതെ വന്നതോടെ സ്വകാര്യ, കെഎസ്ആർടിസി ബസുകൾ ട്രിപ് മുടക്കി. 

ദേശീയപാതയിൽ മുരിങ്ങൂർ ജംക്‌ഷനിൽ അടിപ്പാത നിർമാണ സ്ഥലത്തോടു ചേർന്ന് വാഹനങ്ങൾ കടന്നുപോകുന്ന ഇടുങ്ങിയ വഴിയിൽ രൂപപ്പെട്ട വലിയ കുഴികൾ പാറമട അവശിഷ്ടം ഉപയോഗിച്ചു നികത്താനുള്ള ശ്രമം. നിർമാണത്തിലിരിക്കുന്ന അടിപ്പാതയും കാണാം.
ദേശീയപാതയിൽ മുരിങ്ങൂർ ജംക്‌ഷനിൽ അടിപ്പാത നിർമാണ സ്ഥലത്തോടു ചേർന്ന് വാഹനങ്ങൾ കടന്നുപോകുന്ന ഇടുങ്ങിയ വഴിയിൽ രൂപപ്പെട്ട വലിയ കുഴികൾ പാറമട അവശിഷ്ടം ഉപയോഗിച്ചു നികത്താനുള്ള ശ്രമം. നിർമാണത്തിലിരിക്കുന്ന അടിപ്പാതയും കാണാം.

വിദ്യാർഥികൾ മണിക്കൂറുകൾ വൈകിയാണ് സ്കൂളിലും കോളജിലുമെത്തിയത്. ജീവനക്കാർ വൈകിയതോടെ പല സ്ഥാപനങ്ങളുടെയും പ്രവർത്തനം താളംതെറ്റി. ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി പോയ ആംബുലൻസുകളും പത്രം, പാൽ തുടങ്ങിയ അവശ്യ സേവനങ്ങളുടെ വിതരണക്കാരും കുരുക്കിൽപെട്ടു. അവധി കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാർഥിനി കൊടകരയിൽ നിന്ന് 6.15ന് യാത്ര ആരംഭിച്ച് 8.45നാണ് മുരിങ്ങൂരിലെത്തിയത്. ചിറങ്ങരയിലെത്താൻ വീണ്ടും മണിക്കൂറുകൾ വേണ്ടി വന്നു.

മുരിങ്ങൂരിൽനിന്നു വാഹനങ്ങൾ വഴി തിരിച്ചു വിട്ട വർക്‌ഷോപ് ഏരിയ–മേലൂർ റോഡിൽ കെഎസ്ആർടിസി ബസ് ഇടിച്ചു വീട്ടുപറമ്പിന്റെ മതിലിന്റെ ഒരു ഭാഗം തകർന്നു. മുക്കാട്ടുകരക്കാരൻ ജെയ്സന്റെ മതിലാണു പൊളിഞ്ഞത്. ബസ് നീക്കാൻ സാധിക്കാതെ വന്നതോടെ  ഈ വഴി വാഹനങ്ങൾ കടത്തിവിടാൻ സാധിക്കാതെയായി. സമീപത്തെ നായത്തോടൻ തങ്കച്ചന്റെ മതിൽ മണ്ണുമാന്തി യന്ത്രമെത്തിച്ച് പൊളിച്ച ശേഷമാണ് ബസ് നീക്കാനായത്.

സമാന്തരപാതകളായി ഉപയോഗപ്പെടുത്തിയിരുന്ന മുരിങ്ങൂർ–മേലൂർ, മുരിങ്ങൂർ–ആറ്റപ്പാടം–വഴിച്ചാൽ–മംഗലശേരി–പൊങ്ങം, തിരുമുടിക്കുന്ന്–കറുകുറ്റി, പൊങ്ങം–കാതിക്കുടം റോഡുകളിലെല്ലാം സ്കൂൾ ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ  കുടുക്കിൽപെട്ടു. 

ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് വാഹനങ്ങൾ വഴി തിരിച്ചു വിട്ട മുരിങ്ങൂർ – മേലൂർ റോഡിലെ പടുകൂറ്റൻ കുഴികൾ.
ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് വാഹനങ്ങൾ വഴി തിരിച്ചു വിട്ട മുരിങ്ങൂർ – മേലൂർ റോഡിലെ പടുകൂറ്റൻ കുഴികൾ.

ഇതിനിടെ മുരിങ്ങൂരിലും ചിറങ്ങരയിലും വാഹനങ്ങൾ കടത്തി വിടുന്ന റോഡുകളിൽ കുഴികൾ നിറഞ്ഞതു യാത്രാദുരിതം ഇരട്ടിയാക്കി.  മണ്ണുമാന്തി യന്ത്രമെത്തിച്ചു പാറമട അവശിഷ്ടങ്ങൾ നിരത്തി കുഴി മൂടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. റോഡിനോടു ചേർന്നുള്ള ചളിക്കുഴികളും ഗതാഗതക്കുരുക്കിന്റെ ആക്കം കൂട്ടി. അശാസ്ത്രീയമായ ഡ്രെയ്നേജ് സംവിധാനം കാരണം കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ റോഡുകളിൽ വെള്ളക്കെട്ട് കൂടി രൂപപ്പെട്ടതോടെ കാര്യങ്ങൾ വഷളായി. 

അടിപ്പാത നിർമാണം തുടങ്ങിയത് ബദൽ റോഡ് സജ്ജമാക്കാതെ 
നിർമാണം ആരംഭിക്കും മുൻപേ സർവീസ് റോഡുകൾ ബദൽ റോഡുകളായി ബലപ്പെടുത്തി ടാറിങ്ങോ കോൺക്രീറ്റോ നടത്തി സജ്ജമാക്കണെന്നു തുടക്കത്തിൽ തന്നെ ജനം നിർദേശിച്ചിരുന്നു. എന്നാൽ ഡ്രെയ്നേജ് നിർമാണം പോലും പൂർത്തിയാകും മുൻപും കുത്തിപ്പൊളിച്ച റോഡുകൾ മതിയായ രീതിയിൽ മൂടുക പോലും ചെയ്യാതെ ദേശീയപാത അടച്ചുകെട്ടി നിർമാണം ആരംഭിക്കുകയായിരുന്നു. ബദൽ റോഡുകൾ ശരിയാംവണ്ണം നിർമിച്ചിരുന്നെങ്കിൽ ഗതാഗതക്കുരുക്കിനു കുറച്ച് അയവുണ്ടാകുമായിരുന്നു. 

പാലിക്കപ്പെടാതെ പ്രഖ്യാപനങ്ങൾ
മേയ് 27നു ഡിവൈഎസ്പി പി.സി.ബിജുകുമാറിന്റെ സാന്നിധ്യത്തിൽ നടത്തിയ യോഗത്തിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും കരാറുകാരും നൽകിയ ഉറപ്പുകൾ പാലിക്കാത്തതാണു ഗുരുതര വീഴ്ചയായത്. അതിനു മുൻപു പല ഘട്ടങ്ങളിലായി കലക്ടറും റൂറൽ ജില്ലാ പൊലീസ് മേധാവിയും വിളിച്ചു ചേർത്ത യോഗങ്ങളിലെ നിർദേശങ്ങളും പാലിക്കപ്പെട്ടില്ല. 

ദേശീയപാത അതോറിറ്റി, റോഡ് നിർമാണ കമ്പനിയുടെ പ്രതിനിധികൾ, കൺസൽട്ടന്റ് സ്ഥാപനത്തിലെ എൻജിനീയർമാർ, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, കൊരട്ടി, കൊടകര, പുതുക്കാട് പൊലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാർ എന്നിവർ പങ്കെടുത്ത യോഗങ്ങൾക്കു ശേഷം ഗതാഗതക്കുരുക്ക് രൂക്ഷമായ മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിൽ സന്ദർശിച്ചു റോഡ് സുരക്ഷ ഉറപ്പാക്കാനും ഗതാഗതം സുഗമമായി നടത്താനും കർശന നടപടികൾക്കു തീരുമാനിച്ചെങ്കിലും ഗതാഗതക്കുരുക്കു മുറുകുക മാത്രമാണുണ്ടായത്.

സർവീസ് നിർത്തും:‌ സ്വകാര്യ ബസുടമകൾ
ചാലക്കുടി ∙ ദേശീയപാതയിലെ ഗതാഗതക്കുരുക്കു കാരണം സർവീസ് പൂർത്തിയാക്കാനാകാതെ സ്വകാര്യ ബസുകൾ. ട്രിപ്പുകൾ മുടങ്ങുന്നതു പതിവായതോടെ സർവീസ് പൂർണമായി നിർത്താൻ ബസുടമ സംഘടനകൾ ഒരുങ്ങുന്നു.  ചാലക്കുടിയിൽനിന്നു തെക്കോട്ടു പോകുന്ന റൂട്ടുകളായ കാടുകുറ്റി, മേലൂർ, കൊരട്ടി, നാലുകെട്ട്, പാലപ്പിള്ളി, അന്നമനട, മാമ്പ്ര, പറവൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകൾക്കാണു സർവീസ് നടത്താൻ സാധിക്കാതിരുന്നത്. 10 ദിവസത്തിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഈ റൂട്ടിലൂടെയുള്ള സർവീസ് നിർത്തി വയ്ക്കുമെന്നു  സംഘടനാഭാരവാഹികളായ ജോൺസൺ പയ്യപ്പിള്ളി, ഷിബു ആട്ടോക്കാരൻ, പി.ആർ.അഭിലാഷ്, ജോഷി പാഴായി, ലിൻസൻ ജോൺ എന്നിവർ അറിയിച്ചു.

തിരിഞ്ഞു നോക്കാതെ ജനപ്രതിനിധികൾ 
ദേശീയപാതയിലെ ഗതാഗതക്കുരുക്കു രൂക്ഷമായി തുടരുമ്പോഴും ജനപ്രതിനിധികൾ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന പരാതി ശക്തം. എംപിയും എംഎൽഎയും പഞ്ചായത്ത്, നഗരസഭാധ്യക്ഷന്മാരും അടക്കമുള്ളവർ ദുരിതത്തിനു നേരെ കണ്ണടയ്ക്കുകയാണെന്നാണ് ആക്ഷേപം. ഗതാഗതക്കുരുക്ക് അടക്കം ദേശീയപാതയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തിയിരുന്നു. എന്നാൽ തുടർ ഇടപെടലുണ്ടായില്ല. എംഎൽഎക്കെതിരെ ആരോപണം ഉയർത്തിയ സിപിഎം ഉൾപ്പെടെയുള്ള കക്ഷികളും എൽഡിഎഫ് നേതൃത്വവും പ്രശ്നത്തിൽ മൗനം പാലിക്കുകയാണ്. കോൺഗ്രസ്, ബിജെപി ഉൾപ്പെടെയുള്ള കക്ഷികളും വിഷയത്തിൽ കാര്യമായി ഇടപെടുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

English Summary:

Chalakudy traffic jam caused a massive standstill on the National Highway, impacting commuters for hours. Thousands of vehicles were stranded, leading to cancellations of public transportation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com