ADVERTISEMENT

തൃശൂർ ∙ പരിധിവിട്ട വായ്പയുടെ രൂപത്തിൽ ചതി വന്നു തലയിൽ വീണപ്പോൾ ശിവനും (61) ഭാര്യ ശ്യാമളയ്ക്കും (54) നഷ്ടമാകുന്നതു നാലുസെന്റ് ഭൂമിയിലെ കിടപ്പാടം. അഞ്ചേരി കാർഷികേതര വായ്പാ സഹകരണ സംഘത്തിൽ കുറി വിള‍‍ിച്ചെടുക്കാൻ ജാമ്യം നിൽക്കണമെന്നു തെറ്റിദ്ധരിപ്പിച്ചു ബന്ധുവായ യുവതി ഇവരുടെ പേരിലെടുത്ത വായ്പയാണ് 25 ലക്ഷം രൂപയുടെ കടക്കെണിയായി മാറ‍ിയത്. സിപിഎം ഭരിക്കുന്ന സഹകരണ സംഘത്തിന്റെ പ്രവർത്തന പരിധിയിൽ നിന്ന് ഏറെ അകലെയായിട്ടും ശിവന്റെ വീടിന്റെ ഈടിന്മേൽ വായ്പ പാസാക്കിയതെങ്ങനെ എന്നതിന് ഉത്തരമില്ല. ജപ്തിക്കു മുന്നോടിയായി വീടിനു മുന്നിൽ ബോർഡ് സ്ഥാപിച്ചതോടെ ശിവനും കുടുംബവും നീതി തേടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിട്ടുണ്ട്.

ആറാട്ടുപുഴ പല്ലിശേരി പടിഞ്ഞാറേകൂടാരത്തിലാണു ശിവന്റെയും ശ്യാമളയുടെയും താമസം. ബന്ധുവായ യുവതി 11 വർഷം മുൻപാണു സഹായമഭ്യർഥിച്ചു ശിവനെ സമീപിക്കുന്നത്. അഞ്ചേരി സഹകരണ സംഘത്തിൽ 5 ലക്ഷം രൂപയുടെ കുറി വിളിച്ചെടുത്തിട്ടുണ്ടെന്നും ഇതിനു ജാമ്യം നിൽക്കണമെന്നുമായിരുന്നു അഭ്യർഥന. 10 തവണ കൂടിയേ അടയ്ക്കാൻ ബാക്കിയുള്ളൂവെന്നും പറഞ്ഞപ്പോൾ ശിവൻ വിശ്വസിച്ചു. ജാമ്യം നിൽക്കാൻ ആധാരം ഹാജരാക്കണമെന്നു വിശ്വസിപ്പിച്ചു. രേഖകൾ വായിച്ചു മനസ്സിലാക്കാൻ മാത്രം സാങ്കേതിക ജ്ഞാനമില്ലാത്തതിനാൽ ശിവൻ ആധാരം കൈമാറുകയും രേഖകളിൽ ഒപ്പിട്ടു നൽകുകയും ചെയ്തു. 

നന്തിക്കര സ്വദേശിയായ മറ്റൊരു ബന്ധുവിനെയും യുവതി ഇതേവിധത്തിൽ കബളിപ്പിച്ചു. വായ്പത്തുകയായ 12 ലക്ഷം രൂപ യുവതിയുടെ അക്കൗണ്ടിലേക്കാണ് എത്തിയത് എന്നതിനാൽ വായ്പയാണെന്ന വിവരം ശിവൻ അറിഞ്ഞതുമില്ല. ഏതാനും വർഷങ്ങൾക്കുശേഷം വീട്ടിലേക്കു സഹകരണ സംഘത്തിന്റെ നോട്ടിസ് എത്തിയപ്പോഴാണു തങ്ങൾ കടക്കെണിയിലാണെന്നു ശിവനും ശ്യാമളയും തിരിച്ചറിഞ്ഞത്. ഒരു രൂപ പോലും തിരിച്ചടയ്ക്കാത്തതിനാൽ കടം പെരുകി 25,30,508 രൂപയായി മാറിയിരുന്നു. ചതിക്കപ്പെട്ടെന്നു മനസ്സിലാക്കി ഇവർ സഹകരണ സംഘത്തിലെത്തിയെങ്കിലും വായ്പ തിരിച്ചടയ്ക്കുകയല്ലാതെ മാർഗമില്ലെന്ന മറുപടിയാണു ലഭിച്ചത്.

ചതി ചെയ്ത യുവതി ഇതിനകം വീടുവിറ്റു സ്ഥലംവിട്ടതിനാൽ മറ്റൊരു മാർഗവുമില്ലാതെ ശിവൻ നിയമസഹായം തേടി. സഹകരണ സംഘത്തിന്റെ പ്രവർത്തന പരിധിക്കു പുറത്തു വായ്പ അനുവദിക്കാൻ പാടില്ലെന്നു നിയമമുണ്ടായിട്ടും വായ്പ പാസായതെങ്ങനെയെന്ന് അന്വേഷിക്കണമെന്നും ഹർജിയിലുണ്ട്. ശിവനെ തെറ്റിദ്ധരിപ്പിച്ചു വായ്പയെടുത്ത ബന്ധു തിരിച്ചടയ്ക്കാതിരുന്നതാണു പ്രശ്നത്തിനു കാരണമെന്ന് അഞ്ചേരി കാർഷികേതര വായ്പാ സഹകരണ സംഘം സെക്രട്ടറി പ്രതികരിച്ചു. പ്രവർത്തന പരിധിക്കു പുറത്താണു വായ്പയെങ്കിലും നിയമാനുസൃത രേഖകളെല്ലാം ഹാജരാക്കിയിരുന്നെന്നും സെക്രട്ടറി അറിയിച്ചു.

English Summary:

Debt trap leaves Thrissur couple facing eviction. A relative's deceitful actions led to a 25 lakh loan, forcing Sivan and Shyamala to fight for their 4-cent land in court.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com