ADVERTISEMENT

ചാലക്കുടി ∙ ദേശീയപാതയിലെ അടിപ്പാതകളുടെ നിർമാണത്തിന്റെ ഭാഗമായി നടപ്പാക്കിയ ഗതാഗതക്രമീകരണം കാരണമുണ്ടായ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദേശിക്കപ്പെട്ട ബദൽ റോഡുകളുടെ ടാറിങ് നടത്താത്തതിൽ പ്രതിഷേധം ശക്തം. മുരിങ്ങൂരിൽ റോഡ് ഉഴുതിട്ട പോലെയായിട്ടും അൽപം പാറമട അവശിഷ്ടങ്ങൾ തള്ളുക മാത്രമാണ് ചെയ്തത്. മണിക്കൂറുകൾക്കകം ആ ഭാഗം കൂടുതൽ ശോച്യാവവസ്ഥയിലായി. ഇവിടെനിന്നുള്ള ചെളി തെറിക്കുന്നതിനാൽ പാതയോടു ചേർന്നുള്ള കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാനാകാതെ പൂട്ടിയിട്ടിരിക്കുകയാണ്. കാൽനടക്കാർ ഇതുവഴി പോയാൽ വാഹനങ്ങൾ പോകുമ്പോൾ ദേഹത്തും വസ്ത്രങ്ങളിലും ചെളി തെറിക്കുമെന്ന് ഉറപ്പ്.  

ദേശീയപാതയിലും ബദൽ റോഡിലും കുഴികൾ ഏറെയുണ്ട്. എറണാകുളം ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ ബദൽ റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് കുഴിയുള്ളതിനാൽ ട്രാഫിക് കോൺ വച്ചു വാഹനങ്ങൾ കുഴിയിൽ പെടാതെ നിയന്ത്രിച്ചിരിക്കുകയാണ്. ദേശീയപാതയോരത്തെ ഡ്രെയ്നേജുകൾക്കു മുകളിലെ സ്ലാബുകൾ പലതും തകർച്ചയുടെ വക്കിലാണ്. ചിലത് ഇളകിക്കിടക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. ഭാരവാഹനങ്ങൾ ഉൾപ്പെടെ കയറുന്ന സ്ലാബുകളുടെ ബലക്കുറവു കാരണം പലതും നേരത്തെ തകർന്നിരുന്നു. ഇതിനിടെ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം റോഡിലേക്ക് ഒലിച്ചെത്തുകയാണ്. പ്ലൈവുഡ് ഷീറ്റ് വച്ച് മൂടിയിട്ടിരിക്കുകയാണ് പൈപ്പ് പൊട്ടിയ ഭാഗം.

വെള്ളം ബദൽ റോഡിലേക്ക് ഒഴുകി പാഴാകാൻ തുടങ്ങിയിട്ടു നാളേറെയായെങ്കിലും അടയ്ക്കാൻ അധികൃതർ കൂട്ടാക്കിയില്ല.അടിപ്പാത നിർമാണം ആരംഭിക്കും മുൻപേ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ സുരക്ഷിതമായി മാറ്റി സ്ഥാപിക്കാൻ നിർദേശമുണ്ടായെങ്കിലും പാലിക്കപ്പെട്ടില്ല. സമാന്തര റോഡുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. വാഹനങ്ങൾ പല വഴി തിരിച്ചു വിട്ടിട്ടും ഇന്നലെയും കുരുക്കു തുടർന്നു. ബദൽ റോഡ് പൂർണമായും ടാർ ചെയ്യുകയും ഡ്രെയ്നേജിനു മുകളിലെ അപകടസ്ഥിതിയിലുള്ള സ്ലാബുകൾ മാറ്റി സ്ഥാപിക്കുകയും വേണമെന്ന ആവശ്യം ശക്തമാണ്. ഈ സ്ലാബുകളും ബദൽ റോഡും തമ്മിലുള്ള നിരപ്പു വ്യത്യാസം പരിഹരിക്കാത്തതും കുരുക്കിനു കാരണമാണ്.

English Summary:

Chalakudy's traffic woes worsen as the alternative road remains untarred. The dilapidated condition of the road, filled with potholes and damaged drainage slabs, poses significant safety risks to drivers and pedestrians.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com