തുഴഞ്ഞു രസിക്കാം ചേനം തരിശു പടവിൽ; ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള പദ്ധതിയുടെ ഉദ്ഘാടനം 22ന്

Mail This Article
ചേർപ്പ്∙ പ്രകൃതിഭംഗി നിറഞ്ഞ ചേനംതുരുത്ത് ഗ്രാമത്തിലെ പടവിൽ കുട്ടവഞ്ചികളും കയാക്കിങ് സൗകര്യങ്ങളും ഒരുക്കാൻ തയാറെടുക്കുകയാണ് ചേനം തരിശു പടവ് കമ്മിറ്റി. ഇതിലൂടെ ലഭിക്കുന്ന വരുമാനം പടവിലെ കർഷകർക്ക് ലഭ്യമാക്കും. പടവിൽ കുട്ടവഞ്ചി ഇറക്കുന്നതിന്റെയും കയാക്കിങ് ആരംഭിക്കുന്നതിന്റെയും ഉദ്ഘാടനം 22ന് രാവിലെ 9ന് മന്ത്രി ആർ.ബിന്ദു നിർവഹിക്കും. ഇവിടെ എത്തുന്നവർക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഭക്ഷണത്തിനായി തട്ടുകടകളും മീൻ ചൂണ്ടയിട്ട് പിടിക്കാൻ ഒരു തോട്ടിൽ അതിനുള്ള സൗകര്യവും പിടിക്കുന്ന മീൻ പാചകം ചെയ്തു നൽകുവാൻ ഉള്ള സൗകര്യവും ഒരുക്കുമെന്ന് പടവ് പ്രസിഡന്റ് ബിജു പണിക്കശേരി, സെക്രട്ടറി ടി.കെ.രാജു എന്നിവർ അറിയിച്ചു.
കാലാവസ്ഥയിലെ പ്രശ്നങ്ങളും യഥാസമയം വളം അടക്കമുള്ള സൗകര്യങ്ങൾ ലഭിക്കാത്തതിനാലും കുറച്ചു കാലങ്ങളായി നെൽ കർഷകർ ബുദ്ധിമുട്ടിലാണ്. ഇത് പരിഹരിച്ച് വർഷം മുഴുവൻ കർഷകർക്ക് വരുമാനം ലഭ്യമാക്കുക എന്ന ഉദ്ദേശ്യവും ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിലൂടെ പടവ് കമ്മിറ്റി ലക്ഷ്യമിടുന്നു. പടവിൽ വെള്ളം കയറി കിടക്കുന്ന സമയത്ത് നടത്തുന്ന മത്സ്യക്കൃഷിക്ക് പുറമേയാണ് സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതി കൂടി ആരംഭിക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന ലാഭം ചേർപ്പ്, പാറളം പഞ്ചായത്തുകളിലെ എഴുനൂറ്റൻപതോളം കർഷകർക്ക് വിവിധ ആനുകൂല്യങ്ങൾ ആയി നൽകുമെന്ന് ഭാരവാഹികൾ പറയുന്നു. മത്സ്യക്കൃഷി, ടൂറിസം, സൗരോർജ പദ്ധതികൾക്കായി കേന്ദ്ര-കേരള സർക്കാരുകൾക്ക് പ്രോജക്ടുകൾ സമർപ്പിച്ചിട്ടുണ്ട്.