അളവെടുത്തു; അയ്യപ്പൻകുട്ടിയുടെ കൊമ്പു മുറിക്കാൻ നടപടി തുടങ്ങി

Mail This Article
ഗുരുവായൂർ ∙ കൊമ്പുടക്കി തുമ്പിക്കൈ പൊക്കാൻ വയ്യാതെ കഷ്ടപ്പെടുന്ന ദേവസ്വം ആന അയ്യപ്പൻകുട്ടിയുടെ കൊമ്പു മുറിക്കാൻ നടപടികൾ തുടങ്ങി. ‘മലയാള മനോരമ’ വാർത്തയെ തുടർന്നാണ് അടിയന്തര നടപടി.സോഷ്യൽ ഫോറസ്ട്രി ഡപ്യൂട്ടി റേഞ്ചർ എം.പി.അനിൽകുമാറിന്റ നേതൃത്വത്തിൽ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസറും സംഘവും ആനക്കോട്ടയിലെത്തി. അയ്യപ്പൻകുട്ടിയെ വിശദമായി പരിശോധിച്ച്, കൊമ്പിന്റെ അളവുകൾ എടുത്തു. കൂട്ടു കൊമ്പുള്ള അയ്യപ്പൻകുട്ടിയുടെ കൊമ്പുകൾ വളർന്ന് തുമ്പിക്കൈ പുറത്തെടുക്കാൻ ബുദ്ധിമുട്ടുകയാണെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യമായി.

ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചീഫ് ലൈഫ് വാർഡൻ അനുമതി നൽകും. ഗുരുവായൂർ നന്ദന്റെ കൊമ്പ് ഒരാഴ്ചയ്ക്കുള്ളിൽ മുറിച്ച് ചീകി വൃത്തിയാക്കും. കൊമ്പൻ ശ്രീകൃഷ്ണന്റെ കൊമ്പു മുറിക്കുന്നത് ഉടൻ ഉണ്ടാകില്ല. ആനയ്ക്ക് മദപ്പാടിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടതാണ് കാരണം. ദേവസ്വം കൊമ്പു മുറിക്കാൻ അപേക്ഷ നൽകിയ ഗോപാലകൃഷ്ണൻ, കീർത്തി, കൃഷ്ണ നാരായണൻ എന്നീ ആനകളുടെ കൊമ്പുകളുടെ അളവും വനംവകുപ്പ് ഉദ്യോഗസ്ഥർ ശേഖരിച്ചു.