മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെ നീളെ അപകടഭീഷണി
Mail This Article
കേച്ചേരി∙ തൃശൂർ–കുറ്റിപ്പുറം സംസ്ഥാന പാതയിൽ ടാറിങ് പൂർത്തിയായ മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെയുള്ള ഭാഗത്ത് റോഡ് ഉയരുകയും നടപ്പാത ഇല്ലാത്ത അവസ്ഥ വരികയും ചെയ്തതോടെ അപകടങ്ങൾ പതിവാകുന്നു. ഇൗ ഭാഗത്ത് റോഡിന്റെ വീതികുറവു മൂലം വഴിയാത്രക്കാർക്കു നടന്നുപോകാൻ കഴിയുന്നില്ല. റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തതോടെ വാഹനങ്ങളുടെ അമിത വേഗം മൂലം അപകടങ്ങൾ പതിവായി. കാനയുടെയും നടപ്പാതയുടെയും നിർമാണം പൂർത്തിയായിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് പാറന്നൂരിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ ചൂണ്ടൽ സ്വദേശി മനോജ് (55) മരിച്ചിരുന്നു.
പാറന്നൂർ പാടത്ത് പല മേഖലകളിലും കാനയുടെയും നടപ്പാതയുടെയും നിർമാണം പൂർത്തിയായിട്ടില്ല. മഴയത്ത് ചെറിയ വാഹനങ്ങളിലും ബൈക്കിലും യാത്ര ചെയ്യുന്നവർക്കാണ് ഏറെ ദുരിതം. അമിത വേഗത്തിലെത്തുന്ന സ്വകാര്യ ബസുകൾ മറ്റു വാഹനങ്ങളെ മറികടക്കുമ്പോൾ ബൈക്ക് യാത്രക്കാർക്ക് റോഡിന്റെ വശങ്ങളിലേക്ക് ഇറക്കാൻ കഴിയാത്ത സ്ഥിതിയാണ്. റോഡ് ഉയരം കൂടിയതിനാൽ പാറന്നൂർ പ്രദേശത്തു നിന്ന് സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും അപകടം പതിയിരിക്കുന്നു. ഇവിടെ ഏതാണ്ട് ഒന്നര മീറ്റർ ഉയരത്തിലാണ് റോഡുള്ളത്.
നാട്ടുകാർ ഇതുമായി ബന്ധപ്പെട്ട് അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്. ഇവിടെ ബസിറങ്ങുന്ന സ്കൂൾ വിദ്യാർഥികൾക്കാണ് ഏറെയും പ്രശ്നമുള്ളത്. താഴ്ചയിലേക്കാണ് ഇറങ്ങേണ്ടത്. മഴുവഞ്ചേരി ത്രിവേണി ഫാർമസി കോളജിനു സമീപവും വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ട്. ഇവിടെയും റോഡ് ഉയർന്ന നിലയിലാണ്.ഇന്നലെ വൈകിട്ട് ഇവിടെ ബൈക്കിടിച്ച് ഫാർമസി കോളജിലെ വിദ്യാർഥിനിക്ക് പരുക്കേറ്റിരുന്നു. ഇന്നലെ മാത്രം ഇൗ മേഖലയിൽ 4 അപകടങ്ങൾ നടന്നു. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയും ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു.