ഇവിടെ ദേശീയപാത നിർമിച്ചിട്ട് വർഷങ്ങളായി; സർവീസ് റോഡും ഇല്ല, യുടേണും ഇല്ല

Mail This Article
കൊടകര ∙ദേശീയപാതയിൽ ഉളുമ്പത്തുകുന്ന്, കൊളത്തൂർ പ്രദേശങ്ങളിൽ ദേശീയപാത നിർമിച്ചിട്ട് വർഷങ്ങളായെങ്കിലും സർവീസ് റോഡും യുടേണും ഇല്ലാതെ ജനങ്ങൾക്ക് ഇതിലൂടെയുള്ള യാത്ര ദുരിതമാവുന്നു. ദേശീയപാത നാലുവരിയാക്കി വികസിപ്പിച്ച് ടോൾ ഇനത്തിൽ കോടികൾ പിരിച്ചെടുക്കാൻ തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും സർവീസ് റോഡുകൾ പലയിടത്തും ഇപ്പോഴും കടലാസിൽ തന്നെ. പറപ്പൂക്കര പഞ്ചായത്തിലെ ഉളുമ്പത്തുകുന്നു മുതൽ കൊളത്തൂർ വരെയുള്ള ഭാഗത്ത് ഇതുവരെ സർവീസ് റോഡുകൾ നിർമിച്ചിട്ടില്ല.
ഇവിടെ ദേശീയപാതയുടെ ഭാഗം അപകടമേഖലയാണ്. സർവീസ് റോഡുകൾ ഇല്ലാത്തതാണ് ഇവിടെ അപകടങ്ങൾക്ക് ഇടയാക്കുന്നത്. ഉളുമ്പത്തുകുന്ന് മുതൽ കൊളത്തൂർ ജംക്ഷൻ വരെയുള്ള ഒന്നരകിലോമീറ്റർ ദൂരത്തിൽ ദേശീയപാതയുടെ ഇരുഭാഗത്തും സർവീസ് റോഡ് ഇല്ല. ഉളുമ്പത്തുകുന്നിൽ സർവീസ് റോഡിനായി ഏറ്റെടുത്ത ഭൂമി കാടുമൂടി കിടക്കുകയാണ്. ഉടനെയൊന്നും സർവീസ് റോഡ് നിർമാണം ഉണ്ടാവില്ലെന്ന സൂചനയായി സർവീസ് റോഡിനായി ഏറ്റെടുത്ത സ്ഥലത്ത് അധികൃതർ ഏതാനും വർഷം മുൻപ് തണൽമരങ്ങൾ വച്ചുപിടിപ്പിച്ചു.