പരാതി ഫലം കണ്ടു; മണ്ണെടുപ്പിനെത്തുടർന്നുണ്ടായ ഗർത്തം മണ്ണെടുത്ത കമ്പനി തന്നെ നികത്തുന്നു

Mail This Article
പെരുമ്പിലാവ് ∙ കോട്ടോൽകുന്നിനു മുകളിൽ 10 പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന ഉന്നതിയുടെ സമീപം മണ്ണെടുപ്പിനെത്തുടർന്ന് ഉണ്ടായ ഗർത്തം മണ്ണെടുത്ത കമ്പനി തന്നെ നികത്തി തുടങ്ങി. കുന്നിന്റെ മുകളിലും താഴെയും താമസിക്കുന്നവരുടെ പരാതിയെത്തുടർന്നാണു നടപടി.ഹൈവേ വികസനം എന്ന പേരിലാണു കോട്ടോൽകുന്നിലെ മണ്ണെടുക്കാൻ അനുമതി നൽകിയിരുന്നത്. മണ്ണെടുപ്പ് അനധികൃതമാണെന്ന് ആരോപിച്ചു ഒട്ടേറെ സമരങ്ങളും പ്രതിഷേധങ്ങളും ഉണ്ടായെങ്കിലും ഫലം കണ്ടില്ല. നെൽവയലിനാൽ ചുറ്റപ്പെട്ട കോട്ടോലിൽ 2 കുന്നുകളിലാണു മണ്ണെടുപ്പ് നടത്തിയത്.
കുന്നിന്റെ മുകളിൽ പട്ടികജാതിക്കാർക്കു സർക്കാർ നൽകിയ വീടുകളും താഴെ ക്ഷേത്രവും നൂറുകണക്കിനു വീടുകളും ഉണ്ട്.മണ്ണെടുത്ത ശേഷം അവശേഷിച്ച വലിയ ഗർത്തത്തിൽ മഴവെള്ളം നിറഞ്ഞു വലിയ കുളം രൂപപ്പെട്ടിരുന്നു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ അപകടങ്ങൾ ഉണ്ടാകുമെന്ന ആശങ്കയുണ്ടായതോടെയാണു നാട്ടുകാർ അധികൃതർക്കു പരാതി നൽകിയത്. കനത്ത മഴ പെയ്തപ്പോൾ കുന്നിന്റെ താഴെ ചിലയിടങ്ങളിൽ ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായതും ആശങ്കയ്ക്കു കാരണമായി.
മാസങ്ങൾക്കു മുൻപുണ്ടായ പ്രകൃതിദുരന്തങ്ങളുടെ അടിസ്ഥാനത്തിൽ ചെങ്കുത്തായ സ്ഥലങ്ങളിൽ നിന്നു മണ്ണ് നീക്കം ചെയ്യുന്നതു തടഞ്ഞു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ ലംഘനമാണ് ഇപ്പോൾ നടത്തിയതെന്നു കുന്ന് സംരക്ഷണ സമിതി പറയുന്നു. മണ്ണെടുപ്പിനെതിരെ നാട്ടുകാരൻ ഹൈക്കോടതിയിൽ ഹർജിയും നൽകിയിരുന്നു.അനുവദിച്ചതിന്റെ ഇരട്ടിയോളം മണ്ണാണു കോട്ടോൽ കുന്നുകളിൽ നിന്ന് ഇതുവരെ കൊണ്ടുപോയതെന്നു നാട്ടുകാർ പറഞ്ഞു. ഗർത്തം മൂടിയാലും മണ്ണെടുപ്പു മൂലം പ്രദേശത്തു സംഭവിച്ച പ്രശ്നങ്ങൾക്കു പരിഹാരമാകില്ലെന്നാണ് ഇവരുടെ അഭിപ്രായം.