മഴയില്ല; കൊങ്ങണ്ണൂർ റോഡിൽ എന്നും വെള്ളക്കെട്ട്

Mail This Article
പോർക്കുളം ∙ മഴ മാറിയിട്ടും കൊങ്ങണ്ണൂർ റോഡിലെ വെള്ളക്കെട്ട് മാറിയില്ല. സമീപത്തെ പാടത്ത് നിന്ന് ഒഴുകിയെത്തുന്ന വെള്ളവും പൈപ്പ് പൊട്ടിയുള്ള വെള്ളവുമാണ് റോഡിലൂടെ ഒഴുകുന്നത്. കാനയിലൂടെ ഒഴുകുന്ന വെള്ളം പാറേമ്പാടത്ത് നിർമാണം നടക്കുന്ന കലുങ്കിനടിയിലേക്കാണ് എത്തുന്നത്. ഇതോടെ കലുങ്കിനടിയിലും വെള്ളക്കെട്ടായി. വെള്ളക്കെട്ട് മൂലം കലുങ്ക് നിർമാണം പൂർത്തിയാക്കാനായിട്ടില്ല. മഴക്കാലത്ത് സംസ്ഥാന പാതയിലുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാനാണ് കലുങ്ക് നിർമാണം തുടങ്ങിയത്. എന്നാൽ മഴ പെയ്തതോടെ നിർമാണം നിലച്ചു.

മഴ മാറിയെങ്കിലും കലുങ്കിലേക്ക് ഒഴുകിയെത്തുന്ന വെള്ളമാണ് ഇപ്പോൾ നിർമാണത്തിന് തടസ്സം. സംസ്ഥാന പാതയിൽ അക്കിക്കാവ് മുതൽ പോർക്കുളം കുരിശുപള്ളി വരെയുള്ള ഭാഗത്താണ് റോഡ് നവീകരണം നടക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കുന്നംകുളത്ത് നിന്ന് അക്കിക്കാവ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പഴഞ്ഞി വഴിയാണ് പോകുന്നത്. റോഡ് നവീകരണത്തോടൊപ്പം കല്ലുങ്കിന്റെ നിർമാണം കൂടി പൂർത്തിയാക്കിയാൽ മാത്രമേ ഗതാഗതം സുഗമമാകുകയുള്ളു