ക്ഷേത്രത്തിൽ പോകാൻ എഴുന്നേറ്റപ്പോൾ വീടിന്റെ ചുമർ പൊട്ടുന്ന ശബ്ദം; മക്കളെ വിളിച്ചുണർത്തി പുറത്തേക്ക് ഓടി...

Mail This Article
കുന്നംകുളം ∙ കനത്ത മഴയിൽ ഇരുനില വീട് തകർന്നു വീണു. ചൊവ്വന്നൂർ അയ്യപ്പത്ത് റോഡിൽ കോലാടിപറമ്പിൽ ബിജേഷും കുടുംബവും താമസിക്കുന്ന കോൺക്രീറ്റ് വീടാണ് നിലം പൊത്തിയത്. ചൊവ്വാ പുലർച്ചെ നാലരയോടെയാണ് അപകടം. കുടുംബക്ഷേത്രത്തിൽ പോകാനായി ബിജേഷ് നേരത്തെ എഴുന്നേറ്റതായിരുന്നു. ഇൗ നേരത്താണ് ചുമർ പൊട്ടുന്ന ശബ്ദം കേട്ടത്. ഭാര്യയെ വിളിച്ചുണർത്തി മക്കളെ എടുത്ത് പുറത്തേക്ക് ഓടി. ഇതിനിടെ നിമിഷ നേരം കൊണ്ട് വീട് പൂർണമായും നിലംപൊത്തി. ഇൗ സമയം കനത്ത മഴ ഉണ്ടായിരുന്നു. കാലപ്പഴക്കമുള്ള വീടിന്റെ ചുമരുകൾക്കിടയിൽ വെള്ളം ഇറങ്ങിയതാണ് അപകടത്തിന് വഴിവച്ചതെന്നാണു നിഗമനം. വീട്ടു സാധനങ്ങൾ പൂർണമായും നശിച്ചു.
രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ശബ്ദം കേട്ടപ്പോൾ വീടിന് എന്തോ അപകടം വരുന്നതു പോലെ. സംശയിച്ചു നിൽക്കാതെ ഭാര്യയെ വിളിച്ചുണർത്തി രണ്ടു മക്കളെയും വാരിയെടുത്ത് പുറത്തേക്ക് ഓടി. വൻ ദുരന്തത്തിൽ നിന്ന് താലനാരിഴയ്ക്കു രക്ഷപ്പെട്ട ചൊവ്വന്നൂർ അയ്യപ്പത്ത് റോഡിൽ കോലാടിപറമ്പിൽ ബിജേഷിന് അനുഭവം വിവരിക്കുമ്പോൾ വിറയൽ മാറിയിരുന്നില്ല.
കൂലിപ്പണിക്കാരനായ ബിജേഷും ഭാര്യ സിജി, മക്കളായ വിജയ് കൃഷ്ണ, കാർത്തികേയൻ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. കാലപ്പഴക്കമുള്ള ഇൗ വീട് മൂന്ന് വർഷം മുൻപാണ് ഇവർ വാടകയ്ക്കെടുത്തത്. ബിജേഷും കുടുംബവും പുറത്തിറങ്ങിയതിനു പിന്നാലെ വീട് പൂർണമായും തകർന്ന് വീഴുകയായിരുന്നു. അപകടമുണ്ടായ വീടിന് സമീപത്തെ മറ്റൊരു വീട്ടിലേക്ക് ഇവർ താമസം മാറ്റി. വീട്ടുപകരണങ്ങൾ പൂർണമായും നശിച്ചു. കുട്ടികളുടെ പാഠപുസ്തകങ്ങളും ബാഗും നഷ്ടമായി.