പൈപ് ലൈൻ റോഡ്: പരസ്പരം പഴിചാരി കോർപറേഷനും ജല അതോറിറ്റിയും; ആരെങ്കിലുമൊന്ന് നന്നാക്കുമോ?

Mail This Article
പട്ടിക്കാട് ∙ പാണഞ്ചേരി പഞ്ചായത്തിലെ തകർന്ന പൈപ് ലൈൻ റോഡിന്റെ പുനർനിർമാണത്തെച്ചൊല്ലി കോർപറേഷനും ജല അതോറിറ്റിയും തമ്മിൽ തർക്കം. പീച്ചി ജലശുദ്ധീകരണ ശാലയിൽ നിന്ന് തൃശൂർ നഗരത്തിലെ തേക്കിൻകാട് മൈതാത്തുള്ള 20 എംഎൽഡി ടാങ്കിലേക്കു വെള്ളമെത്തിക്കുന്ന പൈപ് ലൈൻ കടന്നു പോകുന്ന പാണഞ്ചേരി പഞ്ചായത്തിലെ 8 കിലോമീറ്റർ റോഡാണ് തകർന്നത്. കഴിഞ്ഞ വർഷമാണ് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ 800 എംഎം പൈപ്പുകൾ സ്ഥാപിച്ചത്.
റോഡ് കുഴിച്ച് പൈപ് സ്ഥാപിച്ച ശേഷം റോഡ് പൂർവ സ്ഥിതിയിലാക്കാത്തതിനാൽ പൈപ് സ്ഥാപിച്ച എല്ലാ ഭാഗത്തുമുള്ള റോഡുകളും തകർന്നുകിടക്കുകയാണ്. കോർപറേഷനോട് അനുവാദം വാങ്ങാതെ ജല അതോറിറ്റി ജൽജീവൻ മിഷന്റെ പൈപ് ലൈനും മാടക്കത്തറ ക്ലിയർ വാട്ടർ പദ്ധതിയുടെ പൈപ് ലൈനും സ്ഥാപിച്ചതിനാലാണ് റോഡ് പൂർവ സ്ഥിതിയിലാക്കാൻ വൈകുന്നതെന്നാണ് കോർപറേഷന്റെ വാദം. റോഡിന്റെ ആദ്യഘട്ടം നിർമാണ ജോലികൾ ജല അതോറിറ്റി നടത്തിയാൽ ടാറിങ് ഉൾപ്പെടെ കോർപറേഷൻ പൂർത്തിയാക്കുമെന്നും കോർപറേഷൻ അറിയിച്ചു.
കോർപറേഷന്റെയും ജല അതോറിറ്റിയുടെയും പാണഞ്ചേരി പഞ്ചായത്തിലെയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രദേശത്ത് സന്ദർശനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന രാധാകൃഷ്ണൻ, കോർപറേഷൻ സൂപ്രണ്ടിങ് എൻജിനീയർ പി.ആർ.ശ്രീലത, എഎക്സ്ഇ ജയകുമാർ, എഇ എ.മഹേന്ദ്ര, ജല അതോറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.