ഇതെന്തു മോഡൽ..! പൈപ്പും പൊട്ടി, റോഡും തകർന്നു; എന്നിട്ടും കുലുങ്ങാതെ അധികൃതർ

Mail This Article
തൃശൂർ ∙ മോഡൽ റോഡായ സിവിൽ ലൈൻസ് റോഡിൽ ജലവിതരണ പൈപ്പ് പൊട്ടി റോഡ് തകർന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. പടിഞ്ഞാറേക്കോട്ട ജംക്‌ഷനിൽനിന്ന് അയ്യന്തോളിലേക്കുള്ള പാതയിലാണ് റോഡിനു നടുവിൽ പൈപ്പ് പൊട്ടി വെള്ളം പാഴാക്കുന്നത്. എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്തായി റോഡിനു നടുവിലാണ് പൈപ്പ് പൊട്ടലും തകർച്ചയും.
പൂങ്കുന്നം–പുഴയ്ക്കൽ റോഡിൽ കോൺക്രീറ്റിങ്ങും മറ്റു നവീകരണവും നടക്കുന്നതിനാൽ ദീർഘദൂര കെഎസ്ആർടിസി സർവീസുകളടക്കമുള്ള വാഹനങ്ങൾ പടിഞ്ഞാറേക്കോട്ട–അയ്യന്തോൾ വഴിയാണ് പുഴയ്ക്കലിലെത്തുന്നത്. എന്നിട്ടും പൈപ്പ് തകർച്ച പരിഹരിക്കാനോ കുഴിയടയ്ക്കാനോ അധികൃതർ നടപടിയെടുത്തിട്ടില്ല. തകർന്ന ഭാഗത്ത് മണ്ണിട്ടെങ്കിലും പൊട്ടിയ പൈപ്പിൽനിന്ന് വെള്ളം റോഡിൽ ഒഴുകുകയാണ്.
ഈ ഭാഗം പ്ലാസ്റ്റിക് ബാരിക്കേഡ്, കോൺ, റിബൺ എന്നിവ സ്ഥാപിച്ച് അടച്ചുകെട്ടിയിട്ടുണ്ട്. ഇതു കാരണം വാഹനത്തിരക്കേറിയ സമയങ്ങളിൽ ഇവിടെ ഗതാഗതക്കുരുക്കുമുണ്ട്. കുഴി ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ ബൈക്ക് യാത്രക്കാരും ഓട്ടോകളും അപകടത്തിൽപ്പെടുമെന്ന ആശങ്കയുമുണ്ട്. കനത്ത മഴയ്ക്കു പിന്നാലെ പടിഞ്ഞാറേക്കോട്ട ജംക്‌ഷനിലും റോഡ് തകർന്നുതുടങ്ങിയിട്ടുണ്ട്.