ADVERTISEMENT

കമ്പം കയറിയാൽ പിന്നെ കലിപ്പടങ്ങിയേ നിർത്തൂ എന്നാണ് പറയാറ്. നെൽ കർഷകൻ പ്രസീദ്കുമാറിന്റെ കാര്യത്തിലും ഇതു തന്നെ സ്ഥിതി. പലരും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത വിത്തിനങ്ങൾ സംഘടിപ്പിച്ച് ഒരേ പാടത്ത് വിവിധ ഇനങ്ങളിലും വർണങ്ങളിലുമുള്ള കൃഷിയൊരുക്കുകയാണിദ്ദേഹം. നെൽവിത്തിനായി രാജ്യം മുഴുവൻ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന പ്രസീദ് അന്യംനിന്നു പോകുന്നതും അപൂർവ ഇനങ്ങളിലും പെട്ട നെൽവിത്തുണ്ടെന്നറിഞ്ഞാൽ പിന്നെ ലാഭനഷ്ടങ്ങൾ നോക്കാറില്ല. എത്ര ദൂരമായാലും ഏതു ദുനിയാവിലായാലും അങ്ങോട്ടു വച്ചുപിടിക്കും. കൈവശമുള്ള 112 ഇനങ്ങളിൽ 61 ഇനങ്ങൾ ഈ വർഷം വിതച്ചു.

wayanad-praseed-kumar
പ്രസീദ്കുമാർ, ഭാര്യ വിശ്വപ്രീയ, മക്കൾ ആകർഷിമ, ആത്മിക

10 ഇനങ്ങൾ നാശം വന്നു. 51 ഇനം കതിരിട്ടു. വിളവെടുപ്പിന് ഒരുങ്ങി നിൽക്കുകയാണിപ്പോൾ പാടം. വിവിധ നിറങ്ങളിലുള്ള നെൽവിത്തുകൾ വിതച്ച പാടത്ത് ഇത്തവണ ഒരു വിസ്മയം കൂടി ആരുമറിയാതെ പ്രസീദ് ഒരുക്കിവച്ചു. ഒരു ബ്രഹ്മാണ്ഡ വയൽചിത്രം. കതിരുകൾ വളർന്നു പൊങ്ങിയപ്പോൾ പാടത്തിന്റെ നടുക്ക് തെളിഞ്ഞുവന്നു അത്. ഒത്ത ഒരു കൊമ്പന്റെ ചിത്രം. ഗുരുവായൂർ കേശവന്റെ ചിത്രമാണെന്ന് പ്രസീദിന്റെ ഭാഷ്യം. വിസ്മയം കൂറിയവരോടു പ്രസീദ് ചിരിച്ചു, ഇനിയുമെന്തെല്ലാം കാണാൻ കിടക്കുന്നു! നെൽകതിരുകളുടെ തലപ്പുകൾ ഇളകിയാടുമ്പോൾ ആനയും ചലിക്കുന്നതു പോലെ ആകാശക്കാഴ്ച.

ആനയായി കൃഷ്ണാ കൗമോദും കറുവാച്ചിയും

  പ്രസീദ്കുമാറിന്റെ കൃഷിയിടത്തിലെ നെല്ലിനങ്ങളിൽ ചിലത്.
പ്രസീദ്കുമാറിന്റെ കൃഷിയിടത്തിലെ നെല്ലിനങ്ങളിൽ ചിലത്.

നാട്ടിപ്പണിക്കായി ഒരുക്കിയിട്ട പാടത്ത് നെല്ലു വിതയ്ക്കാൻ ആനയുടെ ചിത്രം ഒരുക്കിക്കൊടുത്തത് ബത്തേരിയിലെ ചിത്രകാരനായ എ വൺ പ്രസാദ്. ഇദ്ദേഹം വരച്ചിട്ട വഴിയേ നെല്ലു വിതച്ചത് യശോദ, ജിനി, നാരായണി. കറുപ്പു നിറത്തിൽ കതിരിടുന്ന കറുവാച്ചിയും കൃഷ്ണാ കൗമോദുമാണ് ആനയ്ക്കായി ഉപയോഗിച്ചത്. ചുറ്റും ജീരകശാല, ഗന്ധകശാല, കനലി എന്നിവ നട്ടു. അങ്ങനെ, വിവിധ നിറങ്ങളിലുള്ള ചതുരക്കളങ്ങൾക്കു നടുവിൽ പ്രസീദിന്റെ ഗുരുവായൂർ കേശവൻ തലയുയർത്തി നിന്നു. 2017ൽ ഇന്ത്യയുടെ ഭൂപടമാണ് പ്രസീദ് ഒരുക്കിയത്. കഴിഞ്ഞ വർഷം കഴുകന്റെ ചിത്രമൊരുക്കിയെങ്കിലും പ്രളയത്തിൽ ഒലിച്ചു പോയി. ജപ്പാനിലും ചൈനയിലുമൊക്കെയുള്ള വയൽ ചിത്രകലയുടെ (പാഡി ആർട്) ചുവടുപിടിച്ചാണു പ്രസീദ് തന്റെ നമ്പിക്കൊല്ലിയിലുള്ള ആറേക്കർ പാടത്തെ ചിത്രഭൂമിയാക്കിയത്.

വിത്തു വരും, ഭൂട്ടാനിൽനിന്നും

പരമ്പരാഗത നെൽകർഷക കുടുംബമാണ് പ്രസീദിന്റേത്. സാധാരണ നെൽവിത്തിനങ്ങൾ കൃഷി ചെയ്യുന്നതിനിടെ 10 വർഷം മുൻപ് ഗുജറാത്തിലേക്കൊരു യാത്ര പോകേണ്ടി വന്നു. യാത്രയ്ക്കിടെ കൃഷ്ണാ കൗമോദ് എന്ന ഇനം വിളഞ്ഞു നിൽക്കുന്നതു കണ്ട് കൗതുകം തോന്നി. വയലറ്റു നിറം പരന്നൊഴുകിയ നെൽപാടം. നിറമാണ് ആകർഷിച്ചത്. ഒരു പിടി വിത്ത് വാങ്ങി. സ്വന്തം പാടത്ത് വിതച്ചു.

ഒരു സെന്റിൽ തുടങ്ങിയ കൃഷ്ണാ കൗമോദ് ഇപ്പോൾ ഒരേക്കറിലുണ്ട്. 60 ക്വിന്റലിലധികം വിറ്റു. രണ്ടു വർഷം കഴിഞ്ഞപ്പോൾ അപൂർവ ഇനം വിത്തുകളെക്കുറിച്ചുള്ള അന്വേഷണമായി. കണ്ടറിഞ്ഞും കേട്ടറിഞ്ഞും പറഞ്ഞറിഞ്ഞും ഇന്ത്യയിലെ പകുതി സംസ്ഥാനങ്ങളിലും നെൽവിത്തിനായി യാത്ര ചെയ്തു. ഇന്ത്യക്കു പുറത്ത് ഭൂട്ടാനിലെ മൂന്നിനം നെൽവിത്തുകളും ഇന്ന് വീട്ടിലുണ്ട്. അസമിലെ ബ്ലാക്ക് ജാസ്മിൻ, ആദ്യകാല വയനാടൻ നെല്ലിനമായ കനലി, തമിഴ്നാട്ടിലെ ഔഷധ നെല്ലായ ബ്ലാക്ക് പാഡി, കശ്മീരിൽനിന്നുള്ള ഡൽഹി ബസുമതി, പഞ്ചാബ് സ്വദേശിയായ മല്ലിക്കുറുവ തുടങ്ങി ഒട്ടേറെ ഇനങ്ങൾ ഇവിടെ കതിരിടുന്നു. അണ്ണൂരി എന്ന കാട്ടു നെൽവിത്ത് ശബരിമല വനമേഖലകൾക്കടുത്തുണ്ടെന്നറിഞ്ഞ് നാലു ചുവട് വാങ്ങിക്കൊണ്ടു വന്നത്് അടുത്തിടെയാണ്. ഗ്രോബാഗിൽ നട്ട അണ്ണൂരി രാവിലെ കതിരിട്ടാൽ വൈകിട്ട് വിളവെടുക്കാമെന്ന് പ്രസീദ് പറയുന്നു. ഒരു കതിരിൽ 4 മണികളേ ഉണ്ടാകൂ.

കുടുംബം കൃഷിയുടെയും നട്ടെല്ല്

കൃഷിയോടുള്ള ഇഷ്ടം മൂത്താണ് ചെന്നൈയിൽ സ്ഥിരതാമസമായിരുന്ന വിശ്വപ്രീയ പ്രസീദിന്റെ ജീവിത പങ്കാളിയായെത്തിയത്. ഓരോ വർഷത്തെയും നെൽവയൽ ചിത്രങ്ങൾ തീരുമാനിക്കുന്നത് മക്കളായ ആകർഷിമയും ആത്മികയും ചേർന്ന്.

പ്രസീദ് ഈ വർഷം വിതച്ച 51 ഇനം നെൽവിത്തുകൾ
1. രാംലി
2. സാക്കാവേ പെരിയറ്റ്
3. മഞ്ജു ഗുനി
4. ബർമ ബ്ലാക്ക്
5. ഗരിജ ഗബല
6. സിന്ധൂര മധുരാലെ
7. രത്നച്ചുട്ടി
8. രത്ന സാഗര
9. അമ്പിമേരി
10. അന്തനൂറ് സണ്ണ
11. കാലാനമുക്ക
12. ഡബർശാല
13. ചിന്നപ്പെന്നി
14. ജഗൽനാഥ്
15. കൊച്ചുമന്നൻ
16. ഗന്ധകശാല
17. ജീരകശാല
18. നമ്പർ ബാത്ത്
19. വൈറ്റ്ജാസ്മിൻ
20. രാജ കൈമ
21. നവര
22. കൃഷ്ണ കൗമോദ്
23. ബ്ലാക് ജാസ്മിൻ
24. സോണമസൂരി
25. റെഡ് ജാസ്മിൻ
26. ഡൽഹി ബസുമതി
27. കശ്മീർ ബസുമതി
28. ബ്ലാക്ക് പാഡി
29. കനലി
30. മുള്ളൻകൈമ
31. മുള്ളൻ കുഞ്ച
32. രക്ത ശാലി
33. മല്ലിക്കുറുവ
34. കമുകിൻ പൂത്താല
35. കുഞ്ഞിക്കൈമ
36. വലിച്ചൂരി
37. ആയിരം കണ്ണ
38. പാൽത്തോണ്ടി
39. ഓർപാണ്ടി
40. ഉണ്ടക്കൈമ
41. കുഞ്ഞൂഞ്ഞ്
42. തൊണ്ടി പുന്നടൻ,
43. അമ്പ സമുദ്ര
44. വെള്ളത്തൂവൽ
45. ഭവാനി
46. മാപ്പിള സബ
47. സ്വർണ്ണമസൂരി
48. പുങ്കാർ
49. സിഗപ്പ് രാഗം
50. കിച്ചുടി സഭ
51. കറുവാച്ചി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com