ADVERTISEMENT

കൽപറ്റ ∙ മണിയുടെ മരണം ആത്മഹത്യയല്ലെന്നു സാഹചര്യത്തെളിവുകളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളും ഉണ്ടായിട്ടും 2 വർഷത്തെ അന്വേഷണത്തിനൊടുവിലും ലോക്കൽ പൊലീസിനു തുമ്പുണ്ടാക്കാനായില്ല. പ്രതികളുടെ ബന്ധുക്കളും ജോലിക്കാരുമായ സാക്ഷികളുണ്ടായിട്ടും പുൽപള്ളി പൊലീസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്നാണ് ആരോപണം. പൊലീസ് നടത്തിയ നുണപരിശോധനയിലും തെളിവുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. സാക്ഷികളെ മാസങ്ങളോളം നിരീക്ഷിച്ചും ജീവൻ സംരക്ഷിക്കാമെന്ന് ഉറപ്പുകൊടുത്തുമാണ് കൃത്യം നടന്നു മൂന്നര വർഷത്തിനു ശേഷം ക്രൈംബ്രാഞ്ച് കേസ് തെളിയിച്ചത്.

സാക്ഷികളുടെ ജീവന് ഇപ്പോഴും ഭീഷണിയുണ്ടെന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അന്വേഷണസംഘം തയാറല്ല. കൊലപാതകത്തിനു മുൻപും ശേഷവുമുള്ള പ്രതികളുടെ ഇടപെടലുകളും ജീവിതരീതികളിൽ വന്ന മാറ്റവും നിരീക്ഷിച്ചു. സമൂഹത്തിൽ വലിയ സ്വാധീനമുള്ള പ്രതികൾ കേസ് അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങൾ ഒടുവിൽ അവർക്കു തന്നെ തിരിച്ചടിയായി. പ്രതികളായ തങ്കപ്പൻ സുരേഷ്, പൊലീസ് സംശയിച്ചിരുന്ന മറ്റൊരു ബന്ധു എന്നിവരുടെ നുണപരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. നാട്ടുകാർ ഈ കേസിൽ സംശയച്ചിരുന്ന ആളായ രാജു എന്നയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

കൊന്നത് കഴുത്തു ഞെരിച്ച്

കൽപറ്റ ∙ ആദിവാസി യുവാവ് മണിയെ പ്രതികൾ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച്. അന്വേഷണസംഘം പറയുന്നത്: തങ്കപ്പന്റെ വീട്ടിൽ 10 വർഷമായി പണിക്കു നിൽക്കുന്നയാളാണു മണി. 2016 ഏപ്രിലിൽ നാലിനാണ് കേസിനാസ്പദമായ സംഭവം. തങ്കപ്പന്റെ ഉടമസ്ഥതയിലുള്ള കവുങ്ങുതോട്ടത്തിൽ മണിയുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് പുൽപ്പള്ളി പൊലീസ് അസ്വഭാവികമരണത്തിനു കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിനു സമീപം പ്ലാസ്റ്റിക് ബക്കറ്റിൽ കീടനാശിനി കലക്കി വച്ചതായും കണ്ടെത്തിയിരുന്നു. ശ്വാസംമുട്ടിച്ചതും ബലപ്രയോഗം നടത്തിയതുമാണു മരണകാരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടുണ്ടായിട്ടും തുമ്പുണ്ടാക്കാൻ ലോക്കൽ പൊലീസിനു കഴിഞ്ഞില്ല.

തുടർന്ന് 2018 മേയ് 1ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. വിശദമായ അന്വേഷണത്തിനൊടുവിൽ ദൃക്സാക്ഷികളെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മകളുടെ വയസ്സറിയിക്കലുമായി ബന്ധപ്പെട്ടുള്ള ചടങ്ങുള്ളതിനാൽ കൂലി വർധിപ്പിക്കണമെന്നു മണി ആവശ്യപ്പെട്ടെങ്കിലും തങ്കപ്പൻ കൊടുത്തില്ല. വാക്കുതർക്കത്തിനൊടുവിൽ ഇവർക്കിടയിലെത്തിയ സുരേഷ് മണിയെ പിടിച്ചുവച്ചു. തങ്കപ്പൻ മണിയുടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. പിന്നീട് 200 മീറ്റർ അകലെ കവുങ്ങുതോട്ടത്തിൽ കൊണ്ടുപോയിടുകയായിരുന്നു.

ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളുടെ വീട്ടിൽനിന്നു വിഷലായനിയുടെ ബാക്കിയും അന്വേഷണസംഘം കണ്ടെടുത്തു. ചോദ്യം ചെയ്യലിനൊടുവിൽ ഇരുവരും കുറ്റസമ്മതം നടത്തിയെന്ന് ക്രൈംബ്രാഞ്ച് എസ്പി ഡോ. എ.ശ്രീനിവാസ് അറിയിച്ചു. ക്രൈംബ്രാഞ്ച് സിഐ ഇ.കെ.ഷിജുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ബിജു ആന്റണി, കാദർകുട്ടി സിപിഒമാരായ പത്മകുമാർ, ഹസൻ, ജയാ വേണുഗോപാൽ, ആയിഷ തുടങ്ങിയവരാണു പ്രതികളെ അറസ്റ്റ് ചെയ്തത്. കൽപറ്റ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ‍‍ഡ് ചെയ്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com