ADVERTISEMENT

ബത്തേരി∙ പൊതുയിടങ്ങളിലും വഴിയിലും കാർക്കിച്ചു തുപ്പുകയോ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുകയോ ചെയ്താൽ 500 രൂപ പിഴയിടാനുള്ള തീരുമാനം ശിക്ഷയല്ല, ശുചിത്വം ശീലമാക്കാനാണെന്നു ബത്തേരി നഗരസഭ. ബത്തേരി നഗരസഭയുടെ ഈ തീരുമാനം സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയതോടെ പരിസര ശുചിത്വം ഉറപ്പു വരുത്താനുള്ള വലിയ ശ്രമം തുടരാനാണു നഗരസഭ ശ്രമം. പിഴയിടാനുള്ള തീരുമാനം എടുത്തതിനു പിന്നാലെ ഇന്നലെ ടൗണിലെ വിവിധയിടങ്ങൾ വൃത്തിയാക്കി. മുറുക്കിത്തുപ്പി വൃത്തികേടായ ഗാന്ധി ജംക്‌ഷൻ ബാർ പരിസരം, പഴയ സ്റ്റാൻഡ് പ്രവേശന വഴി, പുതിയ സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളാണു കഴുകി വൃത്തിയാക്കിയത്.

മുറുക്കിത്തുപ്പി വൃത്തികേടാക്കിയ ബത്തേരി പഴയ ബസ് സ്റ്റാൻഡിലെ പ്രവേശന കവാടം വൃത്തിയാക്കിയപ്പോള്‍.

വൃത്തിയിൽ ബത്തേരി, കേരളത്തിന്റെ തലസ്ഥാനമാകണം. അതിനു നാടിന്റെ മുഴുവൻ സഹകരണം വേണം. തുപ്പല്‍ നിരോധനം ആരെയും ഉപദ്രവിക്കാനല്ല. ചപ്പുചവറുകൾ മാത്രം വാരിപ്പോയാൽ പോര. മനുഷ്യ വിസർജ്യങ്ങളും പൊതുയിടങ്ങളില്‍ ഇല്ലാതാകണം. രോഗാവസ്ഥയിലുള്ള ഒരാൾ ടൗണിൽ ചുമച്ച് തുപ്പിയാൽ അത് ചവിട്ടുന്നവരുടെ ചെരിപ്പിലൂടെ വീടുകളിലും എത്തും. അത് നിയന്ത്രിക്കേണ്ടതാണ്. അതിനായി നിയമമുണ്ട്. മുനിസിപ്പല്‍ ആക്ട് 341 പ്രകാരം ആരോഗ്യ സ്ഥിരം സമിതിയാണ് ആദ്യം തീരുമാനമെടുത്തത്. മുനിസിപ്പൽ കൗൺസിൽ അത് അംഗീകരിച്ചു. നഗരസഭയിലെ മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന്  5 പ്രത്യേക വാഹനങ്ങളാണു സജ്ജമാക്കുന്നത്. ടി.എല്‍.സാബു, ബത്തേരി നഗരസഭാധ്യക്ഷന്‍

വഴിയിൽ തുപ്പരുതെന്നും പാതയോരത്തു പ്രാഥമികകൃത്യങ്ങൾ നിർവഹിക്കരുതെന്നും നിർദേശിച്ചു ടൗണിൽ ഉടൻ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. ബോധവൽക്കരണ പരിപാടികളും ശുചിത്വ ക്യാംപെയ്നും നടത്തും. ടൗൺ നിരത്തിലെ മാലിന്യം നീക്കുന്നതിനു പുറമേ രണ്ടാം ഘട്ടമായി വലിയ കെട്ടിടങ്ങളുടെ മുറ്റങ്ങളിലും പിൻവശങ്ങളിലും ഇടവഴികളിലും ഗ്രാമ പ്രദേശങ്ങളിലുമുള്ള മാലിന്യം നീക്കം ചെയ്യാൻ പദ്ധതി തയാറാണ്. ഹരിത കർമ സേനകൾ വഴി അവയെല്ലാം നീക്കം ചെയ്യും. അലി അസ്ഹർ, നഗരസഭാ സെക്രട്ടറി

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com