ADVERTISEMENT

കൽപറ്റ ∙ ധീരജവാൻ വി.വി. വസന്തകുമാറിന്റെ ഓർമകൾക്കു മുന്നിൽ പ്രണാമം അർപ്പിച്ച് ജന്മനാട്. പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ഹവിൽദാർ വസന്തകുമാറിന്റെ ഒന്നാം ചരമവാർഷിക ദിനമായ ഇന്നലെ നാടെങ്ങും അനുസ്മരണം. പ്രണാമം അർപ്പിക്കാൻ നൂറുക്കണക്കിനാളുകൾ വസന്തകുമാറിന്റെ തൃക്കൈപ്പറ്റയിലെ തറവാട്ട് വീട്ടിലേക്ക് ഒഴുകിയെത്തി.

വീടിനു സമീപത്തെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയ്ക്ക് സി.കെ. ശശീന്ദ്രൻ എം.എൽ.എ, സിആർപിഎഫ് മേജർ വാഞ്ചീവ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. വസന്തകുമാറിന്റെ ഭാര്യ ഷീനയും മക്കളായ അനാമികയും അമർദീപും അമ്മ ശാന്തയും പുഷ്‌പാർച്ചന നടത്തി. സ്‌റ്റുഡന്റ്‌ പൊലീസ്‌ കെഡറ്റുകൾ സല്യൂട്ട്‌ നൽകി ആദരിച്ചു. അനുസ്‌മരണ യോഗത്തിൽ മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. സഹദ്‌ അധ്യക്ഷത വഹിച്ചു. വസന്തകുമാർ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ലക്കിടി ഗവ. എൽപി സ്കൂളിൽ വൈത്തിരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്മരണാഞ്‌ജലി അർപ്പിച്ചു. സി.കെ. ശശീന്ദ്രൻ എംഎൽഎ അനുസ്‌മരണ പ്രഭാഷണം നടത്തി.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. കലക്ടർ ഡോ. അദീല അബ്ദുല്ല, സ്‌കൂൾ പ്രധാന അധ്യാപകൻ പി.കെ. കരീം, എം.ജി. അരവിന്ദാക്ഷൻ, എം.വി. വിജേഷ്‌, എം. സെയ്‌ദ്‌, പി. ഗഗാറിൻ, ഫാ. ബിജു അഗസ്‌റ്റ്യൻ, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ യു.സി. ഗോപി, നിസാർ ദിൽവേ എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ വിദ്യാർഥികളും സ്‌റ്റുഡന്റ്‌ പൊലീസ്‌ കെഡറ്റുകളും വസന്തകുമാറിന്റെ സുഹൃത്തുക്കളും നാട്ടുകാരും പങ്കാളികളായി. ലക്കിടി ഗവ. എൽപി സ്കൂളിൽ വസന്തകുമാറിന് സ്മാരകം നിർമിക്കാനുള്ള തയാറെടുപ്പിലാണു വൈത്തിരി പഞ്ചായത്ത് ഭരണസമിതി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com