ADVERTISEMENT

പടിഞ്ഞാറത്തറ ∙ സമഗ്ര ശുദ്ധജല പദ്ധതി യാഥാർഥ്യമാകുന്നതു കാത്ത് 5 പഞ്ചായത്തുകൾ. 78 കോടി രൂപ എസ്റ്റിമേറ്റിൽ 2014 ൽ അംഗീകാരം ലഭിച്ച് 2015 ൽ നിർമാണങ്ങൾ ആരംഭിച്ച് 2018 ൽ പൂർത്തീകരിക്കേണ്ട പദ്ധതി ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. 

wayanad-thariyod-company-hills

ബാണാസുര ഡാമിൽ കിണർ നിർമിച്ച് തരിയോട് കമ്പനിക്കുന്നിലെ ശുദ്ധീകരണ പ്ലാന്റിൽ വെള്ളം എത്തിച്ച് പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, കോട്ടത്തറ എന്നീ പഞ്ചായത്തുകളിലെ ഒന്നര ലക്ഷം ആളുകൾക്ക് ശുദ്ധജലം എത്തിക്കാൻ ആരംഭിച്ചതാണ് സമഗ്ര കുടിവെള്ള പദ്ധതി. എന്നാൽ, ഡാമിനകത്തെ കിണറിന്റെയും കമ്പനിക്കുന്നിലെ ശുദ്ധീകരണ പ്ലാന്റ്, ജല സംഭരണി എന്നിവയുടെയും പണികൾ കഴിഞ്ഞെങ്കിലും ജല വിതരണത്തിനുള്ള ജോലികൾ പൂർത്തിയായിട്ടില്ല. 

കിണറിൽനിന്ന് ടാങ്കിലേക്ക് പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചിട്ട് മാസങ്ങളായെങ്കിലും പൂർത്തീകരിച്ചില്ല. ടാങ്കിൽ നിന്ന് പൊതു ജനങ്ങൾക്ക് വെള്ളം എത്തിക്കാൻ ആവശ്യമായ പൈപ്പുകൾ വാങ്ങുന്നതിനുള്ള നടപടികൾ പോലും പാതിവഴിക്കാണ്. ഓരോ പഞ്ചായത്തിലും ആവശ്യമായ ടാങ്കുകൾ സ്ഥാപിക്കേണ്ടതുണ്ടെങ്കിലും തരിയോട്, വെങ്ങപ്പള്ളി പഞ്ചായത്തുകൾ മാത്രമേ ഇതിന് ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുള്ളൂ.

 5 കോടി രൂപ മുടക്കി കമ്പനിക്കുന്നിൽ നടത്തിയ നിർമാണങ്ങൾ പൂർത്തിയായിട്ട് 2 വർഷത്തിൽ അധികമായി. പ്രവൃത്തി ആരംഭിക്കാതെ ആയതോടെ കോടികൾ മുടക്കി നിർമിച്ച കെട്ടിടങ്ങളും യന്ത്ര സാമഗ്രികളും നശിച്ചു തുടങ്ങി. കരമാൻ തോടിനു കുറുകെ അണക്കെട്ട് ഉയർന്നതോടെ ഇതിന്റെ കൈവഴിയായ മുള്ളങ്കണ്ടി പുഴ വേനലിൽ പൂർണമായും വറ്റുന്ന സ്ഥിതിയാണ്. ഇങ്ങനെ വന്നാൽ ഇവിടെ സ്ഥിതി ചെയ്യുന്ന ജല വിതരണ പദ്ധതി പൂർണമായും നിലയ്ക്കും. ഇത് നിരവധി കുടുംബങ്ങളെ വൻ ദുരിതത്തിലാക്കാറുണ്ട്. 

സമഗ്ര കുടിവെള്ള പദ്ധതി യാഥാർഥ്യമാകുന്നതോടെ മുടക്കമില്ലാതെ ശുദ്ധജല വിതരണം സാധ്യമാകും. കിണർ ഡാമിന് അകത്തായതിനാൽ വെള്ളം വറ്റില്ല. ശുദ്ധീകരണ പ്ലാന്റും സംഭരണിയും 7.5 ലക്ഷം ലീറ്റർ വെള്ളം സ്റ്റോക്ക് ചെയ്യാൻ പറ്റും. വേനൽ കനക്കുന്നതോടെ ജല വിതരണം മുടങ്ങുന്നത് പതിവായ പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതി യാഥാർഥ്യമാകുന്നത് ഏറെ ആശ്വാസമാണ്. എന്നാൽ നടപടികൾക്ക് ഒച്ചിഴയുന്ന വേഗമാണെന്നാണ് നാട്ടുകാരുടെ പരാതി.

∙ തൃശിലേരിയിൽനിന്നു  സമീപത്തേക്കു വെള്ളമെത്തിക്കുന്ന പദ്ധതിയുടെ സ്ഥിതിയെക്കുറിച്ചു നാളെ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com