ADVERTISEMENT

മാനന്തവാടി ∙ കോവിഡ് നിയന്ത്രണങ്ങൾ വിനയായതോടെ മകന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനാകാതെ മാതാവും ബന്ധുക്കളും കർണാടക അതിർത്തിയിൽ നിന്നു കണ്ണീരോടെ മടങ്ങി. ഞായറാഴ്ച വൈകിട്ട് വാഹനത്തിനടിയിൽ പെട്ട്  മരിച്ച പിലാക്കാവ് സ്വദേശി ഖലീൽ അഹമ്മദിന്റെ മൃതദേഹമാണു ബാവലി അതിർത്തിയിലെത്തി മാതാവിന് റോഡിൽനിന്നു കാണേണ്ടി വന്നത്. മൈസൂരുവിൽ നിന്ന് ഏതാനും വർഷം മുൻപു പിലാക്കാവിൽ എത്തി സ്ഥിരതാമസമാക്കിയ ഖലീലിന്റെ ബന്ധുക്കളെല്ലാം കർണാടകയിലാണ്.

മരണ വിവരം അറിഞ്ഞ് രാവിലെ 9നു വീട്ടിൽനിന്നു പുറപ്പെട്ട ബന്ധുക്കൾ ഒരു മണിയോടെ ബാവലി അതിർത്തിയിലെത്തി. എന്നാൽ, ചെറിയ കാറിൽ 6 പേർക്കു കേരളത്തിലേക്കു പോകാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേരളത്തിലെത്തിയാൽ ക്വാറന്റീനിൽ കഴിയണമെന്നും നിർദേശിച്ചു. മൃതദേഹം കാണാൻ അനുവദിക്കാത്ത നടപടിക്കെതിരെ ബന്ധുക്കളും നാട്ടുകാരിൽ ചിലരും പ്രതിഷേധിച്ചു. ആംബുലൻസിൽ മൃതദേഹം ബാവലിയിൽ എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. 

ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൈസൂരുവിൽ നിന്ന് മാതാവ് ആമിന ബിയും ബന്ധുക്കളും എത്തുന്നത് കാത്തു നിൽക്കുകയായിരുന്നവർ ഉടൻ മൃതദേഹവുമായി ബാവലിയിലേക്ക് തിരിച്ചു. അതിർത്തിയിൽ വാഹനം എത്തിച്ച് മൃതദേഹം കണ്ട ശേഷം കർണാടകയിൽ നിന്നു വന്നവർ തിരികെ പോയി. അതേസമയം, മൃതദേഹം കാണാൻ എത്തിയവരെ തടഞ്ഞുവച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് അധികൃതർ പറഞ്ഞു. 

കാറിൽ 6 പേർക്ക് പോകാൻ കഴിയാത്തതിനാൽ വേറെ വാഹനം ഏർപ്പെടുത്താമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ക്വാറന്റീനിൽ നിൽക്കാൻ കഴിയാത്തതിനാൽ മൃതദേഹം അതിർത്തിയിൽ എത്തിച്ച് കണ്ട ശേഷം മടങ്ങാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു എന്നു ചെക്പോസ്റ്റിന്റെ ചുമതല വഹിക്കുന്ന സബ് കലക്ടർ ഓഫിസിലെ സീനിയർ സൂപ്രണ്ട് ജോസ് പോൾ  പറഞ്ഞു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com