sections
MORE

നാട് കീഴടക്കി വാനരക്കൂട്ടം; കുരങ്ങുപനി പേടിച്ച് ജനം

Pathanamthitta News
SHARE

മാനന്തവാടി ∙ ലോക് ഡൗൺ ദുരിതത്തിൽ നിന്നു രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കുരങ്ങുശല്യം കൂടിയായപ്പോൾ മാനന്തവാടിക്കാർ‌ കടുത്ത ദുരിതത്തിൽ. മാനന്തവാടി നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ജനവാസ കേന്ദ്രങ്ങളിൽ അതിരാവിലെ കൂട്ടമായി എത്തുന്ന കുരങ്ങുകൾ സന്ധ്യയോടെയാണു മടങ്ങുക. രൂക്ഷമായ കുരങ്ങ് ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട്  മിൽക്ക് സൊസൈറ്റി റോഡിലെ മഹാത്മ റസിഡൻസ് അസോസിയേഷൻ മാനന്തവാടി റേഞ്ച് ഓഫിസർക്ക് നിവേദനം നൽകിയിട്ടുണ്ട്.

മാനന്തവാടിയിൽ കുരങ്ങുകൾ നശിപ്പിച്ച കൃഷിയിടം.

കുരങ്ങുപനി പടരുന്ന സാഹചര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.   ജില്ലയിൽ കുരങ്ങ് പനി മൂലമുള്ള 4 മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും 29 പേർക്ക് കുരങ്ങ് പനി ബാധിക്കുകയും ചെയ്തിട്ടും നാട്ടിലിറങ്ങുന്ന കുരങ്ങുകളെ തുരത്താൻ വനപാലകർ തയാറാകുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി. ജനങ്ങളുടെ ആശങ്ക അകറ്റാൻ അടിയന്തര നടപടികൾ ഉണ്ടാകാത്ത പക്ഷം പ്രത്യക്ഷ സമരത്തിനിറങ്ങാൻ ഒരുങ്ങുകയാണു നാട്ടുകാർ.

കൃഷിയിടത്തിലെ വാഴ, തെങ്ങ്, കുരുമുളക് വള്ളികൾ എന്നിവയെല്ലാം വാനരപ്പട വ്യാപകമായി നശിപ്പിക്കുന്നുണ്ട്. ഇതിനു പുറമേ വീടിന് പരിസരത്തെ പച്ചക്കറികൾ, പൂച്ചെടികൾ എന്നിവയെല്ലാം ഇവ നശിപ്പിക്കുകയാണ്. വീടുകളുടെ പരിസരത്തെ തോട്ടങ്ങളിലെ വാഴക്കുല, ചക്ക, മാങ്ങ എന്നിവയും ഇവ ആഹാരമാക്കുന്നുണ്ട്. പല സന്ദർഭങ്ങളിലും വീടിനുള്ളിൽ കയറിയും നാശനഷ്ടങ്ങൾ വരുത്തുന്നുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അക്രമത്തിനു  മുതിരുന്ന കുരങ്ങുകളും കൂട്ടത്തിലുണ്ട്. രേഖാമൂലം പരാതി എഴുതി നൽകിയിട്ടും അധികൃതർ സംഭവസ്ഥലം സന്ദർശിക്കാൻ പോലും തയാറായില്ലെന്നും ആക്ഷേപമുണ്ട്.

കുരങ്ങുപനി: രോഗലക്ഷണങ്ങളോടെ ഒരാൾകൂടി ചികിത്സയിൽ  

മാനന്തവാടി ∙ തിരുനെല്ലി പഞ്ചായത്തിൽ കുരങ്ങുപനി പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമായി നടക്കുന്നതിനിടെ കുരങ്ങുപനി രോഗ ലക്ഷണത്തോടെ ഒരാൾ കൂടി ചികിത്സ തേടി. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പിരിധിയിൽ വരുന്ന ബേഗൂർ കോളനി നിവാസിയായ ഇരുപത്തിനാലുകാരനാണ് കുരങ്ങുപനി പ്രത്യേക ചികിത്സാ കേന്ദ്രമായ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

പനി ബാധിച്ചു കഴിഞ്ഞ ദിവസം അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ ഇയാളെ ബത്തേരി ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ബേഗൂർ കോളനി നിവാസികളായ 3 പേരാണ് ഇവിടെ നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 46 പേർക്ക് കുരങ്ങുപനിക്ക് എതിരെയുള്ള കുത്തിവയപ് നൽകി. തിരുനെല്ലി പഞ്ചായത്തിൽ ഇൗവർഷം ഇതു വരെ 12,615 പേർക്കാണ് കുത്തിവയ്പ് നൽകിയത്. പനി സർവേയുടെ ഭാഗമായി ആരോഗ്യവകുപ്പ് പ്രവർത്തകർ ഇന്നലെ 377 വീടുകൾ സന്ദർശിച്ചു. ഇൗ വർഷം ഇതുവരെ ജില്ലയിൽ 29 പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു.

കൊളവള്ളിയിൽ വന്യമൃഗങ്ങളിൽ നിന്ന് രക്ഷതേടി കൃഷിക്കു വേലികെട്ടുന്ന കർഷക ദമ്പതിമാര്‍.

വന്യമൃഗശല്യം രൂക്ഷം; ഗതികെട്ട് കർഷകർ

പുൽപള്ളി ∙ വീട്ടുവളപ്പിൽ നടുന്ന പച്ചക്കറിയും കിഴങ്ങുമുൾപ്പെടെയുള്ള എല്ലാ കൃഷികളും തകർത്ത് വന്യമൃഗങ്ങൾ. കാട്ടാനയേക്കാൾ ശല്യമുണ്ടാക്കുന്നതു മാനും പന്നിയും മറ്റുമാണ്. ഇവയെ തടയാൻ ഒരു മാർഗവുമില്ലാതെ പ്രയാസപ്പെടുകയാണ് കർഷകർ. വനത്തിൽ മാനുകളുടെയും പന്നിയുടെയും എണ്ണം ക്രമാതീതമായി വർധിക്കുന്നു. തീറ്റതേടി ഇവ കൂട്ടത്തോടെ കൃഷിയിടങ്ങളിലെത്തുന്നു. ഇവയ്ക്ക് പുറമേ മയിലും കുരങ്ങും മലയണ്ണാനും വേറെയും. ദൂരെ സ്ഥലങ്ങളില്‍ മയില്‍ കൂട്ടങ്ങള്‍ പറന്നെത്തുന്നു.

കൃഷിയിടത്തിലെ എല്ലാ നാമ്പുകളും ഇവ തിന്നുതീര്‍ക്കുന്നു. കാന്താരി മുളക് പോലും കര്‍ഷകന് ലഭിക്കാത്ത അവസ്ഥ. പച്ചക്കറിയുള്‍പ്പെടെയുള്ളവയില്‍ സ്വയം പര്യാപ്തയിലെത്താനുള്ള ഓട്ടത്തിലാണ് നാട്. എന്നാല്‍ ഏറെ കഷ്ടപ്പെട്ട് നട്ടുവളര്‍ത്തുന്ന പച്ചക്കറിയില്‍ നിന്ന് ആദായമെടുക്കാന്‍ കഴിയാറില്ലെന്നും വീട്ടമ്മമാര്‍ പറയുന്നു. വനത്തില്‍ നിന്ന് രണ്ടും മൂന്നും കിലോമീറ്ററുകളകലെയും മാനും പന്നിയുമെത്തുന്നത് പതിവാണ്. ഒരു സാധനവും നടാന്‍ കഴിയില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

ചേനയും കപ്പയും വേരുപിടിച്ചാലുടന്‍ ഇവ മാന്തിക്കളയും. ഗ്രാമങ്ങളില്‍ വെറുതെ കിടക്കുന്ന തോട്ടങ്ങളും ഇവ താവളമാക്കുന്നു. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ വെടിവച്ച് കൊല്ലാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും വയനാട്ടില്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. പത്ത് ചുവട് കപ്പ നടുന്നവരും ഇപ്പോള്‍ കാശ് മുടക്കി അതിന് ചുറ്റും വേലിയുണ്ടാക്കുന്നു. കപ്പയുടെ വിലയേക്കാള്‍ തുക വലയ്ക്കും കയറിനും വേണ്ടിവരുമെങ്കിലും സ്വന്തമായി ഇവ വിളയിക്കാനുള്ള ആഗ്രഹം മൂലം പലരും ഇപ്പോള്‍ കൃഷിയിടത്തിന് സംരക്ഷണ വേലിയുണ്ടാക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN wayanad
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA