sections
MORE

100 കോടിയുടെ ഹോട്ടൽ നിർമിച്ചുകൊണ്ടിരുന്ന അതിഥിത്തൊഴിലാളികൾക്ക് കോവിഡ്

covid-spread
SHARE

ബത്തേരി‍ ∙ വയനാടിന് ആശങ്കയായി അതിഥിത്തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവം. ടൗണിനടുത്ത് പൂളവയലിൽ ലാഡർ എന്ന സഹകരണ സ്ഥാപനം 100 കോടി രൂപ മുതൽ മുടക്കിൽ ഒരുക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിർമാണ പ്രവൃത്തിയിൽ ഏർപ്പെട്ടിരുന്ന 4 തൊഴിലാളികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3 പേർ ബംഗാൾ സ്വദേശികളും ഒരാൾ ഒഡീഷ സ്വദേശിയുമാണ്. തിങ്കളാഴ്ച രാത്രി ഒരാൾക്ക് പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് 10 പേരിൽ നടത്തിയ പരിശോധനയിലാണ് 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ഇവർക്ക് കോവിഡ് പകർന്നത് എവിടെ നിന്നെന്ന് വ്യക്തല്ല.

ട്രക്ക് ഡ്രൈവർമാരിൽ നിന്നാകാം എന്നാണു പ്രാഥമിക നിഗമനം. സമ്പർക്കപട്ടികയിൽ വന്നേക്കാമെന്ന് കരുതുന്ന ഇരുനൂറ്റൻപതോളം പേരോട് ക്വാറന്റീനിൽ പോകാൻ ആദ്യഘട്ട നിർദേശമുണ്ട് മുന്നൂറോളം തൊഴിലാളികളാണ് ആഴ്ചകൾക്ക് മുൻപു വരെ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നത്. ലോക് ഡൗൺ നീണ്ടതോടെ പകുതിയോളം പേർ തിരികെ പോയിരുന്നു. ബാക്കിയുള്ളവരിൽ 24 പേരടങ്ങിയ സംഘത്തിലുള്ളവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിനാൽ പ്രാഥമിക സമ്പർക്കമെന്ന നിലയിൽ 24 പേരോടും ക്വാറന്റീനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. ബാക്കിയുള്ള 137 തൊഴിലാളികളെയും പ്രത്യേക നിരീക്ഷണത്തിലാക്കി.

 ‍52 ചുമട്ടു തൊഴിലാളികൾ നിരീക്ഷണത്തിൽ

കെട്ടിട സമുച്ചയത്തിലെ 161തൊഴിലാളികൾക്ക് പുറമേ ബത്തേരി ടൗണിലെ 52 ചുമട്ടു തൊഴിലാളികൾ കൂടി ക്വാറന്റീനിൽ പോകണമെന്ന് നിർദേശമുണ്ട് ഹോട്ടൽ സമുച്ചയത്തിന്റെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പല സമയങ്ങളിലായുള്ള ലോഡുകളിറക്കുന്നതിന് ടൗണിലെ കയറ്റിറക്കു തൊഴിലാളികളാണ് എത്തിയിരുന്നത്. ലോക്ഡൗൺ കാലത്ത് മാത്രം നിർമാണ സ്ഥലത്തേക്കു 9 ട്രക്കുകളെത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട 52 ലോഡിങ് തൊഴിലാളികളോടാണ് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചിട്ടുള്ളത്.  ഇവരെക്കൂടാതെ ഹോട്ടൽ സമുച്ചയത്തിലേക്കുള്ള റോഡു നിർമാണത്തിലേർപ്പെട്ടിരുന്ന അറുപതോളം ഊരാളുങ്കൽ സൊസൈറ്റി തൊഴിലാളികളെയും പ്രത്യേക നിരീക്ഷണത്തിലാക്കി. സമീപ്രദേശങ്ങളായ കുപ്പാടി, പൂളവയൽ, മന്തൊണ്ടിക്കുന്ന് എന്നിവിടങ്ങളിലെയെല്ലാം കടകൾ അടക്കാൻ ആരോഗ്യ വകുപ്പും നഗരസഭയും ഇന്നലെ രാവിലെ തന്നെ നിർദേശിച്ചിരുന്നു.

ബത്തേരി നഗരസഭ ഇന്നുമുതൽ കണ്ടെയ്ൻമെന്റ് സോൺ

ബത്തേരി‍ ∙ ലാഡർ ഹോട്ടൽ സമുച്ചയത്തിന്റെ നിർമാണ പ്രവൃത്തിയിലേർപ്പെട്ടിരുന്ന 4 തൊഴിലാളികൾക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിൽ നടത്തിയ വിലയിരുത്തലുകളെ തുടർന്ന് ബത്തേരി നഗരസഭ പൂർണമായും ഇന്നുമുതൽ കണ്ടെയ്ൻമെന്റ് സോണാക്കാൻ ജില്ലാ ഭരണകൂടം നിർദേശിച്ചു. നിർമാണം നടക്കുന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത് പന്ത്രണ്ടാം വാർഡിലാണെങ്കിലും നിർമാണ തൊഴിലാളികൾ പല സമയങ്ങളിലും സാധനങ്ങൾ വാങ്ങാൻ ബത്തേരി ടൗണിലെത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ ചുമട്ടു തൊഴിലാളികൾ നിർമാണ സൈറ്റിൽ ജോലി ചെയ്തതിന് പുറമേ ബത്തേരിയിലെ പല സ്ഥാപങ്ങളിലും തൊഴിലെടുക്കുകയും പലരുമായും ഇടപഴകുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങൽ നഗരസഭാ അധ്യക്ഷന്റെ സാന്നിധ്യത്തിൽ ചേർന്ന ജനപ്രതിധികളുടെയും ഉദ്യോഗസ്ഥരുടെയും മെഡിക്കൽ ഓഫിസർമാരുടെയും യോഗം ജില്ലാ ഭരണകൂടത്തെ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന്  നടത്തിയ വിലയിരുത്തലിലാണ് ബത്തേരി നഗരസഭയെ പൂർണമായും കണ്ടെയ്ൻമെന്റ് സോണാക്കിക്കൊണ്ട് കലക്ടറുടെ ഉത്തരവെത്തിയത്. മുട്ടിൽ പഞ്ചായത്തിലെ 4, 5, 6 വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി ഉത്തരവിറങ്ങിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN wayanad
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA