ADVERTISEMENT

പനമരം ∙ കാലവർഷം ആരംഭിച്ചതോടെ കുറുമ്പാലക്കോട്ട നിവാസികൾ ഭീതിയിൽ. കഴിഞ്ഞ പേമാരിയിൽ മലയിടിച്ചിലിലും വിള്ളലും മൂലം ദുരിതത്തിലായവരാണ് ഇക്കുറി എന്തു ചെയ്യണമെന്ന് അറിയാതെ ആശങ്കയിലായത്. കഴിഞ്ഞ തവണ ഉണ്ടായ ഉരുൾപൊട്ടലിൽ വെള്ളവും ചെളിയും കുത്തിയൊഴുകി വീടുകൾക്കും മറ്റും കേടുപാടുകൾ സംഭവിച്ചവർ ശക്തമായ മഴയുണ്ടായാൽ മാറാനുള്ള തയാറെടുപ്പിലാണ്. ഇതിനോടകം പലരും വാടക വീടും മറ്റും ബുക്ക് ചെയ്തിട്ടുണ്ട്. 

പനമരം, കോട്ടത്തറ പഞ്ചായത്തുകളിലായി കിടക്കുന്ന കുറുമ്പാലക്കോട്ടയിൽ കഴിഞ്ഞ തവണയുണ്ടായ മലയിടിച്ചിൽ ഭീതിയുളവാക്കും വീതമായിരുന്നു. മഴയ്ക്കു ശേഷം ഭൂമി വിണ്ടു കീറുകയും ഒട്ടേറെ സ്ഥലങ്ങൾ നിരങ്ങി നീങ്ങുകയും കംപ്രഷൻ മുക്കിൽ നിന്നു വിളക്കുമാടത്തേക്കും കുരിശുമലയിലേക്കും ഉള്ള ടാറിങ് റോഡിൽ അടക്കം തകരുകയും ആദിവാസികളടക്കമുള്ളവരുടെ വീടുകളും ആരോഗ്യ കേന്ദ്രം കെട്ടിടം വിണ്ടുകീറി നശിക്കുകയും ചെയ്തിരുന്നു. 

കഴിഞ്ഞ തവണ ഉണ്ടായ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ സ്ഥലത്ത് കാടുകൾ മൂടിയിരിക്കുന്നു.
കഴിഞ്ഞ തവണ ഉണ്ടായ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ സ്ഥലത്ത് കാടുകൾ മൂടിയിരിക്കുന്നു.

ശക്തമായ മഴയെ തുടർന്ന് മലമുകളിൽ ചെറുതും വലുതുമായി 14 ഇടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായതിനു പുറമേയാണു മലയിൽ വിള്ളലുണ്ടായത്. പനമരം പഞ്ചായത്തിൽ ഉൾപ്പെടുന്ന കംപ്രഷൻമുക്ക്, കരടികുഴി, കുരമ്പാല തുടങ്ങിയ പ്രദേശങ്ങളിലാണ് കിലോമീറ്ററുകളോളം നീളത്തിൽ പലയിടങ്ങളിലായി വിള്ളൽ രൂപപ്പെട്ടത്. 

കഴിഞ്ഞ 6 പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ദുരന്തത്തെയാണു കഴിഞ്ഞ വർഷം കുറുമ്പാലക്കോട്ട അഭിമുഖീകരിച്ചതെന്നു നാട്ടുകാർ പറയുന്നു. ഉരുൾപൊട്ടലും വിള്ളലും ഉണ്ടായ കുറുമ്പാല കോട്ടയിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച ജിയോളജി വകുപ്പിലെയും മണ്ണ് സംരക്ഷണ വിഭാഗത്തിലെയും ഉദ്യോഗസ്ഥർ അടങ്ങുന്ന വിദഗ്ധ സംഘം പരിശോധന നടത്തിയെങ്കിലും പിന്നീട് അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നീക്കവും ഉണ്ടായിരുന്നില്ല. 

കഴിഞ്ഞ തവണയുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നു വലിയ പാറകൾ കുത്തനെയുള്ള ചെരിവിൽ മരങ്ങളിലും മറ്റും തടഞ്ഞു നിൽക്കുന്നതും ഭീഷണിയാണ്. കുറുമ്പാലക്കോട്ട മലമുകളിൽ കാരക്കുന്ന് കള്ളന്തോട് ഭാഗങ്ങളിൽ 2 ഇടങ്ങളിലും മലമുകളിലെ ഭഗവതി ക്ഷേത്രത്തിനു സമീപവുമാണ് ഉരുൾ പൊട്ടിയത്.  കൂറ്റൻ പാറക്കല്ലുകളും മണ്ണും മലവെള്ളവും കുത്തിയൊഴുകി മലമുകളിലും അടിവാരത്തുമുള്ള ഒട്ടേറെ റോഡുകളും കൃഷിയിടങ്ങളും തകർന്നിരുന്നു. കൂടാതെ മീറ്ററുകളോളം ദൂരത്തിൽ ഭൂമി ഒലിച്ചുപോയവരും ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com