ADVERTISEMENT

മാനന്തവാടി ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചില്ലെങ്കിലും രാഷ്ട്രീയ തട്ടകത്തിൽ അങ്കത്തിന്റെ ചൂടും ചൂരും മുറുകുന്നു. രാഹുൽ ഗാന്ധിയുടെ മണ്ഡലമെന്ന നിലയിൽ ദേശീയ ശ്രദ്ധയാകർഷിച്ച വയനാട്ടിൽ കോട്ട തകർക്കാനും നിലനിർത്താനും അട്ടിമറി വിജയം നേടാനുമെല്ലാമുള്ള കൂട്ടലും കുറയ്ക്കലുമായി 3 മുന്നണികളും ഒരുക്കങ്ങൾ തുടങ്ങിയിട്ട് നാളെറെയായി. കോവിഡ് പ്രതിസന്ധിയെ തുടർന്നു പരസ്യ പ്രചാരണങ്ങൾ ഒഴിവാക്കിയെങ്കിലും അണികളുടെ ആവേശത്തിനു തെല്ലും കുറവില്ല. നവമാധ്യമങ്ങൾ വഴി പ്രവർത്തകരെയും നേരിട്ടുള്ള യോഗങ്ങളിലൂടെ നേതാക്കളെയും പോരാട്ട സജ്ജരാക്കാൻ പാർട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കേണ്ടി വന്നാലും പ്രാരംഭ പ്രവർത്തനങ്ങൾ നേരത്തെ തുടങ്ങി അങ്കത്തട്ടിൽ മേൽക്കൈ നേടാനാണ് മുന്നണികളുടെ ശ്രമം. 

ഭാഗ്യം നറുക്കെടുപ്പിൽ 

തിരഞ്ഞെടുപ്പ് ചിത്രം തെളിയണമെങ്കിൽ ആദ്യം നടക്കേണ്ടതു സംവരണ വാർഡുകളുടെ നറുക്കെടുപ്പാണ്. പുതിയ പഞ്ചായത്ത് രൂപീകരണമോ വാർഡ് വിഭജനമോ ഇക്കുറി ഇല്ലാത്തതിനാൽ കഴിഞ്ഞ തവണത്തെ അതേ വാർഡുകളാണ് തിരഞ്ഞെടുപ്പിലും നിലനിൽക്കുക. നിലവിലെ ജനപ്രതിനിധികളും മുൻതവണ പരാജയപ്പെട്ടവരും വാ‍ർഡിലെ സ്പന്ദനങ്ങൾ ഇതിനകം ഹസ്തരേഖപോലെ ഹൃദിസ്ഥമാക്കിയിരിക്കും. എന്നാൽ ഇവിടെയാണ് നറുക്കെടുപ്പ് എന്ന വെല്ലുവിളി ഉയരുക.

നിലവിൽ ജനറൽ വാർഡുകളായവ അടുത്ത തവണ സംവരണ വാർഡുകളാകുമെന്നത് ചില നേതാക്കളുടെ ചങ്കിടിപ്പ് ഉയർത്തുന്നതാണ്. സ്വന്തം വാർഡ് മാത്രമല്ല അയൽ വാർഡുകളും സംവരണമാകുമോ എന്ന ആശങ്കയിലാണു പല പ്രമുഖരും. പഞ്ചായത്ത്, ബ്ലോക്ക് പ‍ഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് വാർഡുകളുടെ സംവരണവും അധ്യക്ഷ പദവിയും നറുക്കെടുപ്പിലൂടെ നിശ്ചയിച്ച് കഴിഞ്ഞാലാണ് തിരഞ്ഞെടുപ്പിന്റെ ചൂടും ചൂരുമുയരുക. ഒറ്റയാൾക്ക് മാത്രം വോട്ടുചെയ്യാൻ കഴിയുന്ന നഗരസഭയിലുള്ളവരും തങ്ങളുടെ വാർഡ് ജനറലാകുമോ? വനിത, എസ്ടി സംവരണമാകുമോ എന്നു നോക്കിയിരിക്കുകയാണ്.

കാര്യം വോട്ടർ പട്ടികയിയിൽ

തിര‍ഞ്ഞെടുപ്പ് അടുത്താൽ വോട്ടർ പട്ടികയാണ് താരം. വോട്ടർ പട്ടികയിൽ തങ്ങൾക്ക് അനുകൂലമായി നിൽക്കുന്നവരുടെ പേരുകൾ കൂട്ടിച്ചേർക്കാൻ കൈമെയ് മറന്ന പ്രവർത്തനമാണ് ഇത്തവണ മുഖ്യ രാഷ്ട്രീയ പാർട്ടികൾ നടത്തിയിട്ടുള്ളത്. പേര് ചേർക്കാൻ മാത്രമല്ല മരിച്ചു പോയവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാനും മുൻകാലങ്ങളെക്കാൾ സജീവമായ ഇടപെടലുകളാണ് ഇത്തവണ രാഷ്ട്രീയ പാർട്ടികൾ നടത്തിയിട്ടുള്ളത്. ഇനി പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടിക പരാമവധി തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയാണു പാർട്ടികൾക്കുള്ളത്.

തിരികൊളുത്തി രാഷ്ട്രീയച്ചൂട്

ഏറെക്കാലമായി പരിഹരിക്കാതെ കിടക്കുന്ന ചുരം ബദൽ പാത, മെഡിക്കൽ കോളജ്, വന്യമൃഗശല്യം, രാത്രിയാത്രാ നിരോധനം, നിലമ്പൂർ–നഞ്ചൻഗോഡ് റെയിൽവേ തുടങ്ങിയ അഴിയാക്കുരുക്കുകൾക്കു പുറമേ മലബാർ വന്യജീവി സങ്കേതത്തിന്റെ ബഫർ സോണിൽ കൽപറ്റ നിയോജകമണ്ഡലത്തിലെ 4 വില്ലേജുകൾ ഉൾപ്പെട്ടതാണ് ജില്ലയിൽ ഉരുത്തിരിഞ്ഞിരിക്കുന്ന ഏറ്റവും പുതിയ പ്രശ്നം. തിരുനെല്ലി വില്ലേജ് ആറളം വന്യജീവി സങ്കേതത്തിന്റെ ബഫർ സോണിലുൾപ്പെട്ടതും വാദപ്രതിവാദങ്ങൾക്കു തിരിതെളിച്ചു കഴിഞ്ഞു. ബത്തേരി നഗരസഭാധ്യക്ഷൻ വാട്സാപ് ഗ്രൂപ്പിൽ നടത്തിയ പരാമർശവും തുടർന്നുണ്ടായ വിവാദങ്ങളും ചർച്ചയാകും. പ്രളയപുനരധിവാസ പദ്ധതികളിലെ ആരോപണ പ്രത്യാരോപണങ്ങളാണ് മാനന്തവാടി മേഖലയിലെ പ്രധാന ചർച്ചാവിഷയം.

തദ്ദേശ ചിത്രം
പൊഴുതന – എൽഡിഎഫ്
നൂൽപുഴ– എൽഡിഎഫ്
നെന്മേനി– എൽഡിഎഫ്
(പ്രസിഡന്റ് സ്ഥാനം കോൺഗ്രസ്)

പൂതാടി– എൽഡിഎഫ്
മീനങ്ങാടി– എൽഡിഎഫ്
കോട്ടത്തറ– എൽഡിഎഫ്
മുട്ടിൽ– എൽഡിഎഫ്
വെങ്ങപ്പള്ളി– എൽഡിഎഫ്
മേപ്പാടി– എൽഡിഎഫ്
വൈത്തിരി– എൽഡിഎഫ്
പനമരം– എൽഡിഎഫ്

പുൽപള്ളി– എൽഡിഎഫ്
തവിഞ്ഞാൽ– എൽഡിഎഫ്
തിരുനെല്ലി– എൽഡിഎഫ്
മുള്ളൻകൊല്ലി– യു‍ഡിഎഫ്
മൂപ്പൈനാട്– യുഡിഎഫ്
തരിയോട്– യുഡിഎഫ്
പടിഞ്ഞാറത്തറ– യുഡിഎഫ്
അമ്പലവയൽ– യുഡിഎഫ്
എടവക – യുഡിഎഫ്
കണിയാമ്പറ്റ– യുഡിഎഫ്

ബ്ലോക്ക് പഞ്ചായത്തുകൾ
ബത്തേരി എൽഡിഎഫ്
കൽപറ്റ യുഡിഎഫ്
മാനന്തവാടി യുഡിഎഫ്
പനമരം യുഡിഎഫ്

നഗരസഭകൾ ഇങ്ങനെ
കൽപറ്റ എൽഡിഎഫ്
ബത്തേരി എൽഡിഎഫ്
മാനന്തവാടി എൽഡിഎഫ്

‌ജില്ലാ പഞ്ചായത്ത്
യുഡിഎഫ്

വയനാട് യുഡിഎഫിന്റെ കോട്ട; ഇത്തവണ നില കൂടുതൽ മെച്ചമാകും 

കർമ 2020 എന്ന പേരിൽ പവർ പോയിന്റ് പ്രസന്റേഷൻ അടക്കം കൃത്യമായ പ്രവർത്തനങ്ങളുമായാണ് കോൺഗ്രസ്  മുന്നോട്ട് പോകുന്നത്. 5 പേരടങ്ങുന്ന വാർഡ് സമിതികൾക്ക് പുറമേ 5  പേരടങ്ങുന്ന 6 ടീമുകൾ ഓരോ വാർഡിലും സജീവമായി. 512 വാർഡുകളിലും നഗരസഭാ പഞ്ചായത്ത് ബ്ലോക്ക് ജില്ലാ സമിതികളിലുമായി 17,000ത്തിലേറെ പ്രവർത്തകരെ കർമനിരതരാക്കാൻ കഴിഞ്ഞിട്ടുണ്ട്. യുഡിഎഫിന്റെ പരമ്പരാഗത കോട്ടയായ വയനാട്ടിൽ ഇൗ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്താൻ കഴിയും. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ്

ഇടത് തരംഗം; ജില്ലാ പഞ്ചായത്തിലടക്കം ഇക്കുറി ഇടത് ഭരണം വരും 

തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സിപിഎമ്മിന്റെ തയാറെടുപ്പ് ഏറെ നേരത്തെ തന്നെ ആരംഭിച്ചതാണ്. എല്ലാ വാർഡുകളിലും സിപിഎം കമ്മിറ്റികൾ നിലവിലുണ്ട്. ഇപ്പോൾ എൽഡിഎഫ് തല കമ്മിറ്റികൾ നടന്നു വരികയാണ്. എല്ലാ വാർഡുകളിലും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിലടക്കം സജീവ ഇടപെടലുകൾ നടത്താൻ ഇക്കുറി കഴിഞ്ഞു. ജില്ലാ പഞ്ചായത്തിലും 4 ബ്ലോക്ക് പഞ്ചായത്തുകളിലും അധികാരത്തിലെത്താൻ കഴിയും.  കാലങ്ങളായി യുഡിഎഫ് കുത്തകയാക്കി വച്ചിട്ടുള്ള പഞ്ചായത്തുകളിൽ വരെ അട്ടിമറി വിജയത്തിലൂടെ  ഭരണത്തിലെത്താൻ എൽഡിഎഫിന് ഇത്തവണ കഴിയും. പി. ഗഗാറിൻ ജില്ലാ സെക്രട്ടറി, സിപിഎം 

ബിജെപി വൻ വിജയം നേടും

എ,ബി,സി,ഡി എന്നിങ്ങനെ 4 വിഭാഗമായി വാർഡുകളെ തിരിച്ചാണ് ബിജെപിയുടെ പ്രാഥമിക പ്രവർത്തനം തുടങ്ങിയത്. കഴിഞ്ഞ തവണ ജയിച്ചത് എ, ഇക്കുറി ജയിക്കാൻ സാധ്യതയുള്ളത് ബി, ശ്രമിച്ചാൽ ജയിക്കാനാകുന്നത് സി, ജയിക്കാനാകാത്തത് ഡി എന്നിങ്ങനെ വാർഡുകളെ തിരിച്ച് കഴിഞ്ഞു. ഗൃഹസന്ദർശനവും ഉടൻ പൂർത്തീകരിക്കും. കുറഞ്ഞത് 140 സീറ്റിലെങ്കിലും ഇക്കുറി ബിജെപി വിജയക്കൊടി പാറിക്കും. സജി ശങ്കർ ബിജെപി ജില്ലാ പ്രസിഡന്റ്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com