ADVERTISEMENT

പടിഞ്ഞാറത്തറ ∙ പൊതു ജലാശയങ്ങളിലെ മത്സ്യ സമ്പത്തിൽ മികച്ച വളർച്ച. 4 വർഷമായി മത്സ്യ നിക്ഷേപ പദ്ധതിയുടെ ഭാഗമായി ലക്ഷക്കണക്കിനു മീൻ കുഞ്ഞുങ്ങളെ ജലാശയങ്ങളിൽ നിക്ഷേപിച്ചിരുന്നു. ഇവ വൻ തോതിൽ വളർന്നു പെരുകിയതോടെ തദ്ദേശീയർക്കു മികച്ച രീതിയിൽ മീൻ ലഭിച്ചിട്ടുണ്ട്. വയനാട് ജില്ലയിലെ പ്രധാന പൊതു ജലാശയങ്ങളിലായ ഐസി കടവ്, കക്കടവ്, വെണ്ണിയോട് ചെറുപുഴ, തളിമല പുഴ, കൂടൽകടവ്, ആനോത്ത് കടവ് എന്നിവിടങ്ങളിലാണു മത്സ്യം നിക്ഷേപിക്കുന്നത്. ഇത്തവണ ഓരോ സ്ഥലത്തും 1.5 ലക്ഷം മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഇതു വർഷങ്ങളിലെക്കാൾ കുറവാണെന്ന് അധികൃതർ പറയുന്നു. പ്രധാനമായും കാർപ്പ്, മഹാസിർ വിഭാഗത്തിൽ പെട്ട മീൻ കുഞ്ഞുങ്ങളെയാണു നിക്ഷേപിച്ചത്.

പ്രാദേശിക മത്സ്യ ബന്ധനം തടയാറില്ലെങ്കിലും വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടഞ്ഞും വൈദ്യുതി, സ്ഫോടക വസ്തുക്കൾ എന്നിവ ഉപയോഗിച്ചും മീൻ പിടിക്കുന്നതു കർശനമായി വിലക്കിയിട്ടുണ്ട്. ഇത്തരം മത്സ്യബന്ധനത്തിനെതിരെ അധികൃതർ നടപടി എടുക്കുന്നുണ്ട്. മീൻ പിടിക്കുന്നതിനു ലൈസൻസ് ലഭിക്കണമെങ്കിൽ ഉൾനാടൻ മത്സ്യ തൊഴിലാളി എന്ന സർട്ടിഫിക്കറ്റ് വേണം. ഇതു ലഭിക്കണമെങ്കിൽ സർക്കാർ രേഖകളിൽ തൊഴിൽ ആയി മത്സ്യബന്ധനം രേഖപ്പെടുത്തണം.

എന്നാൽ, ജില്ലയിൽ ഇത്തരത്തിൽ തൊഴിൽ രേഖപ്പെടുത്തിയവർ ഇല്ലെന്നാണ് അറിയുന്നത്. നിലവിൽ ജില്ലയിൽ 2 റിസർവോയർ ഫിഷറീസ് സൊസൈറ്റികൾക്കു മാത്രമാണ് ലൈസൻസ് ഉള്ളത്.‍ പൊതു ജലാശയങ്ങളിൽ വൻ തോതിൽ മത്സ്യ നിക്ഷേപം ഉയരുന്നുണ്ടെങ്കിലും ലൈസൻസോ മറ്റു മാർഗ നിർദേശങ്ങളോ നൽകാൻ കഴിയാത്തിനാൽ‍ വ്യാവസായിക അടിസ്ഥാനത്തിൽ ഈ മേഖലയെ വളർത്തിയെടുക്കാൻ സംവിധാനം ഇല്ലാത്ത അവസ്ഥയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com