ADVERTISEMENT

ബത്തേരി‍‍∙ നൂറോളം കോവിഡ് രോഗികൾക്കു മുൻപിൽ അവരുടെ പിരിമുറുക്കത്തിന് അയവു വരുത്താൻ ഒരു സൂപ്പർ നൃത്തം. അതും അവരെ 10 ദിവസം പരിചരിച്ച ശുചീകരണ തൊഴിലാളിയുടേത്. പിപിഇ കിറ്റിനുള്ളിൽ നിന്ന് ചുവടുകൾ പിഴയ്ക്കാത്ത ശാസ്ത്രീയ നൃത്തം കൂടിയായപ്പോൾ കോവിഡിനെപ്പോലും മറന്നു അന്തേവാസികൾ. ആശംസകളും അഭിനന്ദനങ്ങളും പ്രവഹിച്ചപ്പോൾ ആരോ എടുത്തിട്ട വിഷ്വലുകൾ സമൂഹമാധ്യമങ്ങളിൽ അതിലും വലിയ ഹിറ്റ്. എന്നാൽ പിപിഇ കിറ്റിനുള്ളിലുള്ള ആളെ അധികമാരും അറിഞ്ഞിട്ടുണ്ടാകില്ല.

ഇത് ക്ലിന്റൺ റാഫേൽ...  ബത്തേരി സെന്റ് മേരീസ് കോളജ് ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലെ താൽക്കാലിക ശുചീകരണ തൊഴിലാളി. കോവിഡ് കാലത്ത് പണിയില്ലാതായപ്പോൾ നൃത്താധ്യാപനം മാറ്റിവച്ച് കോവിഡ് കേന്ദ്രത്തിൽ രോഗികൾ താമസിക്കുന്ന മുറികളും ശുചിമുറികളും വൃത്തിയാക്കാനെത്തിയ ആൾ. തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നിന്ന് ഭരതനാട്യത്തിൽ ബിരുദം നേടിയ ശേഷം ഇപ്പോൾ ബെംഗളൂരു രേവാ യൂണിവേഴ്സിറ്റിയിൽ കുച്ചിപ്പുടിയിൽ ഡിപ്ലോമ ചെയ്യുന്ന ഇരുപത്താറുകാരൻ. 

വിള്ളലുകൾ വീണ ആസ്ബസ്റ്റോസ് മേൽക്കൂരയിലൂടെ മഴവെള്ളം മുറികളിലേക്കെത്തുന്ന അവസ്ഥയിലാണ് ക്ലിന്റന്റെ വീട്ടിലെ ജീവിതം. നൃത്താധ്യാപന വരുമാനവും കോവിഡ് തടസ്സപ്പെടുത്തിയപ്പോൾ മുന്നോട്ടുള്ള ജീവിതം ദുഷ്കരമായി. ബത്തേരിയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങിയപ്പോൾ ‍താൽക്കാലിക ജീവനക്കാരുടെ ഒഴിവിലേക്ക് നഗരസഭ അപേക്ഷ ക്ഷണിച്ചത് ശ്രദ്ധയിൽപെട്ടു.

ജോലിയുടെ ബുദ്ധിമുട്ട് അറിഞ്ഞ് പലരും വരാൻ തയാറായില്ലെങ്കിലും ഡാൻസ് വേഷം അഴിച്ചുവച്ച് ക്ലിന്റൺ ചൂലും ബക്കറ്റും കയ്യിലെടുത്തു. സ്വന്തം ജീവിതാനുഭവങ്ങളിൽ നിർധന വിദ്യാർഥികളെ ഫീസ് പോലും വാങ്ങാതെയാണ് ക്ലിന്റൺ പഠിപ്പിക്കുന്നത്. കോവിഡ് കേന്ദ്രത്തിലെ താൽക്കാലിക ജോലിക്ക് ദിവസം 645 രൂപ കിട്ടുന്നത് വലിയ കാര്യമാണെന്ന് ക്ലിന്റൺ പറയുന്നു. 10 ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് ക്വാറന്റീനിൽ പോകുന്ന ദിവസമാണ് ക്ലിന്റൺ നൃത്തം അവതരിപ്പിച്ചത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com