ADVERTISEMENT

പടിഞ്ഞാറത്തറ ∙ ജില്ലയിലെ മുഴുവൻ കൃഷി ഓഫിസർമാരെയും കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചതോടെ കൃഷിമേഖലയിലെ പ്രവർത്തനങ്ങൾ അവതാളത്തില്‍. കൃഷി ഭവൻ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളും ഇതോടെ പ്രതിസന്ധിയിലായി. കോവിഡ് പ്രതിരോധ ഭാഗമായി 26 സെക്ടർ ഓഫിസർമാരെയാണ് സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ അധികാരങ്ങളോടെ കലക്ടർ നിയമിച്ചത്.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മറ്റ് ഉദ്യോഗസ്ഥ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനാണു നടപടി. എന്നാല്‍, മറ്റ് ഉത്തരവാദിത്തങ്ങള്‍ കൂടി ഏറ്റെടുക്കേണ്ടിവരുമ്പോള്‍ ജോലിഭാരം നിമിത്തം കര്‍ഷകന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാനാകാതെ വരുന്നെന്ന് കൃഷി ഓഫിസര്‍മാര്‍ പരാതിപ്പെടുന്നു. 

കെട്ടിക്കിടക്കുന്നു അപേക്ഷകള്‍ 

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംയോജിത കൃഷി നടത്തുന്നവർ ആനുകൂല്യങ്ങൾക്കു വേണ്ടി അപേക്ഷ നൽകി കാത്തിരിക്കുകയാണ്. നൂറുകണക്കിന് അപേക്ഷകളാണ് ഇതു പ്രകാരം അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഇവയിൽ നിന്നു കൃഷിയിടം സന്ദർശിച്ച് അർഹരെ കണ്ടെത്തുന്നതിന് ആളില്ലാത്ത അവസ്ഥയാണിപ്പോൾ.

പല ആനുകൂല്യത്തിനുള്ള അപേക്ഷാ കാലാവധി അവസാനിക്കാറുമായി. നിലവിലെ കോവിഡ് ഡ്യൂട്ടി കഴിഞ്ഞെത്തിയാലും കുന്നുകൂടിക്കിടക്കുന്ന ഇത്തരം ജോലികൾ ചെയ്തു തീർക്കണമെങ്കിൽപോലും ദിവസങ്ങളെടുക്കും. കൃഷി മേഖലയിൽ ഏറെ തിരക്കുള്ള പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് ഇതിന്റെ ചുമതലയുള്ള ഓഫിസർമാരെ ഇതിനു നിയോഗിച്ചതിനു എതിരെ പ്രതിഷേധം ശക്തമാകുകയാണ്.

എക്സിക്യുട്ടീവ് മജിസ്ട്രേട്ടിന്റെ അധികാരങ്ങള്‍ 

∙ ക്രമസമാധാന പ്രശ്നങ്ങളില്‍ നടപടിയെടുക്കാം
∙ എഫ്ഐആര്‍ ഫയല്‍ ചെയ്യാം
∙ നിയമവിരുദ്ധമായതോ നിയമവിരുദ്ധമായേക്കാവുന്നതോ ആയ സംഘംചേരലുകള്‍ക്കെതിരെ നടപടിയെടുക്കാം.

ഉത്തരവാദിത്തങ്ങള്‍ 

∙ ബ്രേക്ക് ദ് ചെയിന്‍ ക്യാംപെയ്ന്‍, മാസ്ക് ധാരണം, സാമൂഹിക അകലം പാലിക്കല്‍ ഇവ കൃത്യമായി നടപ്പിലാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക
∙ ക്വാറന്റീന്‍ നടപടികള്‍ പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കുക
∙ വ്യാപാരസ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും കോവി‍ഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുക
∙ വിവാഹം, മരണാനന്തര ചടങ്ങുകള്‍, പൊതുപരിപാടികള്‍ എന്നിവയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കുക

അധികാരം ചില ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യുന്നെന്ന് ആരോപണം 

അതേസമയം, സ്പെഷല്‍ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരം ചില ഉദ്യോഗസ്ഥരെങ്കിലും ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. വ്യാപാരികളെയും സാധാരണക്കാരെയും അന്യായമായി കേസില്‍ പെടുത്തുകയാണെന്നാണ് ആരോപണം. പരാതിക്കിടയാക്കിയ സാഹചര്യത്തില്‍ തിരുത്തല്‍ നടപടി ഉണ്ടാകുമെന്ന് കലക്ടര്‍ ഡോ. അദീല് അബ്ദുല്ല പറഞ്ഞിരുന്നു.

വിളകളിൽ രോഗം പടരുന്നു; ആര് മരുന്നു നൽകും

വിളകൾ വിവിധ രോഗങ്ങൾ വന്ന് നശിക്കുമ്പോൾ ആവശ്യമായ മരുന്ന് നിർദേശിക്കാൻ ആളില്ലാത്ത അവസ്ഥ കർഷകർക്ക് കനത്ത നഷ്ടമാണ് വരുത്തുന്നത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശു ഭൂമിയിലെ കൃഷി പ്രോത്സാഹനത്തിന് സർക്കാർ അനുവദിച്ച സഹായവും വിവിധ ആനുകൂല്യങ്ങളും ലഭിക്കുന്നതിന് കൃഷിയിടം സന്ദർശിച്ചു റിപ്പോർട്ട് തയാറാക്കേണ്ടത് കൃഷി ഓഫിസര്‍മാരാണ്. 

കോവിഡ് ഡ്യൂട്ടി മാത്രമേ ചെയ്യാവൂ എന്ന ഉത്തരവുള്ളതിനാൽ കൃഷി ഭവൻ ഫയലുകളിലേക്കു തിരിഞ്ഞു നോക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഇവർ. നെൽക്കൃഷിക്ക് വ്യാപകമായി രോഗം ബാധിക്കുകയാണിപ്പോൾ. നിശ്ചിത സമയത്ത് മരുന്ന് തളിച്ചില്ലെങ്കിൽ അവ പൂർണമായും നശിക്കും. വിവിധ പദ്ധതികളുടെ ഭാഗമായി മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൃഷി വൻ തോതിൽ വർധിച്ചിട്ടുണ്ട്. 

മറ്റു ജില്ലകളെ അപേക്ഷിച്ച് വയനാട്ടില്‍ കൂടുതല്‍ കര്‍ഷകരുള്ളതിനാല്‍  ഒരു ഓഫിസിൽ തന്നെ 2 ഓഫിസർമാർക്കുള്ള ജോലി ഉണ്ട്. ഇത്തരത്തിൽ ജീവനക്കാർ ആവശ്യമുള്ള ഓഫിസിൽ ഉള്ളവരെ മറ്റ് ആവശ്യങ്ങൾ വിനിയോഗിച്ചത് ഈ മേഖലയിൽ വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com