ADVERTISEMENT

കൽപറ്റ ∙ ബസുമതി അരി മാർക്കറ്റ് ചെയ്തതു പോലെ വയനാടിന്റെ തനതു വിഭവങ്ങൾ ബ്രാൻ‍ഡ് ചെയ്ത് ആഗോളവിപണിയിലെത്തിക്കണമെന്നു രാഹുൽ ഗാന്ധി എംപി.  നെൽക്കർഷകർക്കു കിട്ടിയിരുന്ന സബ്സിഡി നിർത്തലാക്കിയതു പുനഃസ്ഥാപിക്കണം വയനാട്ടിൽ കർഷകർക്കു നല്ല അവസരങ്ങളുണ്ടെന്നും വയനാട് സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി പറഞ്ഞു.

കോവി‍ഡ് പ്രതിരോധ നടപടികളെക്കുറിച്ചറിയാൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ ഗാന്ധി കേന്ദ്രാവിഷ്‌കൃത വികസന പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്താൻ കലക്‌ടറേറ്റിലെ ഡിസ്ട്രിക്റ്റ് ഡവലപ്‌മെന്റ് കോ ഓർഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി യോഗത്തിലും പങ്കെടുത്തു.

യോഗങ്ങൾക്കു ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ മാധ്യമപ്രവർത്തകരെയും കണ്ടു. ഇന്ന് ഉച്ചയ്ക്കു ഡിസിസി ഓഫിസിൽ ജില്ലാ യുഡിഎഫ് നേതൃയോഗത്തിൽ പങ്കെടുക്കും. ഉച്ച കഴിഞ്ഞു 2നു മാനന്തവാടിയിലെ ജില്ലാ ആശുപത്രി സന്ദർശിക്കും. 3.20നു കാർമാർഗം കണ്ണൂർ വിമാനത്താവളത്തിലേക്കു പുറപ്പെടും. അവിടെ നിന്നാണു ഡൽഹിയിലേക്കു തിരിക്കുക.

ബഫർ‌സോൺ വിജ്ഞാപനം: ഇടപെടുമെന്നു രാഹുലിന്റെ ഉറപ്പ്

കൽപറ്റ ∙ മലബാർ വന്യജീവി സങ്കേതത്തിനു ചുറ്റും ബഫർസോൺ പ്രഖ്യാപിച്ച  കരട് വിജ്ഞാപനത്തെ തുടർന്നുണ്ടായ സാഹചര്യങ്ങളെക്കുറിച്ചു യുഡിഎഫ് കർഷക ജനസംരക്ഷണ സമിതി ഭാരവാഹികൾ രാഹുൽ ഗാന്ധി എംപിയുമായി ചർച്ച നടത്തി. നിവേദനവും നൽകി. കരട് വിജ്ഞാപനം അംഗീകരിക്കപ്പെട്ടാൽ ജനജീവിതം ദുസ്സഹമാകുമെന്നതിനാൽ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഇടപെടണമെന്നു സമിതി രാഹുൽ ഗാന്ധിയോട് അഭ്യർഥിച്ചു. 

ജനങ്ങളോടൊപ്പം ഉണ്ടാവുമെന്നും ജനങ്ങളെയും കർഷകരെയും ബുദ്ധിമുട്ടിലാക്കുന്ന നിലപാടിനെതിരെ ഇടപെടുമെന്നും രാഹുൽ  ഉറപ്പു നൽകി. കർഷക ജനസംരക്ഷണ സമിതി ചെയർമാൻ  ടി. സിദ്ദിഖ്,  ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, കെ.കെ. അഹമ്മദ് ഹാജി, കെ.സി. റോസക്കുട്ടി‍, കെ.കെ. ഏബ്രഹാം, റസാഖ് കൽപറ്റ, പി.പി. ആലി തുടങ്ങിയവരാണു നിവേദന സംഘത്തിലുണ്ടായിരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com