തീപ്പന്തമേറ്റു ചെവി അറ്റു; കാട്ടാനയ്ക്ക് ദാരുണാന്ത്യം, 2 പേർ‌ അറസ്റ്റിൽ

SHARE

ഗൂഡല്ലൂർ ∙ചെവി അറ്റുപോയി ചോര വാർന്ന നിലയി‍ൽ കണ്ടെത്തിയ കാട്ടാന ചരിയുന്നതിന് ഏതാനും ദിവസം മുൻപു സാരമായി പൊള്ളലേറ്റിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്. രാത്രി ജനവാസ കേന്ദ്രത്തിലെ റിസോർട്ടിനു സമീപമെത്തിയ ആനയെ തുരത്താൻ തുണി കത്തിച്ച് എറിഞ്ഞിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. മുതുമല വന്യജീവിസങ്കേതത്തിലെ മാഹനഹള്ളിയിൽ   ചികിത്സിക്കാനായി മയക്കുവെടിവച്ചു പിടികൂടിയ കൊമ്പൻ ചരിഞ്ഞ സംഭവത്തിലാണു വഴിത്തിരിവ്. പൊള്ളലേറ്റ് ഇടതുചെവി അറ്റുവീണ് വേദന സഹിക്കാനാവാതെ രണ്ടാഴ്ചയിലേറെയായി കാട്ടിലൂടെ ചിന്നംവിളിച്ചലയുകയായിരുന്ന ആനയെ വനംവകുപ്പ് പിടികൂടി ചികിത്സയ്ക്കു കൊണ്ടു പോകുന്നതിനിടയിലായിരുന്നു അന്ത്യം.   

പെട്രോളിൽ മുക്കി കത്തിച്ച തുണി ചെവിയിൽ കുടുങ്ങി വെപ്രാളത്തോടെ ചിന്നംവിളിച്ചോടുന്ന ആനയുടെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നു മാഹനഹള്ളിയിലെ റിസോർട്ട് ഉടമ റെയ്മണ്ട് ഡീൻ (28), സഹായി പ്രശാന്ത്  (36) എന്നിവരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ റിക്കുരായൻ ഒളിവിലാണ്.  നീലഗിരി കലക്ടറുടെ ഉത്തരവിനെ തുടർന്നു മസിനഗുഡി പഞ്ചായത്ത് അധികൃതർ ഇന്നലെ വൈകിട്ടെത്തി റിസോർട്ട് അടച്ചുപൂട്ടി.  കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇടതുചെവി അറ്റു രക്തം വാർന്ന നിലയിൽ കണ്ട ആനയെ  മസിനഗുഡി - സിങ്കാര റോഡിൽ വനംവകുപ്പ് മയക്കു വെടിവച്ചു തളച്ചത്. തുടർന്നു ചികിത്സയ്ക്കായി തെപ്പക്കാട് ആനപ്പന്തിയിലേക്ക് കൊണ്ടു വരുന്നതിനിടെ ചരിഞ്ഞു.

  ഈ മാസം മൂന്നിന് തമിഴ്നാട്ടിലെ മസിനഗുഡിക്കടുത്ത് നാട്ടിലിറങ്ങിയ കാട്ടാനയെ തുരത്താൻ തീയായിരുന്നു ആയുധം. തീപ്പന്തം കാണിച്ച് പേടിപ്പിച്ചെങ്കിലും അവൻ മുന്നോട്ടു തന്നെ വന്നു. പെട്രോളിൽ മുക്കിയ തൂണി കമ്പിൽ ചുറ്റി വലിച്ചെറിഞ്ഞപ്പോൾ കുടുങ്ങിയത് ചെവിയിൽ. തലയിൽ ആളിക്കത്തിയ തീയുമായി നിലവിളിച്ചു കാട്ടിലേക്ക് ഓടി. പൊള്ളിയ ഭാഗം വ്രണമായി ദിവസങ്ങളോളം നരകയാതന. വേദന കൂടൂമ്പോൾ സമീപത്തെ ഡാമിൽ ഇറങ്ങി നിൽക്കും. വനംവകുപ്പ് ചികിത്സ നൽകിയെങ്കിലും കഴിഞ്ഞ ചൊവ്വാഴ്ച ചരിഞ്ഞു.    (വിഡിയോ ദൃശ്യം)
ഈ മാസം മൂന്നിന് തമിഴ്നാട്ടിലെ മസിനഗുഡിക്കടുത്ത് നാട്ടിലിറങ്ങിയ കാട്ടാനയെ തുരത്താൻ തീയായിരുന്നു ആയുധം. തീപ്പന്തം കാണിച്ച് പേടിപ്പിച്ചെങ്കിലും അവൻ മുന്നോട്ടു തന്നെ വന്നു. പെട്രോളിൽ മുക്കിയ തൂണി കമ്പിൽ ചുറ്റി വലിച്ചെറിഞ്ഞപ്പോൾ കുടുങ്ങിയത് ചെവിയിൽ. തലയിൽ ആളിക്കത്തിയ തീയുമായി നിലവിളിച്ചു കാട്ടിലേക്ക് ഓടി. പൊള്ളിയ ഭാഗം വ്രണമായി ദിവസങ്ങളോളം നരകയാതന. വേദന കൂടൂമ്പോൾ സമീപത്തെ ഡാമിൽ ഇറങ്ങി നിൽക്കും. വനംവകുപ്പ് ചികിത്സ നൽകിയെങ്കിലും കഴിഞ്ഞ ചൊവ്വാഴ്ച ചരിഞ്ഞു.    (വിഡിയോ ദൃശ്യം)

ചെവിയുടെ ഭാഗത്ത് ആഴത്തിൽ പൊള്ളലേറ്റതായാണു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. അറ്റുപോയ ചെവിയുടെ ഭാഗം വഴിയരികിൽ നിന്നു കണ്ടെടുത്തിരുന്നു. കാട്ടാനകളെ തുരത്താൻ തുണിയും മറ്റും കത്തിച്ചു തീ കൂട്ടുന്നത് വനാതിർത്തിഗ്രാമങ്ങളിൽ പതിവാണ്. ഈ മാസം മൂന്നിനു രാത്രിയാണ്  ആന റിസോർട്ടിനു സമീപമെത്തിയതും തുണി കത്തിച്ചെറിഞ്ഞതും. പൊള്ളലേറ്റു ദിവസങ്ങൾക്കു ശേഷം ആന തൊട്ടടുത്തുള്ള മരവകണ്ടി ഡാമിലെ വെള്ളത്തില്‍ ഇറങ്ങി നില്‍ക്കുന്നതു നാട്ടുകാർ കണ്ടിരുന്നു. കടുത്ത വേദനയുണ്ടാകുമ്പോഴാണ് ആന വെള്ളത്തിലിറങ്ങുന്നത്. 

ഒരു മാസം മുന്‍പ് ഈ ആനയുടെ മുതുകില്‍ ആഴത്തില്‍ പരുക്കേറ്റിരുന്നു. അന്ന് അവശ നിലയില്‍ വനഗ്രാമങ്ങളിലൂടെ അലഞ്ഞ ആനയെ  വനംവകുപ്പ് മയക്കുവെടിവച്ച് തളച്ച് മുറിവുകള്‍ വൃത്തിയാക്കി മരുന്ന് നല്‍കിയാണു വിട്ടത്. ആരോഗ്യം വീണ്ടെടുത്തിട്ടും കാട്ടിലേക്കു പോകാതെ വഴിയോരങ്ങളില്‍ തങ്ങിയ ആനയ്ക്ക് നാട്ടുകാര്‍ എസ്ഐ എന്നു പേരും നല്‍കിയിരുന്നു..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN wayanad
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA