ADVERTISEMENT

മാനന്തവാടി ∙ ഒട്ടേറെ വിവാഹത്തട്ടിപ്പ് കേസുകളിലെ പ്രതിയെ മോഷണക്കേസിൽ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കുന്നങ്കുളത്ത് രായിമരക്കാർ വീട്ടിൽ റഷീദ്(47) ആണു പിടിയിലായത്. 2018ൽ എരുമത്തെരുവിലെ കാഞ്ചി കാമാക്ഷിയമ്മൻ ക്ഷേത്രത്തിൽ നടത്തിയ മോഷണക്കേസിലാണ് ഇയാൾ അറസ്റ്റിലായത്. വിഗ്രഹത്തിലെ മാലയും, ഭണ്ഡാരത്തിലെ പണവുമാണ് അന്നു നഷ്ടമായത്. കഴിഞ്ഞ ദിവസം ഫിംഗർപ്രിന്റ് ബ്യൂറോയിൽ നിന്ന് ഇയാളുടെ വിരലടയാളം ലഭിച്ചതോടൊണു കേസന്വേഷണം ഉൗർജിതമാക്കിയത്.

2013ൽ താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ മോഷണക്കേസിൽ ലഭിച്ച വിരലടയാളവും ക്ഷേത്രത്തിലെ മോഷണക്കേസിലെ വിരലടയാളവും ഒന്നായിരുന്നു. അന്വേഷണത്തിൽ തൃശൂരിൽ നിന്നു 12 വർഷം മുൻപ് നാടുവിട്ട റഷീദാണ് പ്രതിയെന്നു വ്യക്തമായി.  തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാൾക്കെതിരെ വൈത്തിരി സ്റ്റേഷനിൽ വിവാഹത്തട്ടിപ്പ് കേസുണ്ടെന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ച മാനന്തവാടി സ്റ്റേഷൻ ഹൗസ് ഓഫിസർ എം.എം.അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം പിലാക്കാവിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

വിവിധ സ്ഥലങ്ങളിൽ നിന്നായി ഇയാൾ 8 തവണ വിവാഹം കഴിച്ചതായി പൊലീസ് പറഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട് പള്ളിയിൽ നൽകേണ്ട രേഖകൾ സ്വയം നിർമിക്കുകയാണു ചെയ്തിരുന്നത്. 

മോഷണം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കേസുകളും ഇയാളുടെ പേരിലുണ്ട്. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ, പുതിയ വിവാഹത്തിനുള്ള ആസൂത്രണങ്ങൾ നടത്തിയിരുന്നതായി വ്യക്തമായെന്നും പൊലീസ് പറഞ്ഞു. ഇന്നലെ റഷീദിനെ കാഞ്ചി കാമക്ഷിയമ്മൻ ക്ഷേത്രത്തിലും പിലാക്കാവും എത്തിച്ച് തെളിവെടുത്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com