ADVERTISEMENT

ബത്തേരി∙ വംശനാശ ഭീഷണി നേരിടുന്ന ഇനത്തിൽ പെട്ട അൻപതോളം  കാട്ടുനായ്ക്കളെ (ഏഷ്യാറ്റിക് വൈൽഡ് ഡോഗ്) വയനാട് വന്യജീവി സങ്കേതത്തിൽ കണ്ടെത്തി. കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി, വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റി ഇന്ത്യ, നാഷനൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസ്, യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറി‍‍ഡ, സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി എന്നിവ ചേർന്നു നടത്തിയ ഒന്നര വർഷത്തെ പഠനത്തിലാണു കണ്ടെത്തൽ.

ചുവപ്പുകലർന്ന തവിട്ടു നിറത്തോടു കൂടിയ കാട്ടുനായ്ക്കൾ ഇപ്പോൾ വലിയ വംശനാശ ഭീഷണിയിലാണ്. ഇന്ത്യയിൽ ഇവ കൂടുതൽ കാണപ്പെടുന്നത് ബന്ദിപ്പൂർ, നാഗർഹൊളെ കടുവാ സങ്കേതങ്ങളിലാണ്. ഈ സങ്കേതങ്ങളോടു ചേർന്നു കിടക്കുന്നതു കൊണ്ടാണു വയനാട് വന്യജീവി സങ്കേതത്തിലും കാട്ടുനായ്ക്കളുടെ സാന്നിധ്യമുള്ളത്. ചിലയിടങ്ങളിൽ ചെന്നായ എന്നും  അറിയപ്പെടുന്ന കാട്ടുനായ്ക്കളെക്കുറിച്ചു കാര്യമായ പഠനമൊന്നും രാജ്യത്ത് ഇതിനു മുൻപു നടന്നിട്ടില്ലെന്നാണു വിദഗ്ധർ പറയുന്നത്.

വയനാട് വന്യജീവി സങ്കേതത്തിൽ 100 ചതുരശ്ര കിലോമീറ്ററിൽ 12 മുതൽ 14 വരെ കാട്ടുനായ്ക്കളെയാണു കണ്ടെത്തിയത്. 344 ചതുരശ്ര കിലോമീറ്ററാണ് വയനാട് വന്യജീവി സങ്കേതത്തിന്റെ വിസ്തീർണം. സമീപകാലത്തു മറ്റു വനമേഖലകൾ കൂട്ടിച്ചേർത്തതിനാൽ വിസ്തീർണം അൽപം വർധിച്ചിട്ടുണ്ട്. കാട്ടുനായ്ക്കളുടെ കാഷ്ഠം ശേഖരിച്ച് ഡിഎൻഎ വേർതിരിച്ചുള്ള നൂതന സാങ്കേതിക വിദ്യയും  കണക്കെടുപ്പിനായി ഉപയോഗിച്ചു.

ഡോ. അർജുൻ ശ്രീവാസ്തവ, റയാൻജി റോഡ്രിഗസ്, ഡോ. അരുൺ സഖറിയ, ഡോ. മദൻ കെ.ഓലി, ഉമാ രാമകൃഷ്ണൻ, കോക്ക് ബെൻതോ എന്നിവരാണു സർവേയ്ക്കും പഠനത്തിനും നേതൃത്വം നൽകിയത്. നീളം കുറഞ്ഞ കാലും ‌രോമസമൃദ്ധമായ വാലുമുള്ള കാട്ടുനായ്ക്കൾ കൂട്ടം ചേർന്നാണ് ഇരയെ വേട്ടയാടുന്നത്. ഇര ചാകുന്നതിന് മുൻപ് ഭക്ഷിച്ചു തുടങ്ങുകയും നിമിഷങ്ങൾക്കുള്ളിൽ തിന്നു തീർക്കുകയും ചെയ്യും. റഷ്യ,  ചൈന, തെക്കു കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലും  കണ്ടു വരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com