ADVERTISEMENT

അമ്പലവയൽ ∙ കോവി‍ഡിന്റെ രണ്ടാം വരവിൽ വിറങ്ങലിച്ചു വയനാട്ടിലെ ടൂറിസം മേഖല. കോവിഡിനെ തുടർന്നു അടച്ചിട്ട ടൂറിസം കേന്ദ്രങ്ങളിലേക്കു സഞ്ചാരികളെത്തി തുടങ്ങിയപ്പോഴേക്കും കോവിഡ് വീണ്ടും രൂക്ഷമായതും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതുമെല്ലാം തിരിച്ചടിയാകുകയാണ്. ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ച കേന്ദ്രങ്ങളെല്ലാം മാസങ്ങൾക്ക് മുൻപാണ് വീണ്ടും തുറന്നത്. ആദ്യഘട്ടത്തിൽ സഞ്ചാരികൾ കുറവായിരുന്നെങ്കിലും പിന്നീട് എല്ലാ കേന്ദ്രങ്ങളിലും എണ്ണം വർധിച്ചിരുന്നു. നിയന്ത്രണങ്ങളിൽ  കൂടുതൽ ഇളവ് വന്നതും  ടൂറിസം മേഖലയ്ക്ക് ആശ്വാസമായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയിലെ കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ എണ്ണം വളരെ കുറഞ്ഞു. 2019ലെ വിഷു സീസണിൽ ഡിടിപിസിയുടെ കീഴിലുള്ള വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ 8000 സഞ്ചാരികളെത്തിയിരുന്നത് ഇക്കുറി 1600 പേരായി. വിഷുദിനത്തിൽ കറലാട് തടാകത്തിൽ 81 പേരാണ് എത്തിയത്. കാന്തൻപാറ 89, എടക്കൽ ഗുഹ 202, കുറുവ ദ്വീപ് 159 എന്നിങ്ങനെയാണു കണക്ക്. ബാണാസുരയിലും പൂക്കോടും സഞ്ചാരികളുടെ എണ്ണം പകുതിയായി കുറ‍ഞ്ഞു. കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ ജില്ലയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരുടെ എണ്ണവും കുറച്ചിട്ടുണ്ട്.

ചില കേന്ദ്രങ്ങളിലെ‍ാഴിച്ച് ബാക്കിയെല്ലായിടത്തും നിജപ്പെടുത്തിയതിവെക്കാൾ കുറവ് പേരെണെത്തുന്നത്. അതിനാൽ നിയന്ത്രണങ്ങൾ നടപ്പാക്കാൻ എളുപ്പമാണ്. കൂടുതൽ സഞ്ചാരികളെത്തുന്ന ശനി, ഞായർ ദിവസങ്ങളിലും ഇപ്പോൾ സഞ്ചാരികൾ കുറവാണ്. പൂക്കോട് തടാകം, ബാണാസുര സാഗർ, സൂചിപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങളിൽ 500 പേരെ വീതമായി നിജപ്പെടുത്തിയിട്ടുണ്ട്. മറ്റിടങ്ങളിലും സമാനമായ നിയന്ത്രണങ്ങളുണ്ട്. കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികളടക്കം സാമൂഹിക അകലം, മാസ്ക് എന്നിവ ധരിക്കുന്നത് ഉറപ്പാക്കാനുള്ള ശ്രമങ്ങളുമുണ്ട്. വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കുകയും കോവിഡ് എണ്ണം ക്രമാതീതമായി ഉയരുകയും ചെയ്താൽ  സന്ദർശകരുടെ എണ്ണം നാമമാത്രമാകാൻ സാധ്യതയുണ്ട്.

നൂറുകണക്കിനു കച്ചവടസ്ഥാപനങ്ങളും ഹോംസ്റ്റേകളും അടച്ചുപൂട്ടേണ്ട സ്ഥിതിയിലാണ്. പൊതു പരിപാടികളും ഒഴിവാക്കിയതും ടൂറിസം മേഖലകൾ അടച്ചിട്ടതും ഹോട്ടലുകൾക്ക് തിരിച്ചടിയായപ്പോൾ സഞ്ചാരികളുടെ നിയന്ത്രണം കാരണം റിസോർട്ടുകളിൽ നേരത്തെ ബുക്ക് ചെയ്തവരെല്ലാം ബുക്കിങ് ഒഴിവാക്കി. സീസൺ നോക്കി ബുക്ക് ചെയ്തവരായിരുന്നു ഇതിലധികവുമെന്നു റിസോർട്ട് ഉടമകൾ പറഞ്ഞു. ഇങ്ങിനെയുള്ളവർ ഇനി അടുത്ത സീസണിൽ വന്നാലായി. ടൂറിസം കേന്ദ്രങ്ങളില്‍ നിയന്ത്രണം വന്നതോടെ പൂക്കോട്, ബാണാസുര, കാരാപ്പുഴ, എടക്കൽ തുടങ്ങിയ സ്ഥലങ്ങളിലെ ചെറുകിട കച്ചവടവും നിലച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com