ADVERTISEMENT

പുൽപള്ളി ∙ കത്തുന്ന ചൂടിനിടെ ലഭിച്ച വേനൽമഴ ആശ്വാസം പകർന്നതു കരിഞ്ഞുണങ്ങിത്തുടങ്ങിയ കാടിനും കാടിന്റെ കാവൽക്കാർക്കും. പല പരീക്ഷണങ്ങൾ നേരിട്ട കാട്ടുതീക്കാലത്തെയാണ് ഇക്കൊല്ലം വനമേഖല അതിജീവിച്ചത്. വരണ്ടുണങ്ങിയ ജലസ്രോതസ്സുകളും കത്താനൊരുങ്ങിനിന്ന വനവും ഓരോ ദിവസവും ആശങ്ക വർധിപ്പിച്ചിരുന്നു. കാട്ടുതീയെ നേരിടാൻ വാച്ചർമാർ മുതൽ ഓരോ മേഖലയുടെ ചുമതല വഹിച്ച ഉദ്യോഗസ്ഥർ വരെ രാവും പകലും കാവലിരുന്നു.

കാലവർഷം ദുർബലമായതും വേനൽമഴ വൈകിയതുമാണു നാടും കാടും വേഗത്തിൽ വരളാനിടയാക്കിയത്. വനത്തിലെ നീര്‍ച്ചാലുകളും കുളങ്ങളുമെല്ലാം വറ്റി. അടിക്കാടുകളും ചെറു ചെടികളും കരിഞ്ഞുണങ്ങി. ജലാംശം നഷ്ടപ്പെട്ട മണ്ണില്‍ നിന്ന മരങ്ങളെല്ലാം ഇല പൊഴിച്ചു. തീറ്റയും വെള്ളവും തേടി ആനയും മാനുകളും സുരക്ഷിത കേന്ദ്രങ്ങളിലേക്കു നീങ്ങി. ഫയര്‍ലൈനുകള്‍ തീര്‍ത്തും വനത്തില്‍ തീപ്പൊരി വീഴാതെയും ജീവനക്കാര്‍ കാത്തു. കര്‍ണാടകയോടു ചേര്‍ന്നുള്ള വയനാട് വന്യജീവി സങ്കേതത്തില്‍ ഒരിടത്തും ഇക്കൊല്ലം തീയുണ്ടാകാത്തതിനു പിന്നിൽ വനപാലകരുടെ ജാഗ്രതയുണ്ടായിരുന്നു.

കൊടുംവരള്‍ച്ച നേരിട്ട ബന്ദിപ്പൂര്‍ കടുവ സങ്കേതത്തില്‍ തീയുണ്ടായാല്‍ ഇവിടേക്കു പടരുമെന്ന ആശങ്കയില്‍ സംസ്ഥാനാതിര്‍ത്തിയില്‍ മാസങ്ങളോളം കാവലുണ്ടായി. 3 മാസത്തെ കൂട്ടായ ശ്രമഫലമായിട്ടാണ് കാട്ടുതീയെ പടിക്കു പുറത്താക്കാന്‍ കഴിഞ്ഞതെന്നു വനപാലകര്‍ പറയുന്നു. രണ്ടുമൂന്നു മഴ ലഭിച്ച് കരിയിലകൾ മണ്ണോടു ചേരുകയും വനത്തില്‍ പുല്ലും കാടും പച്ചപിടിക്കുകയും ചെയ്തതോടെ കാട്ടുതീ സാധ്യത അവസാനിച്ചു. വന്യജീവി സങ്കേതത്തില്‍ നിര്‍മിച്ച താല്‍ക്കാലിക തടയണകളില്‍ പലതും നിറഞ്ഞൊഴുകുന്നുണ്ട്.

മഴ ലഭിച്ചതിനെ തുടർന്ന് പച്ചപ്പു നിറഞ്ഞ് കാട്ടുതീ ഭീഷണിയൊഴിഞ്ഞ വന്യജീവി സങ്കേതം.

കരുതലിന് പ്രതിഫലം അവഗണന

കാട്ടുതീ മുന്നറിയിപ്പുണ്ടായിട്ടും ശക്തമായ നടപടികള്‍ സ്വീകരിക്കാനാവശ്യമായ ഫണ്ടോ, സൗകര്യങ്ങളോ എത്തിയിരുന്നില്ലെന്നു വനപാലകർ പറയുന്നു. കൂടുതല്‍ ഫയര്‍ വാച്ചര്‍മാരെ നിയോഗിക്കാനും ഉന്നത ഉദ്യോഗസ്ഥർക്കു കഴിഞ്ഞില്ല. വനത്തിനുള്ളില്‍ തീ പടര്‍ന്നാല്‍ വെള്ളമെത്തിക്കാൻ ടാങ്കര്‍ വേണമെന്ന ആവശ്യം പരിഗണിച്ചില്ല. ജീവനക്കാര്‍ക്ക് യൂണിഫോം, കാട്ടുതീയില്‍ നിന്നു രക്ഷപ്പെടാനുള്ള സുരക്ഷാ സൗകര്യങ്ങള്‍ എന്നിവയും നൽകിയില്ല. ഫണ്ടില്ലെന്ന കാരണമാണ് വകുപ്പ് അധികാരികൾ നിരത്തിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.   വനാതിര്‍ത്തിയില്‍ കാട്ടാനയെ തുരത്താന്‍ കാവലിനു നിയോഗിച്ച വാച്ചര്‍മാരെയാണ് പകല്‍ കാട്ടുതീ ഡ്യൂട്ടിയിലും നിയോഗിച്ചത്. അതും മസ്റോള്‍ വെട്ടിക്കുറച്ച്. 30 ദിവസം ജോലി ചെയ്തവര്‍ക്ക്, മാസങ്ങൾക്കുശേഷം 15 ദിവസത്തെ കൂലി മാത്രം അനുവദിക്കുന്നതിനെതിരെയും പ്രതിഷേധമുണ്ട്.

ജലനിരപ്പ് താഴ്ന്ന കബനിയുടെ കൈവഴിയിൽ നിന്നു വെള്ളംകുടിച്ചു മടങ്ങുന്ന ആനക്കൂട്ടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com