ADVERTISEMENT

കൽപറ്റ ∙ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കോവിഡ് രോഗ വ്യാപനം ക്രമാതീതമായി വർധിക്കുന്നു. കോവിഡ് ക്ലസ്റ്ററുകളുടെ എണ്ണം കൂടുന്നു. സമ്പർക്ക വ്യാപനവും വർധിച്ചുവരികയാണ്. നിയന്ത്രണം ശക്തമാക്കിയാ‍ൽ മാത്രമേ രോഗവ്യാപനം പിടിച്ചു നിർത്താനാകൂവെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.  തിരഞ്ഞെടുപ്പ് കാല പ്രവർത്തനങ്ങൾക്കു പുറമേ കായികമത്സരങ്ങൾ, വിവാഹം, പൊതുയോഗങ്ങൾ, ആരാധനാലയങ്ങളിലെ ചടങ്ങുകൾ എന്നിവയിൽ പങ്കെടുത്തവർക്കും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

രോഗവ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ നിരത്തുകളിലും മാർക്കറ്റുകളിലും ആൾക്കൂട്ടങ്ങളുണ്ടാകാൻ സാധ്യതയുള്ളിടത്തും വ്യാപാരസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന ശക്തമാക്കി. മാസ്ക് ധരിക്കാത്തവരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്തവരിൽ നിന്നും പിഴ ഈടാക്കുന്നുണ്ട്. വാഹനങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തവണ്ണം ആളുകളെ കയറ്റിയവർക്കെതിരെയും നടപടിയുണ്ട്. 

നിരോധനാജ്ഞ പ്രഖ്യാപിച്ച തദ്ദേശസ്ഥാപനങ്ങളിൽ പരിശോധനയും ശക്തമാണ്. വാക്സിനേഷൻ ക്യാംപെയ്നും കൂട്ട പരിശോധനയും വരുംദിവസങ്ങളിലും ഊർജിതമായി തുടരും. ആദിവാസി കോളനികളിൽ പ്രത്യേക ജാഗ്രതയും നിരീക്ഷണവുമുണ്ടാകും. അതിർത്തികളിലും പരിശോധന ശക്തമാക്കാനാണു തീരുമാനം. 

മുട്ടിൽ ഡബ്ല്യുഎംഒ കോളജിൽ പഠിക്കുന്ന 25 വിദ്യാർഥികൾക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. മൗണ്ട് കാർമൽ സ്‌കൂളിലെ 10–ാം ക്ലാസ് വിദ്യാർഥിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രിൽ 7നാണ് കുട്ടി അവസാനമായി ക്ലാസിൽ ഹാജരായത്. കാപ്പുകുന്ന് (വാർഡ് 15), പൂതാടി കല്ലൂർകുന്ന് (വാർഡ് 10), പൊഴുതന ഇഎംഎസ് കോളനി (വാർഡ് ഒന്ന്) എന്നീ പ്രദേശങ്ങളിൽ പത്തിൽ കൂടുതൽ പേർ രോഗബാധിതരാണ്. ഇവിടങ്ങളിലെ കൂടുതൽ പേരിൽ സമ്പർക്ക സാധ്യത നിലനിൽക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 

ജില്ലയിൽ വിവാഹം, വിവിധ യോഗങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകളിൽ പങ്കെടുത്തവർക്കും കോവിഡ് സ്ഥിരീകരിച്ചു. കൽപറ്റ എൻജിഒ ഹാളിൽ 11ന് നടന്ന കൽപറ്റ എസ്കെഎംജെ ഹയർ സെക്കൻഡറി സ്‌കൂൾ 1979 ബാച്ച് കൂടിച്ചേരലുമായി ബന്ധപ്പെട്ട ആലോചനാ യോഗത്തിൽ പങ്കെടുത്ത ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. 28 പേരാണ് യോഗത്തിൽ പങ്കെടുത്തത്. 

12ന് ബത്തേരിയിലെ കുപ്പാടി തോട്ടമൂലയിൽ വിവാഹത്തിൽ പങ്കെടുത്ത ഒരാൾക്കും മാനന്തവാടി ജെജെ വില്ല, ഡബ്ല്യുഎസ്എസിന് എതിർവശം നടന്ന വിവാഹത്തിൽ പങ്കെടുത്ത ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പളക്കാട് പാലുകാച്ചൽ ചടങ്ങിൽ പങ്കെടുത്ത വ്യക്തിക്കും രോഗം ബാധിച്ചു.  തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടി (വാർഡ് 4,5) പ്രദേശങ്ങളിൽ കൂടുതൽ പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. വയനാട്ടിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പഞ്ചായത്തും തിരുനെല്ലിയാണ്. 

അടിയന്തര സാഹചര്യം നേരിടാൻ ആരോഗ്യവകുപ്പ്

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വൻ സന്നാഹങ്ങളുമായി ആരോഗ്യവകുപ്പ് തയാറെടുക്കുന്നു. കോവിഡ് കൂടിവരുന്ന സാഹചര്യത്തിൽ നടപ്പിലാക്കേണ്ട ക്രമീകരണങ്ങളെക്കുറിച്ച് കലക്ടർ ഡോ. അദീല അബ്ദുല്ല ഉത്തരവിറക്കി 

നിർദേശങ്ങൾ ഇങ്ങനെ 

∙ ബത്തേരി താലൂക്ക് ആശുപത്രിയിലെ 10 ഐസിയു കിടക്കകൾ മേപ്പാടി വിംസ് ആശുപത്രിയിലേക്കു മാറ്റി. സർക്കാർ ആശുപത്രികളിൽനിന്ന് റഫർ ചെയ്യുന്ന രോഗികൾക്ക് ഇവ സൗജന്യമായി ലഭ്യമാക്കും

∙ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ, വിദേശത്തും സ്വകാര്യ മേഖലയിലും പ്രവൃത്തി പരിചയമുള്ള 40 സ്റ്റാഫ് നഴ്സുമാരെ നിലവിലുള്ള എൻഎച്ച്എം നിയമന പട്ടികയിൽനിന്നു കണ്ടെത്തും. ഐസിയു പരിശീലനം നൽകി ആദ്യഘട്ടത്തിൽ നിയോഗിക്കുന്നതിനു തയാറാക്കി നിർത്തും. 40 ശുചീകരണ തൊഴിലാളികൾക്കും പരിശീലനം നൽകും.

∙ 50 കിടക്കകളിൽ കൂടുതലുള്ള എല്ലാ സ്വകാര്യ ആശുപത്രികളിലെയും 30 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റും. 

∙ വയനാട് മെഡിക്കൽ കോളജിലെ കോവിഡ് ഇതര വിഭാഗങ്ങളുടെ പ്രവർത്തനം കോവിഡ് രോഗികളെ പരിചരിക്കുന്നതിനായി ആവശ്യാനുസരണം ക്രമീകരിക്കണം

∙ കോവിഡ് ആശുപത്രികളിൽ അടിയന്തര സാഹചര്യങ്ങളിൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താനായി ബയോ മെഡിക്കൽ എൻജിനീയർമാരുടെയും ഓക്സിജൻ ഓപ്പറേറ്റർമാരുടെയും സേവനം ലഭ്യമാക്കും 

∙ കോവിഡ് കൺട്രോൾ റൂമിലേക്ക് ആവശ്യമായ നഴ്സുമാരെ നിയമിക്കും

ഇന്ന് 44 കേന്ദ്രങ്ങളിൽ മെഗാ വാക്സിനേഷൻ

ജില്ലയിൽ 45 വയസ്സ് പൂർത്തിയായ എല്ലാവർക്കും വാക്സീൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിനേഷൻ സൗകര്യമൊരുക്കിയതായി അധികൃതര്‍. 

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ എന്നിവയ്ക്കു പുറമേ മാനന്തവാടി ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ, കമ്യൂണിറ്റി വാക്സിനേഷൻ സെന്റർ പുൽപള്ളി, സെന്റ് ജോസഫ്സ് മൊബൈൽ യൂണിറ്റ് മാനന്തവാടി, വിക്ടറി ഹോസ്പിറ്റൽ മൊബൈൽ യൂണിറ്റ് ബത്തേരി, എകെജി ഭവൻ പടിഞ്ഞാറത്തറ, എച്ച്ഐഎം യുപി സ്കൂൾ കൽപറ്റ, കിൻഫ്ര പാർക്ക് കൽപറ്റ, മെഗാ വാക്സിനേഷൻ ക്യാംപ് ബത്തേരി എന്നിവിടങ്ങളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്സിനേഷൻ സൗകര്യമൊരുക്കിയിട്ടുണ്ട്. 

ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയൽ കാർഡുമായി വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്സീൻ സ്വീകരിക്കാവുന്നതാണെന്ന് ഡിഎംഒ ഡോ. ആർ. രേണുക അറിയിച്ചു.

കോവിഡിന് പുറമേ ജില്ലയിൽ കുരങ്ങുപനിയും ഷിഗെല്ലയും 

കോവി‍ഡ് രോഗ ഭീതിക്കിടെ വയനാട്ടിൽ മറ്റു പകർച്ചവ്യാധികളും പിടിമുറുക്കുന്നു. നൂൽപുഴ പഞ്ചായത്തിൽ കഴിഞ്ഞ ദിവസവും ഷിഗെല്ല ബാധ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ തിരുനെല്ലിയിൽ കുരങ്ങുപനി ലക്ഷണങ്ങളോടെ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പപ്പാറ കരമാട് കോളനിയിലെ വിദ്യാർഥിയെയാണ് അപ്പപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്നു കുരങ്ങുപനി ലക്ഷണങ്ങൾ കണ്ടെത്തിയതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com