ADVERTISEMENT

കൽപറ്റ ∙ കോവിഡ് രണ്ടാം തരംഗം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ സംസ്ഥാനാന്തര അതിർത്തികളിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. വയനാട് വഴി കേരളത്തിലേക്കു പ്രവേശിക്കുന്ന സംസ്ഥാനാന്തര യാത്രക്കാർ (ചരക്കുവാഹനങ്ങൾ, ടാക്സികൾ, സംസ്ഥാനാന്തര ബസുകളിലെ ജീവനക്കാർ ഒഴികെ) കോവിഡ് ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യുകയും 48 മണിക്കൂറിനുള്ളിലുള്ള ആർടിപിസിആർ പരിശോധനാ ഫലം  ഹാജരാക്കുകയോ അതിർത്തിയിലെ ടെസ്റ്റിങ് സെന്ററിൽ ടെസ്റ്റിന് വിധേയരാകുകയോ വേണം. അല്ലാത്തപക്ഷം 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റീനിൽ പ്രവേശിക്കണം.

അതിർത്തിയിൽ ടെസ്റ്റിന് വിധേയരാകുന്നവർ ഫലം വരുന്നതു വരെയും നിർബന്ധമായും ഹോം ക്വാറന്റീനിൽ പ്രവേശിക്കണം. ഫലം പോസിറ്റീവ് ആയാൽ 14 ദിവസം വരെ ഹോം ക്വാറന്റീനിൽ തുടരണം. ഇക്കാലയളവിൽ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായും പാലിക്കണം. നെഗറ്റീവ് ആകുന്നവർക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ മാത്രം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുറത്തിറങ്ങാം. രോഗ ലക്ഷണങ്ങളുള്ളവർ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ അറിയിക്കേണ്ടതും നിർദേശങ്ങൾ പാലിക്കേണ്ടതുമാണ്. ചരക്കുവാഹനങ്ങൾ, ടാക്സികൾ, സംസ്ഥാനാന്തര ബസുകളിലെ ജീവനക്കാർ, 14 ദിവസത്തിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധനാ ഫലം നിർബന്ധമായും അതിർത്തിയിലെ പരിശോധനയ്ക്ക് ഹാജരാക്കണം.

ഫെസിലിറ്റേഷൻ സെന്ററുകൾ തുറക്കും

സംസ്ഥാനാന്തര യാത്രക്കാർക്ക് സേവനം ഉറപ്പാക്കാൻ മുത്തങ്ങ, ബാവലി, തോൽപ്പെട്ടി (കുട്ട) ചെക്പോസ്റ്റുകളോട് ചേർന്ന് ബോർഡർ ഫെസിലിറ്റേഷൻ സെന്ററുകൾ തുറക്കുമെന്ന് കലക്ടർ ഡോ. അദീല അബ്ദുല്ല അറിയിച്ചു. ഇവിടങ്ങളിൽ ആർടിപിസിആർ പരിശോധന നടത്തുന്നതിനാവശ്യമായ ടെസ്റ്റിങ് കിയോസ്കുകൾ സ്ഥാപിക്കും. സേവനങ്ങൾ നൽകുന്നതിനായി ആവശ്യമായ ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവ‌ർക്ക് പുറമേ മറ്റ് വകുപ്പുകളിലെ ജീവനക്കാരെയും ഫെസിലിറ്റേഷൻ സെന്ററുകളിൽ നിയമിക്കും.

ഒരേ സമയം 5 പേർ ഇത്തരത്തിൽ ഓരോ കേന്ദ്രങ്ങളിലും ഉണ്ടാകും. മറ്റ് അതിർത്തി ചെക്പോസ്റ്റുകളിലേക്ക് ഒരേ സമയം 3 പേരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് കൺട്രോൾ റൂമുകളിലേക്ക് 3 പേരെ വീതവും നിയോഗിക്കും. അതിർത്തി പരിശോധന കേന്ദ്രങ്ങളുടെ സുഗമമായ നടത്തിപ്പിനായി സബ് കലക്ടർ വികൽപ് ഭരദ്വാജിനെ നോഡൽ ഓഫിസറായി നിയമിച്ചു. ഓരോ കേന്ദ്രത്തിന്റെയും ചുമതല ഡപ്യൂട്ടി തഹസിൽദാർമാരിൽ കുറയാത്ത റാങ്കുള്ള ഉദ്യോഗസ്ഥർക്കായിരിക്കും.

തദ്ദേശ സ്ഥാപനങ്ങളിൽ കൺട്രോൾ റൂം

സംസ്ഥാനത്തിന് പുറത്തുനിന്നും വിദേശത്തു നിന്നും എത്തുന്നവർ സർക്കാർ നിഷ്‌കർഷിച്ചിട്ടുള്ള ക്വാറന്റീൻ ഉൾപ്പെടെയുള്ള കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് പരിശോധിക്കുന്നതിനും വാർഡ്തല ആർആർടിയുടെ പ്രവർത്തനം കാര്യക്ഷമമാണെന്ന് ഉറപ്പ് വരുത്തുന്നതിനും എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കോവിഡ് കൺട്രോൾ റൂമുകൾ ആരംഭിക്കും. കോവിഡ് കൺട്രോൾ റൂമുകളുടെ നോഡൽ ഓഫിസറായി ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ പി.സി. മജീദിനെ നിയമിച്ചു.

പൂക്കോട് വെറ്ററിനറി കോളജിൽ ആർടിപിസിആർ പരിശോധന

കൽപറ്റ ∙ ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡ് പരിശോധനകൾ വേഗത്തിലാക്കുന്നതിനായി പൂക്കോട് വെറ്ററിനറി കോളജിൽ ആർടിപിസിആർ പരിശോധന ആരംഭിച്ചു. ഇതോടെ ജില്ലയിൽ പ്രതിദിനം 2500 കോവിഡ് പരിശോധനകൾ നടത്താൻ സാധിക്കും. കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിലെ വെറ്ററിനറി മൈക്രോ ബയോളജി വകുപ്പിന്റെയും നാഷനൽ ഹെൽത്ത് മിഷന്റെയും സഹകരണത്തോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം അക്കാദമിക് ലാബിൽ പരിശോധന ആരംഭിച്ചത്. നിലവിൽ ബത്തേരി ജില്ലാ പബ്ലിക് ഹെൽത്ത് ലാബിലാണ് കോവിഡ് ആർടിപിസിആർ പരിശോധന നടത്തുന്നത്.

ഒരേസമയം 96 സാംപിളുകൾ പരിശോധിക്കാൻ സാധിക്കുന്ന 2 ആർടിപിസിആർ മെഷീനുകളും, 46 സാംപിളുകൾ പരിശോധിക്കാവുന്ന ഒരു മെഷീനുമാണ് ലാബിൽ സജ്ജീകരിച്ചിട്ടുള്ളത്. നോഡൽ ഓഫിസറായ വെറ്ററിനറി മൈക്രോ ബയോളജിസ്റ്റ് ഡോ. ചിന്റു രവിചന്ദ്രൻ, മെഡിക്കൽ മൈക്രോ ബയോളജിസ്റ്റ് ഡോ. ഷഫീഖ് ഹസൻ, 6 ലാബ് ടെക്നീഷ്യൻമാർ, 2 മൾട്ടിപർപ്പസ് സ്റ്റാഫ്, 2 ഡേറ്റാ എൻട്രി ഓപ്പറേറ്റർമാർ എന്നിവരുടെ സേവനവും ലാബിൽ ലഭ്യമാണ്. നാഷനൽ ഹെൽത്ത് മിഷന്റെ സഹകരണത്തോടെയാണ് ലാബിന് ആവശ്യമായ ജീവനക്കാരെയും സൗകര്യങ്ങളും ലഭ്യമാക്കിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com