ADVERTISEMENT

ബത്തേരി ∙ വിവിധ ബാങ്കുകളിൽ ജോലി വാഗ്ദാനം ചെയ്ത് ജില്ലയിലെ 4 കോൺഗ്രസ് നേതാക്കൾ 4.3 കോടി രൂപ കോഴ കൈപ്പറ്റിയതായി കെപിസിസിക്ക് കത്ത്. പേര് വയ്ക്കാതെ ജില്ലയിലെ ഒരു കോൺഗ്രസ് നേതാവാണ് കത്തയച്ചതെന്നാണ് അറിയുന്നത്.  പണം നൽകിയവർക്ക് ജോലി ലഭിച്ചില്ലെന്നു മാത്രമല്ല പണവും തിരികെ നൽകിയിട്ടില്ലെന്ന് കത്തിൽ പറയുന്നു.

ജില്ലയിലെ കോൺഗ്രസിന്റെ പ്രധാന നേതാവ് 1.73 കോടി, ഡിസിസി മുൻ പ്രസിഡന്റ് 1.32 കോടി, ഒരു പഞ്ചായത്ത് പ്രസിഡന്റ് 20 ലക്ഷം, ഒരു പഞ്ചായത്ത് മുൻപ്രസിഡന്റ് 1.25 കോടി എന്നിങ്ങനെ കൈപ്പറ്റിയെന്നാണ് അവരുടെ പേരുകൾ സഹിതം കത്തിൽ സൂചിപ്പിച്ചിട്ടുള്ളത്. ബത്തേരി, പൂതാടി, പാടിച്ചിറ, മുള്ളൻകൊല്ലി, പുൽപള്ളി ബാങ്കുകളിലെ വിവിധ നിയമനങ്ങൾക്കായി കഴിഞ്ഞ 5 വർഷത്തിനിടെ തുക കൈപ്പറ്റിയെന്നാണ് കത്തിലെ ഉള്ളടക്കം.

ഇതൊന്നും പാർട്ടി ഫണ്ടായല്ല വാങ്ങിയതെന്നും അവരവർ സ്വന്തമായി എടുക്കുകയാണുണ്ടായതെന്നും കത്തിൽ പറയുന്നു. ഇതിനെല്ലാം സാക്ഷികളുണ്ടെന്നു കാണിച്ച് ഇരുപതോളം പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ പേരും കത്തിലുണ്ട്. സമഗ്രമായ അന്വേഷണം വേണമെന്നും അന്വേഷണ സംഘത്തിന് മുൻപിൽ ഇവർ തെളിവുകൾ നൽ‍കുമെന്നുമാണ് കത്തിൽ പറഞ്ഞിട്ടുള്ളത്. പണം നൽകിയ വിവിധ റാങ്ക് ഹോൾഡർ‍മാരുടെ വിവരങ്ങളും ചേർത്തിട്ടുണ്ട്. 

ബത്തേരി അർബൻ ബാങ്കിൽ പ്യൂൺ, വാച്ചർ തസ്തികകളിലേക്ക് 2 കോടിയിലധികം കോഴ കൈപ്പറ്റി ഭരണ സമിതി നിയമനം നടത്തിയെന്ന ആരോപണത്തിൽ പാർട്ടി അന്വേഷണം നടത്താനിരിക്കെയാണ്  കോഴ വിവരങ്ങൾ എഴുതിക്കൊണ്ടുള്ള കത്ത് കെപിസിസിക്ക് അയച്ചിട്ടുള്ളത്. 

എന്നാൽ, ബത്തേരി അർബൻ ബാങ്കിലെ നിയമന അഴിമതിക്കെതിരെ പാർട്ടി നടത്തുന്ന അന്വേഷണം അട്ടിമറിക്കാനുള്ള ഒരുവിഭാഗത്തിന്റെ ഗൂഢാലോചനയാണു കത്തിനു പിന്നിലെന്ന് മറുപക്ഷം വിശദീകരിക്കുന്നു. വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചു നേതാക്കന്മാരെ അപകീർത്തിപ്പെടുത്തി ബാങ്കിലെ അഴിമതി നിയമനങ്ങൾ തുടരാനുള്ള ശ്രമമാണു കെപിസിസിക്കു കത്തയച്ചവർക്കുള്ളതെന്നും വാദമുയരുന്നു. 

പാർട്ടിതല അന്വേഷണം തുടങ്ങി

ബത്തേരി ∙ കോൺഗ്രസ് ഭരിക്കുന്ന സഹകരണ അർബൻ ബാങ്കിൽ അടുത്തിടെ നടന്ന പ്യൂൺ, വാച്ചർ നിയമനങ്ങളിൽ 2 കോടിയിലധികം രൂപ കോഴ കൈപ്പറ്റിയതായി ആരോപണം. പാർട്ടിയെ ഗൗനിക്കാതെ ഭരണസമിതിയിലെ ചിലർ ചേർന്ന് അഴിമതി നടത്തിയെന്ന് നിരീക്ഷിച്ച പാർട്ടി വിഷയത്തിൽ അന്വേഷണം തുടങ്ങി. മൂന്നംഗ സമിതിയെ നിയോഗിച്ചാണ് അന്വേഷണം. കെപിസിസി അംഗം കെ.എൽ. പൗലോസ്. ഡിസിസി ജനറൽ സെക്രട്ടറി കെ.ഇ. വിനയൻ, ഡി പി. രാജശേഖരൻ എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങൾ.

ബത്തേരി നിയോജക  മണ്ഡലത്തിലെ കെപിസിസി, ഡിസിസി അംഗങ്ങളും മണ്ഡലം  പ്രസിഡന്റുമാരും യോഗം ചേർന്നാണ് അന്വേഷണസമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത് പ്യൂൺ തസ്തികയിലേക്കും വാച്ചർ തസ്തികയിലേക്കും നടത്തിയ മൂന്നു വീതം നിയമനങ്ങളിലാണ് കോഴ കൈപ്പറ്റിയതായി ആരോപണമുള്ളത്. പ്യൂൺ തസ്തികയ്ക്ക് 40- 45 ലക്ഷവും വാച്ചർ തസ്തികയ്ക്ക് 30-35 ലക്ഷവും കോഴ കൈപ്പറ്റിയെന്നാണ് ആരോപണം. 

കെപിസിസി പ്രസിഡന്റ് കെ. സുധാകരനും വിഷയത്തിൽ ഇടപെട്ടതായാണ് വിവരം. മുൻപും ബാങ്കിൽ നടന്ന നിയമനങ്ങളിൽ അഴിമതി ആരോപണം ഉയർന്നിട്ടുണ്ട്. ബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിന് ജില്ലയിൽ ഹെഡ് ഓഫിസും 13 ശാഖകളുമാണുള്ളത്. കാലങ്ങളായി കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ മറ്റു പാർട്ടികൾക്കൊന്നും ഭരണം കയ്യാളാൻ കഴിഞ്ഞിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com