ADVERTISEMENT

ബത്തേരി ∙ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി. കേരളത്ത‍ിൽ കോവിഡ് കണക്ക് വർധിച്ചതോടെയാണ് വിട്ടുവീഴ്ചകളൊന്നും പാടില്ലെന്ന നിർദേശം ഇരു സംസ്ഥാനങ്ങളുടെയും ചെക്പോസ്റ്റുകളിലേക്കെത്തിയത്. കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും കടക്കണമെങ്കിൽ രണ്ടിടത്തും ഇപ്പോൾ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുകയാണ്.

രണ്ടു സംസ്ഥാനങ്ങളോട് അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയായ വയനാടിനെയാണു നിയന്ത്രണങ്ങൾ ഏറെ ബാധിക്കുന്നത്. മുത്തങ്ങയ്ക്കപ്പുറമുള്ള മൂലഹൊളെയ്ക്കു പുറമെ ബാവലി, തോൽപെട്ടി, താളൂർ, പാട്ടവയൽ, നമ്പ്യാർകുന്ന്, ചോലാടി എന്നീ ചെക്പോസ്റ്റുകളിലെല്ലാം കേരളത്തിനു പുറത്തേക്കുള്ള യാത്ര ഉദ്യോഗസ്ഥർ കർശനമായി തടയുകയാണ്. കോവിഡ് പ്രതിരോധ വാക്സീൻ സ്വീകരിച്ചവർക്ക് അതിർത്തി കടന്ന് യാത്ര നടത്താമെന്നായിരുന്നു രണ്ടു ദിവസം മുൻപു വരെ കർണാടകയുടെ നിലപാട്.

എന്നാൽ ഇക്കഴിഞ്ഞ ഞായർ മുതലാണ് കർണാടക തീരുമാനം മാറ്റി ആർടിപിസിആർ നിർബന്ധമാക്കിയത്. അന്നു‍ മുതൽ പുതിയ തീരുമാനം നടപ്പാക്കിത്തുടങ്ങിയിരുന്നെങ്കിലും അതറിയാതെ ഇന്നലെയും ഒട്ടേറെ പേർ വാക്സിനേഷൻ സർട്ടിഫിക്കറ്റുമായി അതിർത്തി കടക്കാനെത്തി. എന്നാൽ ചെക്പോസ്റ്റ് അധികൃതർ അവരെയെല്ലാം തിരികെ വിട്ടു.

ആർടിപിസിആർ നെഗറ്റീവ് നിർബന്ധമില്ലെന്ന നിലപാടിലേക്ക് തമിഴ്നാട് നേരത്തെ പോയെങ്കിലും  നീലഗിരിയിൽ കലക്ടർ അതിന് ഇളവു നൽകിയിരുന്നില്ല. എന്നാൽ പിന്നീട് ചെറിയ ഇളവുകള്‍ നല്‍കിയിരുന്നു. എന്നാലിപ്പോൾ കേരളത്തിന്റെ കോവിഡ് കണക്കുകളുടെ അടിസ്ഥാനത്തിൽ നീലഗിരിയിലെ തീരുമാനം സംസ്ഥാനമൊട്ടാകെ നടപ്പാക്കിയിരിക്കുകയാണ്  തമിഴ്നാട്.

ഇതോടെ, തൊട്ടടുത്തു കിടക്കുന്ന ഇതര സംസ്ഥാന ടൗണുകളിലേക്ക് ഗ്രാമങ്ങളിലേക്കോ പോലും യാത്ര ചെയ്യാനാവാതെ കുടുങ്ങിയിരിക്കുകയാണ് പ്രതിരോധ വാക്സീന്‍ സ്വീകരിച്ചവരടക്കമുള്ളവര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com