ADVERTISEMENT

പനമരം∙ കളിചിരിയുമായി ഓടിനടന്ന രണ്ടര വയസ്സുകാരിയെ നിനച്ചിരിക്കാതെ കാണാതായതിന്റെ നടുക്കത്തിലാണു പുഴങ്കുനി ഗ്രാമം. മുട്ടിൽ പഞ്ചായത്തിലെ പുഴങ്കുനിയിലെ ബന്ധുവീട്ടിലെത്തിയ കുട്ടി പുഴയിൽ വീണെന്ന സംശയത്തെ തുടർന്ന് രാത്രി വൈകും വരെ പുഴയിലും പരിസരങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. കൽപറ്റ മാനിവയൽ തട്ടാരകത്തൊടി ഷിജു–ധന്യ ദമ്പതികളുടെ മകൾ ശിവപാർവണയെയാണ് ഇന്നലെ രാവിലെ പത്തരയോടെ കാണാതായത്.

വീട്ടുകാരും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെ കാണാതായ കുട്ടിയുടേതെന്നു കരുതുന്ന കാൽപാടുകൾ പുഴയോരത്തെ ചെളിയിൽ കണ്ടെത്തി. കുട്ടി പുഴയിലെ കയത്തിൽ അകപ്പെട്ടെന്ന സംശയത്തെ തുടർന്നു നാട്ടുകാരും കൽപറ്റ, ബത്തേരി അഗ്നിരക്ഷാസേനയും മീനങ്ങാടി പൊലീസും കൽപറ്റ തുർക്കി ജീവൻ രക്ഷാസമിതി, പനമരം സിഎച്ച് റെസ്ക്യൂ അടക്കമുള്ള വിവിധ സംഘങ്ങളും പുഴയിലും പുഴയുടെ ഇരുകരകളിലും 5 കിലോമീറ്ററിനപ്പുറമുള്ള കോലമ്പറ്റ ചെക്ക് ഡാം പരിസരം വരെയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലും കാരാപ്പുഴ ഡാം തുറന്നതിനാലും പുഴയിൽ ജലനിരപ്പും ഒഴുക്കും വർധിച്ചിരുന്നു. ഉച്ചയോടെ ഡാമിന്റെ ഷട്ടർ അടച്ച് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിച്ചെങ്കിലും കലക്കവെള്ളവും മഴയും തിരച്ചിലിനു തടസ്സമായി. കുട്ടിയെ കാണാതായെന്ന വാർത്ത പരന്നതോടെ മഴയെ അവഗണിച്ചും പ്രദേശത്തേക്കു നാട്ടുകാർ എത്തി. തിരച്ചിൽ ഇന്നു രാവിലെ പുനരാരംഭിക്കും.

Update: കുട്ടിയുടെ മൃതദേഹം കുട്ടിരായൻ പാലത്തിനുതാഴെ നിന്നും കണ്ടെടുത്തായി റിപ്പോർട്ട്.

ദുരൂഹമായ തിരോധാനം മുൻപും 

2 വർഷം മുൻപ് പനമരം പരിയാരം കാട്ടുനായ്ക്ക കോളനിയിലെ ബാബുവിന്റെ മകളായ ഒന്നര വയസ്സുകാരി ദേവികയെയും സമാനരീതിയിൽ കാണാതായിരുന്നു. ആഴ്ചകളോളം തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com