ADVERTISEMENT

അമ്പലവയൽ ∙ കണ്ടെത്തിയിട്ടു 125 വർഷങ്ങൾ പിന്നിടുമ്പോഴും ചരിത്രശേഷിപ്പുകളായി നിലകെ‍ാള്ളുന്ന എടയ്ക്കൽ ഗുഹയ്ക്കു പൈതൃക പദവി ഏറെ അകലെ. സമാനകളില്ലാത്ത അപൂർവ സാംസ്കാരിക രേഖകൾ ശിലയിൽ രേഖപ്പെടുത്തിയ ചരിത്രസ്മാരകത്തിനു പൈതൃക പദവി നേടിയെടുക്കാനുള്ള നടപടി നിലച്ചു. വർഷങ്ങൾക്കു മുൻപു പുരാവസ്തു വകുപ്പ് ചില ശ്രമങ്ങൾ നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. 

എടയ്ക്കൽ ഗുഹയിലെ എഴുത്തുകളും ചിത്രങ്ങളും.

1894ൽ ഗുഹയിലെ എഴുത്തുകളും ചിത്രങ്ങളും എഫ്. ഫോസെറ്റ് എന്ന ബ്രിട്ടീഷുകാരൻ പുറംലോകത്തിന്റെ വെളിച്ചത്തിലേക്കു കെ‍ാണ്ടുവന്നപ്പോൾ മുതൽ അവയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുണ്ട്. അവിടുന്നിങ്ങോട്ടു കാലങ്ങളായി എടയ്ക്കൽ ഗുഹയിലെ ചരിത്ര രേഖപ്പെടുത്തലുകൾക്കു പലവിധ സംരക്ഷണവും ഒരുക്കി. എങ്കിലും പൈതൃക പദവിയിലൂടെ ലഭിക്കുന്ന സംരക്ഷണ കവചം ഇന്നും എടയ്ക്കലിനെ തേടിയെത്തിയില്ല. വർഷങ്ങൾക്കു മുൻപു പൈതൃക പദവിക്കായി അപേക്ഷ സമർപ്പിച്ചു നടപടികൾ ആരംഭിച്ചിരുന്നെങ്കിലും പിന്നീട് അവയെല്ലാം നിലച്ചു.

1984 ൽ സംസ്ഥാന പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി  എടയ്ക്കൽ ഗുഹയെ പ്രഖ്യാപിച്ചപ്പോൾ മുതൽ അതിന്റെ അടിസ്ഥാനത്തിലുള്ള സംരക്ഷണമാണു നല്‍കുന്നത്. വർഷങ്ങൾക്കു മുൻപ് എടയ്ക്കൽ ഗുഹയുടെ ചുറ്റുമുള്ള നിശ്ചിത പ്രദേശത്തിനും കൂടുതൽ സംരക്ഷണം നൽകാൻ നിർദേശമുണ്ടായിരുന്നു. ചരിത്രരേഖകളിലെല്ലാം ബത്തേരി റോക്ക് എന്ന പേരിലാണ് എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തിമലയെ രേഖപ്പെടുത്തിയിരിക്കുന്നത്. 2 പാറകളുടെ ഇടയിൽ വീണ വലിയ കല്ലെന്ന നിലയിലാണ് എടയ്ക്കൽ ഗുഹയെന്ന പേരുണ്ടായത്.

ചരിത്രാതീത കാലത്തെ ഗോത്രസംസ്കാരമാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ആൾ രൂപങ്ങൾ, മൃഗങ്ങൾ, ചക്രവണ്ടികൾ, അക്ഷരങ്ങൾ, അക്കങ്ങൾ എന്നിവയെല്ലാമുണ്ട്. 30-ൽ പരം മനുഷ്യരൂപങ്ങളും 15 പരം മൃഗരൂപങ്ങളും രേഖപ്പെടുത്തലുകളായുണ്ട്.  

പൈതൃക പദവി നേടിയാൽ സംരക്ഷണം വർധിക്കും

യുനെസ്കോയുടെ പൈതൃക പദവി പട്ടികയിൽ ഇടംനേടിയാൽ എടയ്ക്കൽ ഗുഹയുടെ ചിത്രങ്ങൾക്കും എഴുത്തുകൾക്കും കൂടുതൽ സംരക്ഷണം ലഭിക്കും. ശക്തമായ മഴ, പായൽ എന്നിവ ഗുഹയിലെ എഴുത്തുകളെയും ചിത്രങ്ങളെയും ബാധിക്കുമെന്ന ആശങ്കയുണ്ട്.  പാറകളുടെ ഇടയിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നതും പാറ പെ‍ാടിയുന്നതടക്കമുള്ള  പ്രശ്നങ്ങളുമെല്ലാം ഭീഷണിയാണ്.

രേഖപ്പെടുത്തലുകളുള്ള പാറകൾക്കു കൂടുതൽ സംരക്ഷണവും വേണം.  മുൻവർഷങ്ങളിലെ ശക്തമായ മഴയിലടക്കം വല്ല മാറ്റമോ പ്രശ്നങ്ങളോ ഉണ്ടായിട്ടുണ്ടോയെന്നു പഠിക്കാനും എടയ്ക്കൽ ഗുഹയുടെ നിലവിലെ സ്ഥിതി മനസ്സിലാക്കാനും  കഴിഞ്ഞ വർഷം സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നെങ്കിലും ആ സംഘവും ഇതുവരെ പഠനം ആരംഭിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com