ADVERTISEMENT

പനമരം∙ വയലിൽ കാവലിരിക്കുന്നതിനിടെ യുവാവ് വെടിയേറ്റു മരിക്കുകയും ബന്ധുവിനു ഗുരുതര പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ദുരൂഹതയെന്നു നാട്ടുകാർ. കോട്ടത്തറ മെച്ചന താഴെ ചുണ്ടറങ്ങോട് കോളനിയിലെ ജയൻ (36) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന 3 പേരിൽ ഒരാളായ ശരുണിനു ഗുരുതരമായി പരുക്കേറ്റു. കോട്ടത്തറ പഞ്ചായത്തിലെ വണ്ടിയാമ്പറ്റ യുവശബ്ദം ഗ്രന്ഥശാലയ്ക്കും പാൽ സംഭരണകേന്ദ്രത്തിനും മുൻപിലെ പൂവച്ചുള്ളി വയലിലെ തോടിനു കുറുകെയുള്ള ചെറിയ കോൺക്രീറ്റ് പാലത്തിലിരിക്കവേയാണ് യുവാവിനു വെടിയേറ്റതെന്നു കൂടെയുണ്ടായിരുന്ന ചന്ദ്രപ്പൻ, കുഞ്ഞിരാമൻ എന്നിവർ പറയുന്നു.

എന്നാൽ പ്രദേശത്ത് ആരെയും കണ്ടില്ലെന്നും ഇവർ പറയുന്നു. കാട്ടുപന്നിക്കൂട്ടം ഇറങ്ങി നെൽക്കൃഷി നശിപ്പിക്കാതിരിക്കുന്നതിനായി കാവലിരിക്കുന്നതിനിടെ തിങ്കൾ രാത്രി 10.30 നാണ് സംഭവം. കൂടെയുണ്ടായിരുന്നവരാണ് വെടിയേറ്റു വീണ ഇവരെ കൽപറ്റ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. രാത്രി വെടിയൊച്ച കേട്ടെങ്കിലും ഒരാൾ വെടിയേറ്റ് മരിച്ച സംഭവം പ്രദേശവാസികൾ അറിയുന്നത് പുലർച്ചെയാണ്.

കാട്ടുപന്നി ശല്യം ഏറെയുള്ള ഇവിടെ ഇടയ്ക്ക് വെടി ശബ്ദം കേൾക്കാറുള്ളതിനാൽ തിങ്കളാഴ്ച കേട്ട വെടി ശബ്ദം കാര്യമാക്കിയില്ല. കാട്ടുപന്നി വേട്ടയ്ക്ക് ഇറങ്ങിയ മറ്റാരോ അനക്കം കണ്ട് ഇവരെ വെടിവച്ചതാകാം എന്നും, കാവലിനിടെ തോക്കിൽ തിര നിറയ്ക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർന്നതാകാമെന്നും ഉള്ള സംശയമാണ് നാട്ടുകാർക്കുള്ളത്.

നാലംഗ സംഘം സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തെങ്കിലും തോക്കോ മറ്റ് ആയുധങ്ങളോ  പരിശോധനയിൽ പൊലീസിന് കണ്ടെത്താനായില്ല. സംഘത്തിലുണ്ടായിരുന്നവരെയും നാട്ടുകാരെയും പൊലീസ് ചോദ്യം ചെയ്തു. സംഭവം സ്ഥലത്ത് ഇന്നലെ ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ഫൊറൻസിക് വിദഗ്ധർ അടക്കമുള്ളവർ എത്തി തെളിവെടുപ്പ് നടത്തി. സമീപത്തെ റോഡിൽ രക്തക്കറകളും വസ്ത്രവും കണ്ടെത്തിയിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com