ADVERTISEMENT

ബത്തേരി ∙ പ്ലസ് വണ്ണിന് ജില്ലയിൽ ഒടുവിൽ ഒഴിവു വന്ന 480 സീറ്റുകളിലേക്ക് നടന്ന സ്പോട് അഡ്മിഷനിൽ സ്കൂളുകളിൽ ചേരാനെത്തിയതു 5 വിദ്യാർഥികൾ മാത്രം. സയൻസിൽ നിന്ന് ഒരാൾ വിട്ടു പോയപ്പോൾ കൊമേഴ്സിൽ 2 പേരും ഹ്യുമാനിറ്റീസിൽ 3 പേരും മാത്രം പുതുതായി ചേരാനെത്തി. ഫലത്തിൽ 480 സീറ്റുകൾ ഒഴിവുണ്ടായിരുന്നതിടത്ത് ഇനിയും 476 സീറ്റുകൾ ബാക്കി. സയൻസിൽ 234 ഉം കൊമേഴ്സിൽ 137 ഉം ഹ്യുമാനിറ്റീസിൽ 105ഉം.മുപ്പതും നാൽപതും സീറ്റുകൾ വീതം ഒഴിവുള്ള ഒട്ടേറെ സ്കൂളുകൾ ഇനിയുമുണ്ട്. മാനന്തവാടി ഉപജില്ലയിലാണ് ഇവ അധികവും. 

ഇത്രയും സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോഴും സമീപ പ്രദേശങ്ങളിലെ ഇഷ്ട സ്കൂളുകളിൽ ഇഷ്ട വിഷയങ്ങൾ കിട്ടാതെ ഗോത്ര വിദ്യാർഥികളടക്കം ഇനിയും പുറത്തുണ്ടു താനും. ശാസ്ത്രീയ പഠനം നടത്തി സീറ്റുകൾ ആവശ്യമുള്ള സ്കൂളുകളിലേക്ക് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സ്കൂളുകളിൽ നിന്ന് മാറ്റുകയാണു വേണ്ടത്. കഴിഞ്ഞ 11ന് പകൽ 12 വരെയാണ് സ്പോട് അഡ്മിഷന് സമയം നൽകിയിരുന്നത്. ഇനിയുള്ള സീറ്റുകളിൽ സ്കൂൾ, ഗ്രൂപ്പ് മാറ്റങ്ങൾക്കാണ് അവസരം നൽകുക.

ഇനി സ്കൂൾ, ഗ്രൂപ്പ് മാറ്റങ്ങൾക്ക് അവസരം

ജില്ലയ്ക്കകത്തോ മറ്റു ജില്ലകളിലേക്കോ സ്കൂൾ മാറ്റത്തിനോ ഗ്രൂപ്പ് മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ കാൻഡിഡേറ്റ് ലോഗിനിലെ Apply For School/Combination Transfer എന്ന ലിങ്കിലൂടെ ഇന്നു വൈകിട്ട് 4 വരെ അപേക്ഷിക്കാം. നിലവിൽ പ്രവേശനം നേടിയിട്ടുള്ള സ്കൂളുകളിൽ തന്നെ മറ്റൊരു ഗ്രൂപ്പിലേക്കോ സ്കൂളിലെ അതേ ഗ്രൂപ്പിലേക്കോ മറ്റൊരു സ്കൂളിലെ മറ്റൊരു ഗ്രൂപ്പിലേക്കോ അപേക്ഷ നൽകാം. മാറ്റം ആവശ്യപ്പെടുന്ന സ്കൂളോ ഗ്രൂപ്പോ വിദ്യാർഥി ആദ്യം സമർപ്പിച്ച അപേക്ഷയിൽ ഓപ്ഷനായി ആവശ്യപ്പട്ടിരിക്കണമെന്നില്ല. ഒന്നിലധികം സ്കൂളുകളിലേക്കോ ഗ്രൂപ്പുകളിലേക്കോ മാറ്റത്തിന് ഓപ്ഷനുകൾ നൽകാം. 

മുൻഗണനാ ക്രമത്തിലാണ് ഓപ്ഷനുകൾ നൽകേണ്ടത്. മാറ്റം ലഭ്യമായാൽ പ്രവേശനം നേടാൻ താൽപര്യമുള്ള സ്കൂളുകളും ഗ്രൂപ്പുകളും മാത്രം ഓപ്ഷനായി നൽകണം. സ്കൂളിന്റെയും കോഴ്സിന്റെയും കോഡുകൾ മാറാതെ അപേക്ഷിക്കണം. മാറ്റം ലഭിച്ചാൽ നിർബന്ധമായും പുതിയ സ്കൂളിലേക്കു മാറണം.  നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ള സീറ്റ് ഒഴിവിന് പുറമേ സ്കൂൾ, ഗ്രൂപ്പ് മാറ്റങ്ങൾ കൊണ്ടുണ്ടാകുന്ന ഒഴിവുകളിലേക്കും തുടർന്നു പ്രവേശനം ലഭിക്കും.

നിലവിൽ ഒഴിവുകളില്ലെങ്കിലും മാറ്റം ആഗ്രഹിക്കുന്ന ഏതു സ്കൂളുകളിലേക്കും വിദ്യാർഥികൾക്ക് അപേക്ഷ നൽകാം. സ്കൂൾ, ഗ്രൂപ്പ് മാറ്റ അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 17 തുടങ്ങും.ഇതുവരെ ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വോട്ടയിലോ സ്പോർട്സ് ക്വോട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിൽ പോലും സ്കൂൾ, ഗ്രൂപ്പ് മാറ്റങ്ങൾക്ക് അപേക്ഷിക്കാം. 

അധികം സീറ്റ് സൃഷ്ടിച്ച് പ്രവേശനം നേടിയ ഭിന്നശേഷി വിദ്യാർഥികൾക്ക് മാറ്റത്തിന് അപേക്ഷിക്കാൻ സാധിക്കില്ല. ഒരു ജില്ലയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി മറ്റൊരു ജില്ലയിൽ പോയവർക്കു തിരികെ പഴയ ജില്ലയിലേക്ക് മാറ്റത്തിന് അപേക്ഷിക്കാൻ കഴിയില്ല.മാറ്റങ്ങൾക്ക് അവസരമുണ്ടെങ്കിലും നിലവിലുള്ള ഒഴിവുകളിൽ കൂടുതൽ സ്കൂളുകളിലേക്കും ആരും തന്നെ മാറ്റത്തിന് അപേക്ഷിക്കാൻ സാധ്യതയില്ല

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com