ADVERTISEMENT

കൽപറ്റ ∙ കേരള ചിക്കൻ പദ്ധതിയിൽ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായം കൃത്യസമയത്ത് ലഭിക്കാത്തതിനാൽ ബ്രഹ്മഗിരിയും കർഷകരും പ്രതിസന്ധി നേരിടുകയാണെന്ന് അധികൃതർ. പദ്ധതി പ്രഖ്യാപനത്തിന് ശേഷം സർക്കാരിൽ നിന്നുള്ള സാമ്പത്തിക സഹായം ബ്രഹ്മഗിരി ഉൾപ്പെടെയുള്ള നിർവഹണ ഏജൻസികൾക്കു ലഭ്യമായിട്ടില്ല. റീ ബിൽഡ് കേരള വഴി പ്രഖ്യാപിച്ച 63 കോടി രൂപയിൽ ബ്രഹ്മഗിരിക്ക് 22 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.

എന്നാൽ, പ്രവർത്തന മൂലധനമായി 10 ലക്ഷം രൂപ മാത്രമാണു സൊസൈറ്റിക്ക് ലഭിച്ചത്. ബ്രഹ്മഗിരി സ്വയം പണം കണ്ടെത്തിയാണു കർഷകർക്കൊപ്പം പദ്ധതി മുന്നോട്ട് കൊണ്ടുപോയത്. 2018 – 19 വർഷം വായ്പയുടെ പലിശ സബ്സിഡി ഇനത്തിൽ 6.38 ലക്ഷം ലഭിച്ചതൊഴിച്ചാൽ മറ്റ് സാമ്പത്തിക സഹായമൊന്നും സർക്കാരിൽ നിന്നു ലഭിച്ചിട്ടില്ല.

ബജറ്റ് പ്രഖ്യാപന പ്രകാരം കോഴിക്കുഞ്ഞുങ്ങൾക്കുള്ള സബ്സിഡിക്കും പലിശ സബ്സിഡിക്കും ഭരണാനുമതി ലഭിച്ചിട്ടില്ലെന്നതാണ് സർക്കാർ സഹായം വൈകാൻ കാരണം. ബജറ്റിൽ സർക്കാർ നിർദേശിച്ച പ്രകാരം വായ്പ പിന്തുണയിലൂടെയാണ് സ്വന്തമായി ബ്രീഡർ ഫാമും ഫീഡ് ഉൽപാദനവുമുള്ള ഏജൻസിയായി ബ്രഹ്മഗിരി മാറിയത്. കർഷക ഫെഡറേഷന്റെ നേതൃത്വത്തിൽ കോഴി വളർത്തൽ ഫാമുകൾ, ചെറുകിട ചിക്കൻ വ്യാപാരികളുടെ നേതൃത്വത്തിൽ കേരള ചിക്കൻ ഔട്ട്​ലറ്റുകൾ എന്നിവയും സ്ഥാപിച്ചു. 

കഴിഞ്ഞ 3 വർഷം മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്ന വളർത്തു കൂലിയുടെ ഇരട്ടി തുക കർഷകർക്ക് നൽകിയാണ് ബ്രഹ്മഗിരി പദ്ധതി ഏറ്റെടുത്തത്. ഈ ഇനത്തിൽ 4.94 കോടിയാണ് കർഷകർക്ക് ലഭിച്ചത്. പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ നടത്തിവരികയാണെന്നും സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com