വായ്പ കുടിശിക: കൃഷിയിടങ്ങൾ പിടിച്ചെടുക്കാൻ ബാങ്കുകൾ, റിക്കവറി വിഭാഗം പൊലീസ് അകമ്പടിയോടെയെത്തി...

SHARE

പുൽപള്ളി ∙ വായ്പ കുടിശിക വസൂലാക്കാൻ കാർഷിക വികസന ബാങ്ക് പാടിച്ചിറ വില്ലേജിൽ 3 കൃഷിയിടങ്ങളിൽ സർവേ നടത്തി. ബാങ്ക് റിക്കവറി വിഭാഗം പൊലീസ് അകമ്പടിയോടെയാണ് ചാമപ്പാറയിലും ശശിമലയിലും പാടിച്ചിറയിലും ജാമ്യവസ്തുക്കളില്‍ സര്‍വേ നടത്തിയത്. വര്‍ഷങ്ങള്‍ക്കു മുമ്പെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാനാവാതെ ഒട്ടേറെ കര്‍ഷകര്‍ ജപ്തി ഭീഷണി നേരിടുന്നു. കാര്‍ഷിക തകര്‍ച്ചയ്ക്കു പുറമേ കോവിഡ് പ്രതിസന്ധിയില്‍ ജനം നട്ടംതിരിയുമ്പോഴാണ് ജപ്തി ഭീഷണിയുമായി ധനകാര്യ സ്ഥാപനങ്ങളും രംഗത്തിറങ്ങിയത്.

സ്ഥലമുണ്ടെങ്കിലും നിത്യവൃത്തിക്ക് വകയില്ലാതെയും വരുമാനമില്ലാതെയും  വലയുകയാണ് കർഷകർ. കോവിഡ് തകര്‍ത്ത കൃഷിമേഖലയിലെ വായ്പകള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇതു നിലനില്‍ക്കുമ്പോഴാണ് ജപ്തിയും നടക്കുന്നത്. മൊറട്ടോറിയമെന്നത് വെറും തട്ടിപ്പാണെന്ന് കര്‍ഷകര്‍ പറയുന്നു. വായ്പ ഇളവ് നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കോവിഡിന്റെ പേരില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സര്‍വ മേഖലയിലും വിവിധ ആനുകൂല്യങ്ങള്‍ നല്‍കിയെങ്കിലും കൃഷിക്കാര്‍ക്ക് ഒന്നും ലഭിച്ചില്ല.

എന്നാല്‍ കുടിശിക പിരിച്ചെടുക്കാന്‍ സര്‍ക്കാരും നബാര്‍ഡും നിര്‍ബന്ധം ചെലുത്തുകയാണെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. കിട്ടാക്കടം വര്‍ധിച്ചതിനാല്‍ വായ്പ വിഹിതം ലഭിക്കുന്നില്ല. കുടിശിക പിരിക്കുക മാത്രമാണ് പോംവഴി. പനമരം ബാങ്ക് വിഭജിച്ച് 2011 ലാണ് ബത്തേരിയില്‍ കാര്‍ഷിക വികസന ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത്. 8 പഞ്ചായത്തുകളിൽ നിന്നായി 50 കോടിയിലേറെ രൂപ കുടിശിക ലഭിക്കാനുണ്ട്.  പുതിയ വായ്പാപേക്ഷകര്‍ക്ക് മാസങ്ങളായിട്ടും തുക നല്‍കാനില്ല. കുടിശിക പിരിച്ചെടുത്ത് നല്‍കാനാണ് നബാര്‍ഡ് നിര്‍ദ്ദേശം.

വായ്പ പരിധിയെല്ലാം കഴിഞ്ഞതിനാല്‍ തുടര്‍ നടപടിക്ക് ബാങ്ക് നിര്‍ബന്ധിതമാകുന്നു. ഡിജിറ്റല്‍ സര്‍വേ നടത്തിയ ഭൂമി ലേലത്തില്‍ വയ്ക്കാനാണ് നീക്കം. വരുംദിവസങ്ങളില്‍ നടപടികള്‍ ഊര്‍ജിതമാക്കുമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ കൃഷിക്കാരെ സഹായിക്കാന്‍ ബാധ്യതയുള്ള  സഹകരണ കാര്‍ഷിക വികസന ബാങ്ക് ഗതികെട്ടവരെ പിടിച്ചുപറിക്കുന്ന സമീപനമാണ് നടത്തുന്നതെന്നു കര്‍ഷക സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.

ഭൂമി വില്‍ക്കാന്‍ തയാറായി പലരും രംഗത്തുണ്ടെങ്കിലും വാങ്ങാനാളില്ല. നാട്ടിലെ സാമ്പത്തിക പ്രതിസന്ധിയാണിതിനു കാരണം. നാണ്യ വിളകള്‍ പൂര്‍ണമായി നശിച്ചു. ‌ ഇടവിളകള്‍ക്ക് ഒരു വിലയുമില്ല. വായ്പ ഇളവുകള്‍ നല്‍കി പിടിച്ചു നില്‍പിനുള്ള സഹായം നല്‍കേണ്ടവര്‍ തന്നെ കര്‍ഷകരെ കുടിയിറക്കാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധവുമുയര്‍ന്നിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN wayanad
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA