56ൽ നിന്ന് 73ലേക്ക് 2 കിലോമീറ്റര്‍ മാത്രം, ഉജാല കുടിച്ചയാളുടെ ഓര്‍മയ്ക്ക് ഉജാലക്കവല; മീശക്കാരന്‍ താമസിച്ചിരുന്ന സ്ഥലമോ?...

മിന്നൽ മുരളി സിനിമ ചിത്രീകരിച്ച കുറുക്കൻമൂല.
SHARE

മിന്നല്‍ മുരളിയെന്ന സിനിമയിലൂടെ കുറുക്കന്‍മൂലയെന്ന വയനാടന്‍ ഗ്രാമം പ്രസിദ്ധമായി. സിനിമയിലായതിനാല്‍ സാങ്കല്‍പിക പേരെന്നു കരുതിയവര്‍ക്കു തെറ്റി. ഇതുപോലെ വിചിത്രമായ പേരുള്ള ഒട്ടേറെ സ്ഥലങ്ങള്‍ ജില്ലയിലുണ്ട്. പുണ്യാളൻ കുന്ന്, ചെകുത്താൻകുണ്ട്, പറുദീസക്കവല... അങ്ങനെ പോകുന്നു രസകരമായ പേരുകൾ

56ൽ നിന്ന് 73ലേക്ക് എത്രദൂരം?  കഷ്ടിച്ച് 2 കിലോമീറ്റര്‍. അവിടുന്ന് താഴെയങ്ങാടിയായി മാറിയ 117ലേക്ക് ഏതാണ്ട് 7 കിലോമീറ്റര്‍. പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ വിചിത്രമായ സ്ഥല നാമങ്ങളാണിവ. ചിലതു ചരിത്രപരമായി കടന്നുവന്നതും ബാക്കിയുള്ളവ ഓരോ സാഹചര്യത്തിലുണ്ടായതും. പാക്കാ രാജാവിന്റെ തിരുമുഖം ദര്‍ശിച്ച സ്ഥലം പാക്കം തിരുമുഖമായി മാറി. ചേകാടി റൂട്ടിലെ വനഗ്രാമങ്ങളാണ് കുണ്ടുവാടിയും പൊളന്നയും. പുല്‍പള്ളിയില്‍ തന്നെ മാരപ്പന്‍ മൂലയായി മാറിയ പോക്കിരിമുക്കും കൊലമുക്കും കതവക്കുന്നുമെല്ലാമുണ്ട്.

ഭൂദാന പ്രസ്ഥാനത്തിനു ഭൂമി നല്‍കിയ സ്ഥലം ഭൂദാനമായി. തൊട്ടടുത്ത് ഇറുമുക്കി, വേടന്‍കോട്ടുകുന്ന്, കുറിച്ചിപ്പറ്റ ഗ്രാമങ്ങളുമുണ്ട്. പാതയോരത്തെ ഷെ‍ഡ്ഡുകളില്‍ രണ്ടെണ്ണം ഇപ്പോഴുമുണ്ട്. ബത്തേരി റൂട്ടിലെ ചീയമ്പം ഷെഡ്ഡും നടവയല്‍ റൂട്ടിലെ ഭൂദാനം ഷെ ഡ്ഡും. പുല്‍പള്ളി ടൗണ്‍ പരിസരത്താണ് ചൈന്തയും കാളമൂഴിയും ഭോഗതയും. കര്‍ണാടക വനത്തിലൂടെ കാളവണ്ടി കടന്നെത്തിയ സ്ഥലമാണ് പിന്നീട് വണ്ടിക്കടവായത്. ക്ഷാമകാലത്ത് അരിയും ധാന്യങ്ങളും വയനാട്ടിൽ എത്തിക്കാൻ ഉപയോഗിച്ച പാതകളിലൊന്നായിരുന്നു ഇത്.

ഇവിടെയടുത്താണ് മാവിലാംതോട്. പഴശിരാജാവ് വീരമൃത്യു വരിച്ച സ്ഥലം.മുള്ളന്‍കൊല്ലിയിലുമുണ്ട് ഇത്തരം സ്ഥലങ്ങള്‍. പഞ്ചായത്തിലെ ചേലൂരിലാണ് പുണ്യാളന്‍ കുന്ന്. 2 കിലോമീറ്റര്‍ മാറിയാല്‍ ചെകുത്താന്‍കുണ്ട്. സീതാമൗണ്ടിലാണ് പറുദീസക്കവലയും ഐശ്വര്യക്കവലയും. മദ്യലഹരിയില്‍ ഉജാല ലായനി കുടിച്ചയാളുടെ ഓര്‍മയ്ക്ക് കബനിഗിരിയില്‍ ഉജാലക്കവലയുമുണ്ട്.

പെരിക്കല്ലൂരിന് അടുത്ത് ഇട്ടീസ് നഗറും അമ്മാവന്‍മുക്കുമുണ്ട്. കബനിയിലൂടെ മരങ്ങള്‍ കടത്തിയ സ്ഥലം മരക്കടവായി. തൊട്ടടുത്ത് പഞ്ഞിമുക്ക്. പെരിക്കല്ലൂര്‍ ഭാഗത്ത് മൂന്നുപാലവും കുടിയാന്‍മലയുമുണ്ട്. വെള്ളരിക്കാപ്പട്ടണമാണ് പിന്നീട് പാറക്കടവായത്. മീശക്കാരന്‍ താമസിച്ചിരുന്ന സ്ഥലം പിന്നീട് മീശക്കവലയെന്ന ബസ് സ്റ്റോപ്പായി. ഇരുളത്തിന് അടുത്താണ് നായരുകവല. ഭൂതമാടിയ സ്ഥലം പിന്നീട് പൂതാടിയായെന്നും പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN wayanad
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA