ADVERTISEMENT

പടിഞ്ഞാറത്തറ∙ അര നൂറ്റാണ്ടിലധികമായി മുടങ്ങാതെ ഡയറി എഴുതുന്ന കുപ്പാടിത്തറ തേറുമ്മൽ യശോദ അക്കമ്മ(84) കയ്യെഴുത്തു ദിനത്തിലെ താരമാകുന്നു. വടിവൊത്ത അക്ഷരത്തിൽ ഓരോ ദിവസത്തെയും വിശേഷങ്ങൾ ഇവർ ഡയറിയിൽ കുറിച്ചിടും. തുണ്ടു കടലാസ്സുകളും  കുട്ടികൾ ഒഴിവാക്കിയ നോട്ട്ബുക്കുകളും ആയിരുന്നു ആദ്യകാലത്ത് ഡയറിയായി ഉപയോഗിച്ചത്. മുത്തശ്ശിയുടെ എഴുത്തിനോടുള്ള താൽപര്യം അറിഞ്ഞ് പലരും സമ്മാനമായി നൽകിയ ഡയറികളിൽ ആയി പിന്നീടുള്ള എഴുത്ത്. 

നോക്കെത്താ ദൂരത്ത് കൃഷിയിടങ്ങളും കൃഷിപ്പണിക്കായി എത്തുന്ന ഒട്ടേറെ ജോലിക്കാരുമെല്ലാം ഉള്ള തറവാട്ടിലേക്ക് എൻ.ടി. കേശവൻ നായരുടെ ഭാര്യയായി എത്തിയ യശോദ അക്കമ്മയ്ക്ക് തിരക്കൊഴിഞ്ഞ നേരം ഉണ്ടായിരുന്നില്ല. ഒരോ ദിവസത്തെയും  വിശേഷങ്ങൾ ഓർത്തു വയ്ക്കാൻ ഇവർ കണ്ടെത്തിയ വഴിയായിരുന്നു ഡയറി എഴുത്ത്. 8 മക്കളിൽ 4 പേർക്ക് ഗുരുതര രോഗവും അതിൽ 3 പേരുടെയും മരണവും അടക്കം സംഭവബഹുലമായ ജീവിതമായിരുന്നു ഇവരുടേത്. സമൃദ്ധിയിൽ നിന്ന് ദുരിതത്തിലേക്കുള്ള യാത്രയും.

വർഷങ്ങൾക്കു മുൻപ് ഭർത്താവ് മരിച്ചതോടെ രോഗികളായ മക്കളുടെ പരിചരണം പൂർണമായും ഇവരുടെ ചുമതലയായി.  പ്രതിസന്ധികൾക്കിടയിലും ഡയറി എഴുത്ത് മുടക്കിയിരുന്നില്ല. തിരക്കുകളൊഴിഞ്ഞ് എന്നും രാത്രി നിശ്ചിത സമയം എഴുത്തിനു വേണ്ടി മാറ്റിവച്ചു. പ്രസവത്തിനു പോകുമ്പോൾ പോലും ആരും കാണാതെ ഡയറി കൂടെ കൊണ്ടു പോയതായും ഇവർ ഓർക്കുന്നു.  അന്നന്നത്തെ സംഭവങ്ങൾക്കു പുറമേ പഴയ പാട്ടുകളും ഡയറിയിൽ കുറിച്ചിട്ടിട്ടുണ്ട്. വീടുകളിൽ വന്നിരുന്ന ഗുരുക്കൻമാരാണ് മികച്ച രീതിയിൽ എഴുതാൻ പഠിപ്പിച്ചതെന്ന് ഇവർ ഓർക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com