നെയ്ക്കുപ്പയിൽ കൃഷി തകർത്ത് കാട്ടാനയുടെ പരാക്രമം

1,നെയ്ക്കുപ്പയിൽ കാട്ടാന തകർത്ത തെങ്ങ്  2, കാട്ടാന നശിപ്പിച്ച കപ്പക്കൃഷി
1,നെയ്ക്കുപ്പയിൽ കാട്ടാന തകർത്ത തെങ്ങ് 2, കാട്ടാന നശിപ്പിച്ച കപ്പക്കൃഷി
SHARE

നടവയൽ∙ പൂതാടി പഞ്ചായത്തിലെ മേലെ നെയ്ക്കുപ്പ പ്രദേശത്ത് കൃഷി തകർത്ത് കാട്ടാനയുടെ പരാക്രമം. ചെറിയ ഇടവേളയ്ക്കു ശേഷമാണ് പ്രദേശത്ത് വീണ്ടും കാട്ടാനയുടെ ശല്യം വർധിച്ചത്. 3 ദിവസമായി തുടർച്ചയായി പാതിരി സൗത്ത് സെക്‌ഷൻ വനത്തിൽ നിന്നിറങ്ങുന്ന കാട്ടാന പുത്തൻപുര രാജൻ, നെയ്ക്കുപ്പ ബാലകൃഷ്ണൻ, തങ്കൻ, ചന്ദ്രൻ എന്നിവരുൾപ്പെടെയുള്ള ഒട്ടേറെ കർഷകരുടെ തെങ്ങ്, കമുക്, കാപ്പി, വാഴ, കപ്പ അടക്കമുള്ള വിളകൾ തകർത്തു. കർഷകർ കൃഷിയിടത്തിനു ചുറ്റും വലിച്ച വൈദ്യുത വേലിയും തകർത്താണ് വ്യാപകമായി കൃഷി നശിപ്പിച്ചത്.

ഇന്നലെ പുലർച്ചെ ഇറങ്ങിയ കാട്ടാന പുത്തൻപുരയിൽ രാജൻ വയലിൽ നട്ട അര ഏക്കറോളം കപ്പയാണ് തിന്നുതീർത്തത്. വൈകിട്ട് 7 മണിയോടെ വനം വകുപ്പ് സ്ഥാപിച്ച വൈദ്യുത വേലിയും കിടങ്ങുകളും തകർത്ത് ഇറങ്ങുന്ന കാട്ടാനക്കൂട്ടം നാട്ടുകാർ പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും ബഹളം വച്ചാലും പിന്തിരിയാൻ കൂട്ടാക്കുന്നില്ല. കർഷകരെ ആന തിരിച്ചു ഓടിക്കുന്ന അവസ്ഥയാണ്.

കഴിഞ്ഞവർഷം വനാതിർത്തിയിൽ വിറക് ശേഖരിക്കുന്നതിനിടെ വെള്ളിലാട്ട് ഗംഗാദേവിയെ കുത്തി കൊലപ്പെടുത്തിയ കാട്ടാനയാണു സ്ഥിരമായി കൃഷിയിടത്തിലിറങ്ങി നാശനഷ്ടം വരുത്തുന്നതെന്നു കർഷകർ പറയുന്നു. ഈ കാട്ടാനയെ പ്രദേശത്തു നിന്നു തുരത്തണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ തവണ വനം വകുപ്പിനെ സമീപിച്ചെങ്കിലും നടപടിയില്ലെന്നാണ് കർഷകരുടെ ആക്ഷേപം. നേരം പുലർന്നാലും വനത്തിലേക്ക് മടങ്ങാൻ കൂട്ടാക്കാത്ത വന്യമൃഗങ്ങൾ ക്ഷീര കർഷകർക്കും പത്രവിതരണക്കാർക്കും ഭീഷണിയാകുന്നുണ്ട്.

രൂക്ഷമായ വന്യമൃഗശല്യത്തെ തുടർന്ന് വനംവകുപ്പ് മന്ത്രിക്കു നിവേദനം നൽകിയെങ്കിലും വന്യമൃഗശല്യത്തിനു പരിഹാരം കാണാൻ തയാറായിട്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. നാൾക്കുനാൾ കാട്ടാന ശല്യം വർധിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാൻ തയാറാകാത്ത വനം വകുപ്പിന്റെ നടപടിയിൽ നാട്ടുകാർ രോഷാകുലരാണ്. പ്രദേശത്തെ മുഴുവൻ ജനങ്ങളെയും സംഘടിപ്പിച്ച് ശക്തമായ സമരവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN wayanad
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA