പുകപരിശോധന സർട്ടിഫിക്കറ്റിന് നെട്ടോട്ടമോടി വാഹന ഉടമകൾ

SHARE

പനമരം∙  ബിഎസ് 6 വാഹനങ്ങളുടെ പുകപരിശോധനയ്ക്ക് ജില്ലയിൽ വേണ്ടത്ര  കേന്ദ്രങ്ങളില്ലാത്തത് വാഹന ഉടമകളെ ദുരിതത്തിലാക്കുന്നു. 2020 ഏപ്രിൽ ഒന്നുമുതലുള്ള ബിഎസ് 6 പെട്രോൾ വാഹനങ്ങളിലെ പുക പരിശോധിക്കാൻ ലാംബ്ഡ എടുക്കണം എന്നാണ് നിയമം. ഇതിനുള്ള പരിശോധന കേന്ദ്രം ഇല്ലാത്തതിനാൽ പൊലീസ് പരിശോധനയിൽ പുക സർട്ടിഫിക്കറ്റില്ലാത്തതിന്റെ പേരിൽ 2,000 രൂപ പിഴയടയ്ക്കണം.

ബിഎസ് 6 പെട്രോൾ വാഹനങ്ങൾക്ക് ലാംബ്ഡ വാതക പരിശോധനകൂടി നടത്തിയാലേ പരിവാഹൻ സൈറ്റിൽനിന്ന് സർട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ. കൽപറ്റയിൽ ഇതിനുള്ള സംവിധാനം ഉടൻ തുടങ്ങുമെന്ന് പറയുന്നുണ്ടെങ്കിലും യാഥാർഥ്യമായിട്ടില്ലെന്ന് വാഹന ഉടമകൾ പറയുന്നു. സംസ്ഥാനത്ത് തന്നെ രണ്ടായിരത്തോളം വാഹന പുകപരിശോധന കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഭൂരിഭാഗത്തിനും ബിഎസ് 6 വാഹനങ്ങളുടെ പുക പരിശോധിക്കാനുള്ള സംവിധാനം (സെൻസർ) ഇല്ല.

നിലവിലുള്ള പല പുകപരിശോധന കേന്ദ്രത്തിലും ലാംബ്ഡ പരിശോധനയ്ക്കുള്ള സെൻസറില്ലാത്തതിനാൽ പുക പരിശോധിച്ചാൽ പരാജയം എന്നാണ് കാണിക്കുക. പരിവാഹൻ സോഫ്റ്റ്‌വെയറും പുകപരിശോധന കേന്ദ്രങ്ങളും തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ളതിനാൽ സർട്ടിഫിക്കറ്റ് ഓൺലൈനായാണ് കിട്ടേണ്ടത്. ലാംബ്ഡ പരിശോധനയ്ക്കുള്ള സെൻസറിനു 35,000 മുതൽ 75,000 രൂപവരെ വിലയുണ്ട്.

ചില സ്ഥാപനങ്ങൾ ഇത് സ്ഥാപിക്കാൻ തയാറായിട്ടുണ്ടെങ്കിലും പ്രവർത്തിപ്പിക്കുന്നതിനെക്കുറിച്ച് അറിയാത്തതും വിനയാകുന്നു. എത്രയും പെട്ടെന്ന് ബിഎസ് 6 വാഹനങ്ങളുടെ പുക പരിശോധിക്കാനുള്ള കേന്ദ്രങ്ങൾ എല്ലായിടത്തും തുടങ്ങണമെന്നും അതുവരെ ഇത്തരം വാഹനങ്ങളെ പുക പരിശോധനയിൽ നിന്നും ഒഴിവാക്കണമെന്നുമാണ് വാഹന ഉടമകളുടെ ആവശ്യം.

ഇന്ധനം കത്തുമ്പോഴുള്ള ഓക്സിജന്റെ അനുപാതം അളക്കുന്നതിനെയാണ് ലാംബ്ഡ എന്നു പറയുന്നത്. ഇത് അളക്കാനുള്ള പ്രത്യേക ഉപകരണമുണ്ടെങ്കിലെ ഇത്തരം വാഹനങ്ങളുടെ സർട്ടിഫിക്കറ്റ് കിട്ടൂ. ഇരുചക്രവാഹനങ്ങൾക്കും ലാംബ്ഡ പരിശോധന നടത്തണം. ബിഎസ് 4, ബിഎസ് 6 വാഹനങ്ങളുടെ പുകപരിശോധന സർട്ടിഫിക്കറ്റിന് ഒരു വർഷമാണ് കാലപരിധി. ബിഎസ് 3 വാഹനങ്ങളുടെതിന് 6 മാസവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA